Crime

ഭാര്യയെ തിരിച്ചുകിട്ടാന്‍ നരബലി; തലവെട്ടി കിടപ്പറയില്‍ കുഴിച്ചിട്ടു, ഉടല്‍ കുളത്തില്‍ തള്ളി, രക്തം പുരണ്ട വിഗ്രഹങ്ങള്‍ കണ്ടെത്തി

ഒഡീഷയിലെ ബോലംഗീർ ജില്ലയിൽ നടന്ന ക്രൂരമായ ഒരു കൊലപാതകത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ രാജ്യത്തെയാകെ നടുക്കിയിരിക്കുന്നത്. കൊലപ്പെടുത്തിയ യുവാവിന്റെ തലവെട്ടിയെടുത്ത പ്രതി, അത് സ്വന്തം കിടപ്പുമുറിയിൽ കുഴിച്ചിടുകയായിരുന്നു. പതിനൊന്ന് വർഷമായി അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുകിട്ടാൻ വേണ്ടി ഇയാൾ നടത്തിയ നരബലിയാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഓഗസ്റ്റ് 18-നാണ് സന്തോഷ് കർസെൽ എന്ന 45-കാരനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാഗഡ ഗ്രാമത്തിലെ ഒരു കുളത്തിൽ നിന്ന് തലയില്ലാത്ത നിലയിൽ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിസരത്തൊന്നും തല കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് തിരോധാനക്കേസുമായി ബന്ധപ്പെടുത്തി നടത്തിയ പരിശോധനയിൽ മൃതദേഹം കർസെലിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തുടരന്വേഷണത്തിൽ, കർസെലിനെ അവസാനമായി കണ്ടത് പ്രദേശവാസിയായ ശത്രുഘ്നൻ സാഹു (40) എന്നയാൾക്കൊപ്പമാണെന്ന വിവരം പൊലീസിന് ലഭിച്ചു. മൃതദേഹം കണ്ടെത്തിയ കുളത്തിൽ നിന്ന് വെറും 20 മീറ്റർ മാത്രം അകലെയായിരുന്നു സാഹുവിന്റെ വീട്. ഇതേത്തുടർന്ന് പൊലീസ്‌ സാഹുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ്‌ കർസെലിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചത്. വെട്ടിയെടുത്ത തല സ്വന്തം കിടപ്പുമുറിയിൽ കുഴിച്ചിട്ടിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് അവിടെനിന്ന് തല കണ്ടെടുത്തു.

പൊലീസ് നൽകുന്ന വിവരമനുസരിച്ച്, കഴിഞ്ഞ 11 വർഷമായി സാഹുവിന്റെ ഭാര്യയും മക്കളും ഇയാളുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഭാര്യയെ തിരികെ സ്വന്തമാക്കാനുള്ള വഴി തിരഞ്ഞ ഇയാൾ ഒടുവിൽ നരബലി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 18-ന് ബസ് സ്റ്റോപ്പിൽ വെച്ച് കർസെലിനെ കണ്ടുമുട്ടിയ സാഹു, ഇയാളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയും തുടർന്ന് കഠാര ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

ഫോറൻസിക് പരിശോധനയിൽ സാഹുവിന്റെ വീട്ടിൽ നിന്ന് കൊല്ലപ്പെട്ട കർസെലിന്റെ രക്തം പുരണ്ട വസ്ത്രങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച കഠാരയും കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി നരബലി കേസുകളിൽ കാണാറുള്ള പൂജാസാധനങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതാണ് ഇതൊരു നരബലിയാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. കൂടാതെ, വീട്ടിലുണ്ടായിരുന്ന ചില വെങ്കല വിഗ്രഹങ്ങളിൽ രക്തക്കറ കണ്ടെത്തിയത് പൂജകൾക്കായി ഉപയോഗിച്ചതിനാലാണെന്നും കരുതുന്നു.

പ്രതിയായ സാഹുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, ഈ കൊലപാതകത്തിൽ ഇയാൾക്ക് പുറമെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും മുൻപ് ഇത്തരത്തിൽ കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോയെന്നും കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.