ഇന്റർനാഷണൽ ക്രിമിനൽ ട്രിബ്യൂണൽ വംശഹത്യക്കും യുദ്ധക്കുറ്റങ്ങൾക്കും തടവുശിക്ഷയ്ക്ക് വിധിച്ച മുൻ ബോസ്നിയൻ സെർബ് സൈനിക കമാൻഡർ റാറ്റ്കോ മ്ലാഡിച്ച് (84) ഹേഗിൽ വെച്ച് അന്തരിച്ചു. പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടി വരികയും ചെയ്ത ബോസ്നിയൻ യുദ്ധത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. ‘ബോസ്നിയയിലെ കശാപ്പുകാരൻ’ (Butcher of Bosnia) എന്ന് വിളിക്കപ്പെട്ടിരുന്ന മ്ലാഡിച്ച്, 1995-ൽ സ്രെബ്രെനിസയിൽ 8,000-ത്തിലധികം ബോസ്നിയൻ മുസ്ലിം പുരുഷന്മാരെയും ആൺകുട്ടികളെയും കൂട്ടക്കൊല ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മുൻ യുഗോസ്ലാവിയയുടെ തകർച്ചയെത്തുടർന്നുണ്ടായ യുദ്ധത്തിലെ ഏറ്റവും ദാരുണമായ അധ്യായമായിരുന്നു ഇത്.
1993-ൽ ഐക്യരാഷ്ട്രസഭ സ്രെബ്രെനിസയെ ഒരു “സുരക്ഷിത മേഖലയായി” പ്രഖ്യാപിച്ചിരുന്നു. ബോസ്നിയൻ യുദ്ധകാലത്ത് അക്രമങ്ങളിൽ നിന്ന് ഓടിപ്പോകുന്ന ബോസ്നിയൻ മുസ്ലിം സാധാരണക്കാരെ സംരക്ഷിക്കുന്നതിനായിരുന്നു ഇത്.
ആരായിരുന്നു റാറ്റ്കോ മ്ലാഡിച്ച്?
1942 മാർച്ച് 12-ന് (ചില രേഖകളിൽ 1943) ദക്ഷിണ ബോസ്നിയ ആന്റ് ഹെർസഗോവിനയിലെ ഒരു മലയോര ഗ്രാമമായ ബോസാനോവിച്ചിയിലാണ് റാറ്റ്കോ മ്ലാഡിച്ച് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾക്കെതിരെ പോരാടിയ യുഗോസ്ലാവ് പാർട്ടിസാനുകളായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. മ്ലാഡിച്ചിന് മൂന്ന് വയസ്സുള്ളപ്പോൾ പിതാവ് കൊല്ലപ്പെട്ടു. അമ്മയുടെ സംരക്ഷണത്തിൽ ദാരിദ്ര്യത്തിലാണ് അദ്ദേഹം വളർന്നത്.
മിടുക്കനായ വിദ്യാർത്ഥിയായിരുന്ന മ്ലാഡിച്ച് സൈനിക ജീവിതം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഡോക്ടറോ അധ്യാപകനോ ആകാനാണ് ആഗ്രഹിച്ചിരുന്നത്. തന്നെയൊരു യുഗോസ്ലാവ് പൗരനായി കണ്ടിരുന്ന അദ്ദേഹം 1992-ൽ മാത്രമാണ് സെർബ് ദേശീയത സ്വീകരിച്ചത്. സൈനിക സ്കൂൾ പഠനത്തിന് ശേഷം അദ്ദേഹം യുഗോസ്ലാവ് പീപ്പിൾസ് ആർമിയിൽ (JNA) ചേർന്നു. ദ്രുതഗതിയിലാണ് അദ്ദേഹം റാങ്കുകൾ കയറി ഉയർന്നത്. 1966-ൽ ബോസിൽജിക ജെഡിച്ചിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് ദാർക്കോ, അന എന്നിങ്ങനെ രണ്ട് മക്കളുണ്ടായിരുന്നു.
1990-കളുടെ തുടക്കത്തിൽ യുഗോസ്ലാവിയ തകരാൻ തുടങ്ങിയതോടെ മ്ലാഡിച്ചിന്റെ ജീവിതവും മാറിമറിഞ്ഞു. 1992-ൽ ബോസ്നിയ ആൻഡ് ഹെർസഗോവിന സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ, അദ്ദേഹം ബോസ്നിയൻ സെർബ് സൈന്യത്തിന്റെ കമാൻഡറായി. ഇതോടൊപ്പം സർബിയൻ രാഷ്ട്രീയ നേതാവ് രാഡോവൻ കരാഡ്ജിച്ചിനൊപ്പം അദ്ദേഹം യുദ്ധത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായി മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ സാരയേവോ ഉപരോധം നാല് വർഷത്തോളം നീണ്ടുനിൽക്കുകയും ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവനെടുക്കുകയും ചെയ്തു.
1994-ൽ മ്ലാഡിച്ചിന്റെ മകൾ അന ആത്മഹത്യ ചെയ്തു. മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന അവൾ പിതാവിന്റെ സർവീസ് പിസ്റ്റൾ ഉപയോഗിച്ചാണ് ജീവനൊടുക്കിയത്. പിതാവ് യുദ്ധത്തിൽ ചെയ്യുന്ന ക്രൂരതകൾ അറിഞ്ഞാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു. ഇത് മ്ലാഡിച്ചിനെ മാനസികമായി തകിടം മറിച്ചിരുന്നു.
എന്നാൽ സ്രെബ്രെനിസയിലെ വംശഹത്യയാണ് അദ്ദേഹത്തെ യുദ്ധക്കുറ്റവാളിയാക്കിയത്. 1995 ജൂലൈയിൽ, യുഎൻ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച സ്രെബ്രെനിസ ബോസ്നിയൻ സെർബ് സൈന്യം പിടിച്ചെടുക്കുകയും 8,000-ത്തിലധികം ബോസ്നിയൻ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ നടന്ന ഏറ്റവും വലിയ വംശഹത്യയായി ഇത് കണക്കാക്കപ്പെടുന്നു.
1995-ൽ അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണൽ മ്ലാഡിച്ചിനെതിരെ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ 16 വർഷത്തോളം അദ്ദേഹം ഒളിവിൽ കഴിഞ്ഞു. ഒടുവിൽ 2011 മെയ് മാസത്തിൽ സെർബിയൻ അധികൃതർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഹേഗിലേക്ക് മാറ്റുകയും ചെയ്തു.
നാല് വർഷത്തിലേറെ നീണ്ട വിചാരണയ്ക്കൊടുവിൽ, 2017 നവംബറിൽ വംശഹത്യ, കൂട്ടക്കൊല, നിർബന്ധിത നാടുകടത്തൽ, യുഎൻ ഉദ്യോഗസ്ഥരെ ബന്ദികളാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2021-ൽ അപ്പീൽ കോടതിയും ഈ ശിക്ഷ ശരിവെച്ചു. ശിക്ഷാകാലയളവിൽ യുഎൻ തടവറയിൽ കഴിയവേയാണ് ഇപ്പോൾ മ്ലാഡിച്ച് അന്തരിച്ചത്.




