Celebrity

‘17 വയസ്സ് കുറഞ്ഞ പുത്തന്‍കാമുകൻ’: പ്രായം കുറഞ്ഞവരെ മലൈക ഡേറ്റിങ്ങിനായി തിരഞ്ഞെടുക്കുന്നതിന്റെ കാരണം! ആണുങ്ങള്‍ക്കാകാം അല്ലേ?

പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഏതൊരാളുടെയും തികച്ചും വ്യക്തിപരമായ തീരുമാനമാണ്. അവിടെ വയസ്സിലെ വ്യത്യാസങ്ങൾ എപ്പോഴും ഒരു തടസ്സമാകാറില്ല. തന്നേക്കാൾ പ്രായം കുറഞ്ഞവരുമായുള്ള പ്രണയബന്ധങ്ങളുടെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ആളാണ് ബോളിവുഡ് താരം മലൈക അറോറ. ഇപ്പോഴിതാ മലൈക എന്തുകൊണ്ടാണ് പ്രായം കുറഞ്ഞവരെ പങ്കാളികളാക്കുന്നത് എന്നതിനെക്കുറിച്ച് തനിക്കുള്ള നിരീക്ഷണം പങ്കുവെച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകയായ ആസ്ത ആത്രേ. ഒരു യൂട്യൂബ് പോഡ്‌കാസ്റ്റിൽ സംസാരിക്കവെയായിരുന്നു അവർ ഈ കാര്യം തുറന്നുപറഞ്ഞത്.

തന്നേക്കാൾ 17 വയസ്സ് പ്രായക്കുറവുള്ള ഹർഷ് മേത്തയുമായി മലൈക പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് വിഷയത്തിൽ പ്രതികരണമുണ്ടായത്. വാര്‍ത്തകളിൽ നിറഞ്ഞുനിൽക്കാനും ബ്രാൻഡ് മൂല്യം കൂട്ടാനുമുള്ള പിആർ തന്ത്രത്തിന്റെ ഭാഗമാണോ മലൈകയുടെ ഇത്തരം ബന്ധങ്ങൾ എന്ന അവതാരകന്റെ ചോദ്യത്തോട് ആസ്ത പ്രതികരിക്കുകയായിരുന്നു. ഇത്തരം പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത് സമൂഹത്തിന്റെ ഇരട്ടത്താപ്പാണെന്നും അവർ ചൂണ്ടിക്കാട്ടി. തങ്ങളേക്കാൾ 20-25 വയസ്സ് കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്മാരെ ചോദ്യം ചെയ്യാത്ത സമൂഹം, ഒരു സ്ത്രീ പ്രായം കുറഞ്ഞ പുരുഷനെ തിരഞ്ഞെടുക്കുമ്പോൾ മാത്രം സദാചാര വിചാരണ നടത്തുകയാണെന്ന് ആസ്ത വ്യക്തമാക്കി.

പ്രായവ്യത്യാസമുള്ള പ്രണയങ്ങളിൽ പുരുഷന്മാരുടെ ചിന്താഗതിയെക്കുറിച്ചും ആസ്ത വിശദീകരിച്ചു. വളരെയധികം പ്രായം കുറഞ്ഞ പെൺകുട്ടികളെ പ്രണയിക്കുമ്പോൾ പുരുഷന്മാർക്ക് വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നില്ല. സമ്മാനങ്ങളോ മികച്ച ഭക്ഷണങ്ങളോ നൽകിയാൽ അവർ സന്തോഷിക്കും. എന്നാൽ മുപ്പതോ നാൽപ്പതോ വയസ്സ് പിന്നിട്ട, സാമ്പത്തികമായി സ്വതന്ത്രരായ സ്ത്രീകൾക്ക് വേണ്ടത് പണമല്ല, മറിച്ച് കൃത്യമായ ആശയവിനിമയവും ഉത്തരവാദിത്തങ്ങൾ ഒപ്പംനിന്ന് പങ്കുവെക്കുന്ന പങ്കാളിയെയുമാണ്. എന്നാൽ സാമ്പത്തിക ഭദ്രതയുള്ള മുതിർന്ന സ്ത്രീകളെ നേരിടാനും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും പല പുരുഷന്മാർക്കും മടിയാണ്. മലൈകയെപ്പോലെ വിജയകരമായി ജീവിക്കുന്ന ഒരു സ്ത്രീയുടെ ഒപ്പമെത്തുമ്പോൾ തങ്ങൾ താഴെയാണോ എന്ന അപകർഷതാബോധം ഇത്തരക്കാരിൽ ഉണ്ടാകാമെന്നും, എന്നാൽ പ്രായം കുറഞ്ഞ യുവാക്കളെ ഈ ചിന്ത അലട്ടാറില്ലെന്നും അവർ പറഞ്ഞു.

സ്വയം പര്യാപ്തതയുള്ള സ്ത്രീകളുടെ ആത്മവിശ്വാസത്തെയും വിജയത്തെയും പ്രായം കുറഞ്ഞ പുരുഷന്മാർ എന്നും പ്രചോദനത്തോടെയാണ് കാണുന്നത്. സ്വന്തം പ്രായത്തിലുള്ള പുരുഷന്മാരിൽ നിന്ന് ലഭിക്കാതെ പോകുന്ന ബഹുമാനവും പിന്തുണയും അത്തരം യുവാക്കളിൽ നിന്ന് ലഭ്യമാകുമ്പോഴാണ് മലൈകയെപ്പോലുള്ള സ്ത്രീകൾ പ്രായത്തിൽ കുറഞ്ഞവരെ തങ്ങളുടെ പങ്കാളിയായി തിരഞ്ഞെടുക്കുന്നത് എന്ന് പറഞ്ഞാണ് ആസ്ത നിരീക്ഷണം അവസാനിപ്പിച്ചത്.