Crime

‘ബാഡ് ടച്ച്’; മോഷണത്തിനൊപ്പം പ്രതികാരവും, 13കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പൊലീസ്, നാല്‌ കൗമാരക്കാര്‍ കസ്‌റ്റഡിയില്‍

ഹരിപ്പാട്‌: കരുവാറ്റയില്‍ വയോധികന്‍ കൊല്ലപ്പെട്ട കേസില്‍ ബന്ധുവായ 13 വയസുകാരിയും കാമുകനും ഉൾപ്പെടെ നാല്‌ കൗമാരക്കാരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കരുവാറ്റ പഞ്ചായത്ത്‌ ഒന്‍പതാം വാര്‍ഡില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന കൊല്ലം പരവൂര്‍ സ്വദേശി ശിവന്‍കുട്ടി ചെട്ടിയാര്‍ (70) കൊല്ലപ്പെട്ട കേസിലാണ്‌ നാടിനെ നടുക്കിയ വിവരങ്ങള്‍ പുറത്തുവന്നത്‌. എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ ഈ കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന്‌ പോലീസ്‌ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമായ കൊല്ലം പരവൂര്‍ സ്വദേശികളായ മൂന്ന്‌ കൗമാരക്കാരാണ്‌ കൃത്യം നടത്തിയത്‌. കൊല്ലത്ത്‌ വിറ്റതടക്കം ഇവര്‍ മോഷ്‌ടിച്ച 4.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പോലീസ്‌ കണ്ടെടുത്തു.

പെണ്‍കുട്ടിയുടെ പ്രേരണയിലാണ്‌ 15-ന്‌ വൈകിട്ട്‌ സംഘം കരുവാറ്റയിലെത്തിയത്‌. വീട്ടില്‍ സ്വര്‍ണവും പണവുമുണ്ടെന്ന് കാമുകനോട് പറഞ്ഞ പെൺകുട്ടി, കൊല്ലപ്പെട്ടയാൾ തന്നെ ബാഡ് ടച്ച് ചെയ്തെന്നും ആരോപിച്ചിരുന്നു. ഫോണ്‍ ഉപയോഗത്തിനും വൈകി വരുന്നതിനും ശിവന്‍കുട്ടി വഴക്കുപറഞ്ഞിരുന്നതും വൈരാഗ്യത്തിന് കാരണമായി. പുതിയ ഐഫോണും കാമുകനും കൂട്ടുകാര്‍ക്കും ബൈക്കും വാങ്ങാന്‍ പണം സമ്പാദിക്കുകയായിരുന്നു ഇവരുടെ പ്രധാന ഉദ്ദേശ്യമെന്നും പോലീസ്‌ പറഞ്ഞു.

ഭാര്യ ആശുപത്രിയിലായതോടെ ശിവന്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന വിവരം പെണ്‍കുട്ടി കാമുകന്‌ കൈമാറി. ഹരിപ്പാട്ടെത്തിയ മൂവർസംഘം വെന്റിലേഷൻ വഴിയും മുൻവാതിൽ തുറന്നും അകത്തുകടന്ന് ഡൈനിങ്‌ റൂമിലുണ്ടായിരുന്ന ശിവന്‍കുട്ടിയെ കൈയും കാലും വരിഞ്ഞുമുറുക്കി ക്രൂരമായി മര്‍ദിച്ചും ശ്വാസംമുട്ടിച്ചുമാണ്‌ കൊലപ്പെടുത്തിയത്‌. മരണം ഉറപ്പുവരുത്തിയ ശേഷം സ്വർണം കവരുകയും, മൃതദേഹത്തിന്റെ ദൃശ്യങ്ങൾ വിഡിയോ കോളിലൂടെ പെണ്‍കുട്ടിയെ കാട്ടിക്കൊടുക്കുകയും ചെയ്തു. സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ ഇതുചെയ്തത്.

ഡോഗ്‌ സ്‌ക്വാഡിനെയും വിരലടയാള വിദഗ്‌ധരെയും വഴിതെറ്റിക്കാന്‍ വീട്ടിൽ മുളകുപൊടി വിതറിയ ശേഷമാണ് പ്രതികൾ കടന്നുകളഞ്ഞത്. അപഹരിച്ച സ്വര്‍ണം വിറ്റ്‌ 16,000 രൂപ വാങ്ങിയിരുന്നു. കൃത്യത്തില്‍ പങ്കില്ലെന്ന്‌ വരുത്താന്‍ പെണ്‍കുട്ടി പല നാടകങ്ങളും മെനഞ്ഞെങ്കിലും സൈബര്‍ സെല്ലിന്റെ സഹായത്തോടെ 24 മണിക്കൂറിനകം പ്രതികളെ പോലീസ് കൊല്ലത്തുനിന്ന്‌ പിടികൂടി. പ്രതികളെ ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡിന് മുന്നിൽ ഹാജരാക്കും. സംസ്കാരം പിന്നീട് നടക്കും.

മുൻ വൈരാഗ്യത്തിന് കുട്ടി പറഞ്ഞ കാരണങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൊലപാതകത്തിലെ മുഖ്യ ആസൂത്രക ഈ കൗമാരക്കാരി തന്നെയെന്ന് പോലീസ് ഉറപ്പിക്കുന്നു. അസ്വസ്ഥമായ കുടുംബ പശ്ചാത്തലമായിരിക്കാം കുട്ടിയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് അനുമാനം. എ.ഡി.ജി.പി. പി. വിജയന്‍, ഡി.ഐ.ജി. യതീഷ്‌ ചന്ദ്ര, ജില്ലാ പോലീസ്‌ മേധാവി വിഷ്‌ണു പ്രദീപ്‌ എന്നിവരുടെ മേല്‍നോട്ടത്തിൽ ഡിവൈ.എസ്‌.പി. രാജപ്പൻ, സി.ഐ. വിനോദ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ വലയിലാക്കിയത്.