ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ അധോലോക കുറ്റവാളി ഗോൾഡി ബ്രാർ ആണെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. 2023-ൽ കാനഡയിൽ വെച്ച് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ താനും തന്റെ സംഘവുമാണെന്ന് അവകാശപ്പെടുന്ന ബ്രാറിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ചെറുപ്പക്കാരെ മയക്കുമരുന്ന് മാഫിയയിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെ നിജ്ജാർ പിന്തുണച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബ്രാർ ഇതിൽ പറയുന്നുണ്ട്. ഖലിസ്ഥാൻ ഭീകരൻ പരംജിത് സിംഗ് പമ്മയും ബ്രാറും തമ്മിലുള്ള സംഭാഷണമാണിതെന്നാണ് വിവരമെങ്കിലും ശബ്ദരേഖയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
16-ഉം 17-ഉം വയസ്സുള്ള കുട്ടികളെക്കൊണ്ട് മയക്കുമരുന്ന് വിൽപ്പിക്കുകയും പിന്നീട് അവരെ ബ്ലാക്ക് മെയിൽ ചെയ്ത് ഇൻഫോർമർമാരാക്കുകയും ചെയ്തവരെ നിജ്ജാർ സഹായിച്ചിരുന്നതായി ബ്രാർ ആരോപിക്കുന്നു. സ്വന്തം ആവശ്യങ്ങൾക്കായി യുവാക്കളെ ദുരുപയോഗം ചെയ്യുന്ന മയക്കുമരുന്ന് കച്ചവടത്തിൽ പങ്കാളിയായതുകൊണ്ടാണ് നിജ്ജാറിനെ ലക്ഷ്യമിട്ടതെന്ന് ബ്രാർ അവകാശപ്പെടുന്നു. അതുകൊണ്ടാണ് താനും സംഘവും ചേർന്ന് നിജ്ജാറിനെ കൊലപ്പെടുത്തിയതെന്നും സ്വന്തം തെറ്റായ പ്രവൃത്തികൾക്കുള്ള ശിക്ഷ എല്ലാവരും അനുഭവിച്ചേ തീരൂവെന്നും ബ്രാർ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ സ്ഥാപകനായ നിജ്ജാർ 2023 ജൂൺ 18-ന് ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലുള്ള സിഖ് സാംസ്കാരിക കേന്ദ്രത്തിന് പുറത്തുവെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ സംഭവം പിന്നീട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകളുണ്ടാക്കിയിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചെങ്കിലും, ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അസംബന്ധ ആരോപണമാണെന്ന് വ്യക്തമാക്കി ഇന്ത്യ തള്ളിക്കളയുകയായിരുന്നു.




