കൊളംബോ ∙ ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ വെളിച്ചക്കുറവുണ്ടായിട്ടും മത്സരം തുടരാൻ അനുമതി നൽകിയ അംപയർമാരുടെ തീരുമാനത്തിനെതിരെ ശ്രീലങ്കൻ ടീം പ്രതിഷേധവുമായി രംഗത്തെത്തി. മൂന്നാം സെഷന്റെ അവസാന ഘട്ടത്തിൽ ഇന്ത്യ 9 വിക്കറ്റിന് 503 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കൻ ഇന്നിങ്സിലെ ആദ്യ രണ്ടു പന്തുകൾക്ക് ശേഷം മഴയെ തുടർന്ന് മത്സരം താൽക്കാലികമായി നിർത്തിവച്ചു.
ചെറിയ മഴയായതിനാൽ താരങ്ങൾ ഗ്രൗണ്ടിൽ തന്നെ തുടരുകയും മഴ മാറിയ ഉടൻ അംപയർമാർ കളി പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ലാഹിരു ഉദാരയുടെ (1) വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ സ്ലിപ്പിൽ യശസ്വി ജയ്സ്വാൾ പിടിച്ചാണ് ഉദാര പുറത്തായത്.
തൊട്ടടുത്ത ഓവറിൽ പ്രഭാത് ജയസൂര്യയെ (7) മാനവ് സുതാർ എൽബിഡബ്ല്യുവിൽ കുടുക്കി. വിക്കറ്റ് വീഴുന്നതിന് തൊട്ടുമുൻപ് അംപയർമാർ വെളിച്ചം പരിശോധിച്ചെങ്കിലും കളി തുടരാനായിരുന്നു തീരുമാനം. ഇതിൽ ലങ്കൻ ബാറ്റർമാരായ പ്രഭാത് ജയസൂര്യയും കാമിൽ മിഷാരയും അതൃപ്തി അറിയിച്ചെങ്കിലും അംപയർമാർ വഴങ്ങിയില്ല.
പ്രഭാതിന്റെ വിക്കറ്റ് വീണതോടെ രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചു. അംപയർമാരോടുള്ള കടുത്ത അമർഷത്തോടെയാണ് ജയസൂര്യ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയതും ഗ്ലൗസുകൾ വലിച്ചെറിഞ്ഞതും. തത്സമയ സംപ്രേഷണത്തിൽ ജയസൂര്യയുടെ കാതുകളിൽ നിന്ന് പുക ഉയരുകയാണെന്ന് സഞ്ജയ് മഞ്ജരേക്കർ തമാശയോടെ അഭിപ്രായപ്പെടുകയും ചെയ്തു.
രണ്ടാം ദിനം കളി നിർത്തുമ്പോൾ 2 വിക്കറ്റിന് 8 റൺസെന്ന നിലയിലാണ് ശ്രീലങ്ക. കാമിൽ മിഷാര (5*) ആണ് ക്രീസിലുള്ളത്. സെഞ്ചറി നേടിയ ധ്രുവ് ജുറേലിന്റെയും (115*), അർധസെഞ്ചറി നേടിയ ഋഷഭ് പന്തിന്റെയും (63), ആദ്യ ദിനം സെഞ്ചറി നേടിയ ദേവ്ദത്ത് പടിക്കലിന്റെയും (117) കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ നാലും, പ്രഭാത് ജയസൂര്യയും കെഷാറ ന്യുവന്തയും രണ്ട് വീതവും, ലാഹിരു കുമാര ഒരു വിക്കറ്റും വീഴ്ത്തി.




