മഹാരാഷ്ട്രയിലെ പാൽഘറിലെ ഒരു ജനവാസ മേഖലയിൽ അർദ്ധരാത്രിയിൽ പുള്ളിപ്പുലിയും തെരുവ് നായകളും തമ്മിലുണ്ടായ ഭീതിജനകമായ നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടുകയാണ്. കൂട്ടത്തിൽ നിന്ന് ഒരു ചെറിയ നായക്കുട്ടിയെ പുലി പിടികൂടിയെങ്കിലും, അത്ഭുതകരമെന്നു പറയട്ടെ, അല്പസമയത്തിനുശേഷം അതിനെ ഉപദ്രവിക്കാതെ തുറന്നുവിടുകയായിരുന്നു.
പ്രദേശത്ത് കുറച്ചുദിവസങ്ങളായി പുള്ളിപ്പുലിയുടെ സാന്നിധ്യം ഉള്ളതായും വളർത്തുമൃഗങ്ങളെ അത് ആക്രമിക്കുന്നതായും നാട്ടുകാർ ആരോപിച്ചിരുന്നു. പ്രാദേശിക ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് ഈ അപൂർവ്വ ദൃശ്യങ്ങൾ പതിഞ്ഞത്. രാത്രിയുടെ മറവിൽ വളരെ നിശബ്ദമായി എത്തിയാണ് പുലി നായ്ക്കളുടെ കൂട്ടത്തെ ആക്രമിക്കാൻ ശ്രമിച്ചത്. പുലിയെ കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന വലിയ നായകൾ ഓടി രക്ഷപ്പെട്ടെങ്കിലും, ഒപ്പമുണ്ടായിരുന്ന രണ്ട് ചെറിയ നായക്കുട്ടികൾ അവിടെ ഒറ്റപ്പെട്ടുപോയി.
തുടർന്ന് പുലി നായക്കുട്ടികളുടെ പിറകെ ഓടുകയും അതിലൊന്നിനെ തൻ്റെ വായിൽ പിടികൂടുകയും ചെയ്തു. ഭയപ്പെടുത്തുന്ന ഒരു ആക്രമണത്തിനാണ് അടുത്തതായി സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, നിമിഷങ്ങൾക്കുള്ളിൽ പുലി നായക്കുട്ടിയെ കടിയിൽ നിന്ന് മോചിപ്പിച്ചു. തുടർന്ന് ആക്രമിക്കാൻ നിൽക്കാതെ അത് വന്ന വഴിയിലൂടെ തന്നെ ഇരുട്ടിലേക്ക് മടങ്ങുകയും ചെയ്തു. വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട നായക്കുട്ടി പരിക്കുകളൊന്നുമില്ലാതെ അവിടുന്ന് ഓടിപ്പോയി.
ഇത്തരം ഒരു സാഹചര്യത്തിൽ ഇരയെ വെറുതെ വിടുന്ന സംഭവം അപൂർവ്വമായതിനാൽ ദൃശ്യങ്ങൾ ജനങ്ങളിൽ വലിയ കൗതുകമാണ് ഉണ്ടാക്കിയത്. പുള്ളിപ്പുലി നായക്കുട്ടിയോട് ദയയോ അനുകമ്പയോ കാണിച്ചതാണെന്ന് ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. എന്നാൽ ഒരു മൃഗത്തിന്റെ ഈ അപ്രതീക്ഷിത പെരുമാറ്റത്തെ മനുഷ്യന്റെ വികാരങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് വന്യജീവി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരു മാംസഭോജിയായ വേട്ടക്കാരൻ ആണെങ്കിലും, പുലിയുടെ ആ സമയത്തെ വിശപ്പ്, ചുറ്റുപാടുകൾ, സാഹചര്യം എന്നിവയൊക്കെ അതിന്റെ പെരുമാറ്റത്തെ സ്വാധീനിച്ചിരിക്കാം. ഇരയെ പിടികൂടി എന്ന് കരുതി എല്ലാ ഇപ്പോഴും അതിനെ കൊല്ലണമെന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.
വനമേഖലകളോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കൂടിയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. പുലിയുടെ സാന്നിധ്യം ഉറപ്പായ സാഹചര്യത്തിൽ പ്രദേശവാസികൾ ഇപ്പോഴും ജാഗ്രത തുടരുകയാണ്. ഏതായാലും, ശക്തനായ ഒരു വേട്ടക്കാരന്റെ മുന്നിൽ ഭയന്നുപോയ ആ ചെറിയ നായക്കുട്ടിക്ക് ഇതൊരു അത്ഭുതകരമായ രക്ഷപ്പെടലായി മാറി.




