ലക്നൗ: 16 രൂപയ്ക്ക് വസ്ത്രങ്ങൾ നൽകുമെന്ന പരസ്യം നൽകി ആളുകളെ കൂട്ടിയ കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ കാൺപുരിലുള്ള ആലാം മാർക്കറ്റിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 16-ന് അർധരാത്രിക്കു ശേഷമുള്ള ആദ്യത്തെ 16 മിനിറ്റിൽ ഏത് വസ്ത്രവും വെറും 16 രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു ഉപഭോക്താക്കൾക്ക് നൽകിയ വാഗ്ദാനം.
കടയുടമയായ റായിസ് ആലം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരമൊരു പരസ്യം നൽകിയത്. ഓഫർ കേട്ട് ഓഗസ്റ്റ് 15-ന് രാത്രി 11 മണിയോടെ തന്നെ ജനങ്ങൾ കടയ്ക്ക് മുന്നിൽ തടിച്ചുകൂടാൻ തുടങ്ങിയിരുന്നു. അർധരാത്രിയായതോടെ ആളുകളുടെ എണ്ണം വർധിക്കുകയും റോഡിലും പരിസരത്തും വലിയ തിരക്ക് അനുഭവപ്പെടുകയും ചെയ്തു. 16 രൂപയ്ക്ക് വസ്ത്രം സ്വന്തമാക്കാൻ ആയിരക്കണക്കിന് ആളുകൾ എത്തി തിക്കും തിരക്കും കൂട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട കടയുടമകൾ കട അടച്ചു. ഇത് അവിടെ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തുടർന്ന് ജനക്കൂട്ടവും കടക്കാരുമായി ഉണ്ടായ വാക്കേറ്റം വലിയ ഉന്തും തള്ളിലേക്കുമാണ് നയിച്ചത്. തിരക്കിൽ പെട്ട് നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കടയുടമകളായ റായിസ് ആലം, മുഹമ്മദ് ആലം, സൽമാൻ ആലം എന്നിവർക്കെതിരെ പൊലീസ് കേസെടുക്കുകയും സൽമാൻ ആലത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജിൻസ്, ഷർട്ടുകൾ, ടി-ഷർട്ടുകൾ, ബ്ലേസറുകൾ തുടങ്ങിയ വിവിധ വസ്ത്രങ്ങളാണ് വെറും 16 മിനിറ്റ നേരത്തേക്ക് 16 രൂപയ്ക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത്. വാഗ്ദാനം ഓൺലൈനിൽ വേഗത്തിൽ പ്രചരിച്ചതോടെ സമയം തീരുന്നതിന് മുൻപ് വസ്ത്രങ്ങൾ വാങ്ങാനായി സ്ത്രീകളടക്കം വൻ ജനവ്യൂഹം കടയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇത് മാർക്കറ്റിലെ ഗതാഗതവും കാൽനടയാത്രയും പൂർണ്ണമായും തടസ്സപ്പെടുത്തി.
സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ നിരവധി പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി അവസ്ഥ ശാന്തമാക്കാൻ ഇടപെട്ടു. അനൗൺസ്മെന്റുകൾ നടത്തിയും ജനക്കൂട്ടത്തെ പിരിച്ചുവിട്ടുമാണ് പോലീസ് ഗതാഗതവും ക്രമസമാധാനവും പുനഃസ്ഥാപിച്ചത്.




