മുംബൈ: കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് തിരുകാൻ ശ്രമിച്ച് ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് കുട്ടിയുടെ ബന്ധുക്കൾ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകിയത്.
എന്നാൽ, പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ കടയുടമയിൽ നിന്ന് കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പരിശോധനയിൽ കടയിൽ നിന്ന് കാലാവധി കഴിഞ്ഞ ബിസ്ക്കറ്റുകൾ കണ്ടെത്തിയെങ്കിലും ഉടമയ്ക്കെതിരെ നടപടിയെടുക്കാതിരുന്നതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഇതോടെ ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ച് പിടിച്ചെടുത്ത ബിസ്ക്കറ്റുകൾ അദ്ദേഹത്തിന്റെ വായിലേക്ക് തിരുകാൻ ശ്രമിക്കുകയായിരുന്നു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം റെയ്ഡുകൾ കർശനമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഉദ്യോഗസ്ഥനെതിരെ കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത്.
അതിനിടെ, മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തള്ളിയ കാലാവധി കഴിഞ്ഞ ചോക്ലേറ്റുകളും ടോഫികളും ശേഖരിക്കാൻ ആളുകൾ അടിപിടികൂടുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉത്തർപ്രദേശിലെ കാണ്‍പൂരിൽ ഒരു വളം ഫാക്ടറിക്ക് സമീപമാണ് വിൽപ്പനയ്ക്ക് യോഗ്യമല്ലാത്ത ഇത്തരം ചോക്ലേറ്റുകൾ ഉപേക്ഷിച്ചത്.
വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് ഈ പ്രദേശത്തേക്ക് ഒഴുകിയെത്തിയത്. ആളുകൾ ചാക്കുകളിലും പെട്ടികളിലും ചോക്ലേറ്റുകൾ വാരിനിറയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.




