ഏത് ജീവിവർഗ്ഗത്തിലായാലും, സ്വന്തം മക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ അമ്മമാരെക്കാൾ കരുത്തർ വേറെയില്ലെന്ന് പറയുന്നത് വെറുതെയല്ല. അപകടഘട്ടങ്ങളിൽ മക്കൾക്ക് മുന്നിൽ കവചമായി നിൽക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അമ്മമാർ വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. ഇതിന് ഉദാഹരണമായ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബീഹാറിലെ ഷാപ്പൂർ പടോറി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് ഈ ഭയപ്പെടുത്തുന്ന വീഡിയോ. തൊട്ടടുത്തു കൂടെ അതിവേഗത്തിൽ ട്രെയിൻ കടന്നുപോകുമ്പോൾ സ്വന്തം കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് സംരക്ഷിക്കുന്ന ഒരമ്മയെ വീഡിയോയിൽ കാണാം.
തീവണ്ടിപ്പാളത്തിൽ കുടുങ്ങിപ്പോയ കുടുംബം, പാളത്തിന്റെ അരികിലേക്ക് ഒതുങ്ങി കിടന്നാണ് ട്രെയിനിൽ നിന്ന് രക്ഷപ്പെട്ടത്. ട്രെയിൻ കടന്നുപോയ ഉടൻ തന്നെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഓടിയെത്തി അമ്മയെയും കുട്ടികളെയും രക്ഷപെടുത്തി. ഭാഗ്യവശാൽ കുടുംബാംഗങ്ങൾ ആർക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ല.
‘കൺട്രി ഗുൽഷൻ’ എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലാണ് ഈ വീഡിയോ പങ്കുവെച്ചത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. സ്വന്തം ജീവൻ പോലും പണയം വെച്ച് മക്കളെ രക്ഷിക്കാൻ കാണിച്ച അമ്മയുടെ ധൈര്യത്തെയും മാതൃത്വത്തെയും പ്രശംസിച്ച് നിരവധിയാളുകൾ രംഗത്തെത്തി. എന്നാൽ, സുരക്ഷിതമായ വഴിയിലൂടെ പോകാതെ കുട്ടികളുമായി റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങിയ അമ്മയുടെ അശ്രദ്ധയെ വിമർശിച്ചും ചിലർ കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്.




