61 കാരി യായ തപതി സിംഹയ്ക്ക് വിസ നിഷേധിക്കപ്പെട്ടപ്പോൾ ഉണ്ടായ നിരാശ, ഒടുവിൽ അവരുടെ ജീവൻ തന്നെ രക്ഷിച്ച വലിയൊരു ഭാഗ്യമായി മാറി. പശ്ചിമ ബംഗാൾ സ്വദേശിയായ ഇവർ നേപ്പാൾ വഴി കൈലാസ മാനസസരോവർ തീർത്ഥാടനത്തിന് പോകാൻ പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ ചൈനീസ് വിസ നിഷേധിക്കപ്പെട്ടതോടെ യാത്ര മാറ്റിവെച്ച് ഇവർ ലാഡാക്കിലേക്ക് പോയി.
നേപ്പാൾ-തിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിൽ 32 അംഗ പശ്ചിമ ബംഗാൾ സംഘം അകപ്പെട്ടപ്പോൾ തപതി അവർക്കൊപ്പമുണ്ടായിരുന്നില്ല. മാസങ്ങളോളം തയ്യാറെടുപ്പുകൾ നടത്തിയ ശേഷമാണ് വിസ നിഷേധിക്കപ്പെട്ടത്. ഇപ്പോൾ ലാഡാക്ക് യാത്ര പകുതിക്കുവെച്ച് അവസാനിപ്പിച്ച് കൊൽക്കത്തയിലേക്ക് മടങ്ങുകയാണെന്ന് തപതി അറിയിച്ചു. തുടക്കത്തിൽ വലിയ വിഷമമുണ്ടാക്കിയ തീരുമാനം, നേപ്പാളിലെ ദുരന്തവാർത്ത അറിഞ്ഞതോടെ ദൈവാനുഗ്രഹമായി ഇവർ കരുതുന്നു.
ഓഗസ്റ്റ് 21-നാണ് 30 തീർത്ഥാടകരും രണ്ട് ടൂർ മാനേജർമാരും അടങ്ങുന്ന സംഘം കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ടത്. നേപ്പാൾ-തിബറ്റ് അതിർത്തിയിലെ രസൂവഗാധി പ്രദേശത്ത് വെച്ചാണ് പ്രളയത്തെത്തുടർന്ന് ഇവരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
മിന്നൽപ്രളയത്തിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയി വൻ നാശനഷ്ടമാണ് നേപ്പാളിലും തിബറ്റിലും ഉണ്ടായിട്ടുള്ളത്. ഇന്ത്യക്കാരുൾപ്പെടെ നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനായി ഇന്ത്യൻ സർക്കാരും പശ്ചിമ ബംഗാൾ സർക്കാരും നേപ്പാൾ അധികൃതരുമായി ചേർന്ന് തിരച്ചിൽ ഏകോപിപ്പിച്ചു വരികയാണ്.




