Featured Good News

മാപ്പുകള്‍, അവസാന ലൊക്കേഷനുകള്‍, 500 എൻജീനീയർമാർ: രക്ഷാദൗത്യത്തിന് തണലായി വാട്സ്ആപ്പ് കൂട്ടായ്മ

നേപ്പാളിലെ ത്രിശൂലി താഴ്‌വരയിലുണ്ടായ വിനാശകരമായ പ്രളയത്തിൽ മണ്ണും പാറകളും ഇടിഞ്ഞുവീണ് മൂടിയ തുരങ്കങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സംഘങ്ങൾക്ക് വലിയ ആശ്വാസമാകുകയാണ് 500-ലധികം എഞ്ചിനീയർമാരും മുൻ ജീവനക്കാരും സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്.

ദുരന്തത്തിന് തൊട്ടുമുമ്പ് എഞ്ചിനീയർമാർ ചേര്‍ന്ന് രൂപീകരിച്ച ഈ ഗ്രൂപ്പിലൂടെ തുരങ്കങ്ങളുടെ ഭൂപടങ്ങൾ, പ്രൊജക്റ്റ് പ്ലാനുകൾ, കാണാതായ തൊഴിലാളികളുടെ അവസാനത്തെ ലൊക്കേഷൻ വിവരങ്ങൾ എന്നിവ തത്സമയം രക്ഷാപ്രവർത്തകർക്ക് ലഭ്യമാക്കുന്നുണ്ട്. ഓഗസ്റ്റ് 26-ന് ചൈനീസ് അതിർത്തിക്കടുത്തുള്ള ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 1,287-ലധികം ആളുകൾ മരിക്കുകയും അയ്യായിരത്തോളം പേരെ കാണാതാവുകയും ചെയ്തിരുന്നു.

ചിലിമെ ജലവൈദ്യുത നിലയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഈ ഗ്രൂപ്പിൽ സഹായം അഭ്യർത്ഥിച്ച് മിനിറ്റുകൾക്കകം, നിലയത്തിന്റെ പ്ലാനും തുരങ്കങ്ങളുടെ വിശദാംശങ്ങളും ഗ്രൂപ്പ് അംഗങ്ങൾ പങ്കുവെച്ചു. വെള്ളപ്പൊക്കത്തിൽ ഭൂപ്രകൃതിയും തുരങ്കങ്ങളുടെ ഘടനയും പൂർണ്ണമായി മാറിയ സാഹചര്യത്തിൽ ഇത്തരം വിവരങ്ങൾ രക്ഷാപ്രവർത്തകർക്ക് ഏറെ സഹായകരമാകുന്നുണ്ട്.

ചിലിമെ, രസൂവഗഡി തുടങ്ങിയ ജലവൈദ്യുത നിലയങ്ങളിലായി നിരവധി തൊഴിലാളികൾ ഇനിയും തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അതിനിടെ, അപ്പർ ത്രിശൂലി 3A പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് ഒമ്പത് ദിവസത്തിന് ശേഷം രണ്ട് തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്താൻ സാധിച്ചത് രക്ഷാപ്രവർത്തകർക്ക് വലിയ പ്രതീക്ഷ നൽകിയിട്ടുണ്ട്. ദുരന്തസമയത്ത് മറ്റുള്ളവരെ രക്ഷിക്കാൻ കൺട്രോൾ റൂമിൽ തുടർന്ന സഞ്ജയ് സാഹ്, കബീർ മഹാർജൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി തുരങ്കങ്ങളിലേക്ക് ഓക്സിജൻ കടത്തിവിട്ടും മണ്ണ് നീക്കിയും തിരച്ചിൽ തുടരുകയാണ്. “ജീവാശ്വാസം ഉള്ളിടത്തോളം പ്രതീക്ഷയുണ്ട്” എന്ന് നേപ്പാൾ ഊർജ്ജ മന്ത്രി ബിരാജ് ഭക്ത ശ്രേഷ്ഠ പ്രതികരിച്ചു.