തന്റെ സുഹൃത്തിനും നവവധുവിനും വ്യത്യസ്തമായ വിവാഹസമ്മാനം നൽകാൻ തീരുമാനിച്ച യുവാവിന്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സുഹൃത്തിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ സ്വന്തം നെഞ്ചിൽ ടാറ്റൂ ചെയ്താണ് ഇയാൾ എല്ലാവരെയും ഞെട്ടിച്ചത്. കേവലം വരച്ച ചിത്രമാണെന്ന് കരുതിയ സമ്മാനം, സ്വന്തം ശരീരത്തിലെ ടാറ്റൂവാണെന്ന് വെളിപ്പെടുത്തിയതോടെ കാര്യങ്ങൾ തികച്ചും അപ്രതീക്ഷിതമായി മാറി.
വിവാഹാഘോഷത്തിനിടയിൽ ചിത്രീകരിച്ച വീഡിയോയിൽ, ആദ്യം വധൂവരന്മാരുടെ വരച്ച ചിത്രം യുവാവ് സമ്മാനമായി നൽകുന്നത് കാണാം. തൊട്ടുപിന്നാലെ തന്റെ ഷർട്ട് അഴിച്ച് അതേ ചിത്രം സ്വന്തം നെഞ്ചിൽ ടാറ്റൂ ചെയ്തിരിക്കുന്നത് ഇയാൾ കാട്ടിക്കൊടുക്കുകയായിരുന്നു. ഈ നിമിഷത്തിൽ വരന്റെ മുഖത്തുണ്ടായ ഭാവമാറ്റമാണ് വീഡിയോയിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. ‘എക്സ്’ (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായത്.
തുടക്കത്തിൽ സുഹൃത്തിന്റെ സ്നേഹത്തിൽ സന്തോഷം തോന്നിയെങ്കിലും, തന്റെ ഭാര്യയുടെ ചിത്രം സുഹൃത്തിന്റെ നെഞ്ചിൽ കണ്ട നിമിഷം വരന്റെ മുഖത്തെ ചിരി മാറി അത്ഭുതവും ആശയക്കുഴപ്പവും പ്രകടമായി. സുഹൃത്തിന്റെ മനസ്സിലിരിപ്പ് ശുദ്ധമായിരിക്കാമെങ്കിലും, ഇത്തരമൊരു ചിത്രം തിരഞ്ഞെടുക്കാൻ കാരണം എന്തെന്ന ചോദ്യം വരന്റെ മുഖത്ത് വ്യക്തമായിരുന്നു എന്ന് വീഡിയോ കണ്ടവർ കുറിക്കുന്നു.
വീഡിയോ പ്രചരിച്ചതോടെ നിരവധി ആളുകളാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. സ്വന്തം സുഹൃത്തിന്റെ ചിത്രം ടാറ്റൂ ചെയ്യുന്നത് തന്നെ വലിയൊരു കാര്യമാണെന്നിരിക്കെ, സുഹൃത്തിന്റെ ഭാര്യയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയത് അല്പം കടന്ന കൈയായിപ്പോയി എന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. വരന്റെ പെട്ടെന്നുള്ള ഭാവമാറ്റം എല്ലാവരുടെയും മനസ്സിൽ ഉയർന്ന അതേ ചോദ്യത്തെയാണ് കാണിക്കുന്നതെന്നും ചിലർ കുറിച്ചു.
ഭാവിയിൽ ഈ യുവാവിന്റെ സ്വന്തം വ്യക്തിജീവിതത്തെയും വിവാഹബന്ധങ്ങളെയും ഇത്തരം ഒരു ടാറ്റൂ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ചിലർ പങ്കുവെച്ചു. കൂടാതെ, ഭാവിയിൽ വധൂവരന്മാർ തമ്മിൽ എന്തെങ്കിലും വേർപിരിയൽ ഉണ്ടായാൽ ഈ സ്ഥിരമായ ടാറ്റൂ വലിയൊരു ബാദ്ധ്യതയായി മാറുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.




