Featured Good News

സ്വപ്നങ്ങൾക്ക് പ്രായമില്ല! 16-ാം വയസ്സിൽ സ്വന്തം ഷർട്ട് ബ്രാൻഡ്! വിലകേട്ട് അന്തംവിട്ട് വ്യാപാരി, കൗമാരക്കാരന്റെ ധൈര്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സമപ്രായക്കാരായ കൂട്ടുകാര്‍ സ്കൂളിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രായത്തിൽ, സ്വന്തമായി ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ജബൽപൂരിൽ നിന്നുള്ള 16 വയസ്സുകാരനായ മഹേന്ദ്ര. സ്വന്തമായി നിർമ്മിച്ച വസ്ത്രങ്ങൾ വിൽക്കാനായി ഈ പതിനാറുകാരൻ നടത്തിയ ധീരമായ ശ്രമങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് ഇയാളുടെ ആത്മവിശ്വാസത്തെയും സംരംഭകത്വ മനോഭാവത്തെയും പ്രശംസിക്കുന്നത്.

‘ബെൽവാരോ’ (Belvaro) എന്ന പേരിൽ സ്വന്തമായി ഒരു ഷർട്ട് ബ്രാൻഡ് ആരംഭിച്ച് പ്രവർത്തിക്കുകയാണ് മഹേന്ദ്ര. ഡിജിറ്റൽ ക്രിയേറ്ററും വസ്ത്രവ്യാപാരിയുമായ ശുഭം ശിവഹരെയെ തന്റെ സ്റ്റുഡിയോയ്ക്ക് പുറത്തുവെച്ച് മഹേന്ദ്ര നേരിൽ കാണുന്നതോടെയാണ് ഈ കഥ ലോകമറിയുന്നത്. ശുഭത്തിന്റെ അടുത്തെത്തിയ മഹേന്ദ്ര, താൻ ഡിസൈന്‍ ചെയ്ത ഷർട്ടുകളെക്കുറിച്ചും ബ്രാൻഡിനെക്കുറിച്ചും വിശദീകരിക്കുകയും അവയുടെ പ്രചാരണത്തിനായി തയ്യാറാക്കിയ വീഡിയോകൾ കാണിച്ചുകൊടുക്കുകയും ചെയ്തു.

ബ്രാൻഡിന്റെ ലോഗോ, പാക്കേജിംഗ്, സോഷ്യൽ മീഡിയ പ്രചാരണം എന്നിവയെല്ലാം മഹേന്ദ്ര ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഒരു ഷർട്ടിന് എത്രയാണ് വിലയെന്ന് ശുഭം ചോദിച്ചപ്പോൾ 8,000 രൂപയാണെന്ന് മഹേന്ദ്ര മറുപടി നൽകി. ഇത്രയും ഉയർന്ന വില കേട്ട് അത്ഭുതപ്പെട്ട ശുഭത്തോട്, ഒരു ഷർട്ട് നിർമ്മിക്കാൻ 3,000 രൂപയോളം ചെലവ് വരുന്നുണ്ടെന്നും ബാക്കി തുക ബ്രാൻഡിംഗിനും മറ്റ് ആവശ്യങ്ങൾക്കുമാണെന്നും ഈ പതിനാറുകാരൻ വ്യക്തമായ ആത്മവിശ്വാസത്തോടെ വിശദീകരിച്ചു.

കുറഞ്ഞ പ്രായത്തിലും സ്വന്തം ഉൽപ്പന്നത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ആത്മവിശ്വാസവും കണ്ട് സന്തോഷിച്ച ശുഭം, ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. പിന്നീട് ഇവർ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് മഹേന്ദ്ര തന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. ജോലിയില്ലാത്ത അമ്മയും രണ്ട് അനിയന്മാരും ഒരു അനിയത്തിയുമടങ്ങുന്നതാണ് തന്റെ കുടുംബമെന്നും, സാമ്പത്തിക സഹായം നൽകാൻ അച്ഛനോ മറ്റ് ബന്ധുക്കളോ ഇല്ലെന്നും മഹേന്ദ്ര വെളിപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സ്വന്തമായി ബിസിനസ്സ് ചെയ്യാൻ ധൈര്യം കാണിച്ച മഹേന്ദ്രയുടെ കഥ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഇന്ത്യയ്ക്ക് ആവശ്യമുള്ള ശക്തമായ Gen-Z സംരംഭകനാണ് മഹേന്ദ്രയെന്ന് നിരവധിയാളുകൾ കുറിച്ചു. ഷർട്ടിന്റെ ഡിസൈനെയും ഗുണനിലവാരത്തെയും പ്രശംസിച്ച ആളുകൾ, ഭാവിയിൽ കൂടുതൽ ഷർട്ടുകൾ നിർമ്മിക്കുമ്പോൾ വില കുറയ്ക്കാൻ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു. ഇതിനോടകം തന്നെ ചില വ്യവസായികളും വിപണന വിദഗ്ദ്ധരും മഹേന്ദ്രയുടെ ബ്രാൻഡിംഗിനും ബിസിനസ്സ് വളർത്തുന്നതിനും സൗജന്യ സഹായങ്ങൾ വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നിട്ടുണ്ട്.