Entertainment

ഗോവിന്ദയുടെ ഗോസിപ്പ് ഗേൾഫ്രണ്ട്, ആരാണ് ബോളിവുഡിൽ ചർച്ചയാകുന്ന കോമൾ റാണി സ്വർണ്ണകർ?

സഹതാരം കോമൾ റാണി സ്വർണ്ണകറുമായി ബന്ധപ്പെടുത്തി വീണ്ടും പ്രണയ ഗോസിപ്പുകളിൽ നിറയുകയാണ് ബോളിവുഡ് താരം ഗോവിന്ദ. ഭർത്താവിനെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ രംഗത്തെത്തിയതോടെയാണ് ഈ വിഷയം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായത്. തന്റെ പുതിയ ചിത്രമായ ‘രൂപ’യിലെ പുതിയ സഹതാരമായി കഴിഞ്ഞ ജൂലൈയിലാണ് ഗോവിന്ദ കോമളിനെ മാധ്യമങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തിയത്.

ബോളിവുഡിൽ സ്വന്തമായി ഇടം കണ്ടെത്താൻ ശ്രമിക്കുന്ന തുടക്കക്കാരിയാണ് കോമൾ റാണി സ്വർണ്ണകർ. ‘രൂപ’ എന്ന ചിത്രത്തിന്റെ ഭാഗമാകുന്നതിന് മുൻപ് പ്രേക്ഷകർക്ക് ഇവരെക്കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല. ഉത്തർപ്രദേശ് സ്വദേശിയായ ഇവരുടെ കുടുംബത്തെക്കുറിച്ചോ, വിദ്യാഭ്യാസത്തെക്കുറിച്ചോ, വ്യക്തിജീവിതത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ കോമളിന് പതിനഞ്ചായിരത്തിലധികം ഫോളോവേഴ്സുണ്ട്. ചിത്രീകരണ വിശേഷങ്ങളും വ്യക്തിഗത ഫോട്ടോകളും ഇവർ നിരന്തരം പങ്കുവെക്കാറുണ്ട്. ‘രൂപ’യ്ക്ക് പുറമെ ‘ദുനിയാദാരി’ എന്ന മറ്റൊരു ഗോവിന്ദ ചിത്രത്തിലും ഇവർ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഗോവിന്ദയും കോമളും ഒന്നിച്ച് ക്യാമറയിൽ പതിഞ്ഞിരുന്നു. ഇവരെ ഒന്നിച്ചു കണ്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ സുനിത രൂക്ഷമായാണ് പ്രതികരിച്ചത്. “വിനാശകാലേ വിപരീത ബുദ്ധി എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ, അദ്ദേഹത്തിന്റെ ബുദ്ധി നശിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഇപ്പോൾ ഞാൻ കൂടുതൽ എന്താണ് പറയേണ്ടത്?” എന്നായിരുന്നു സുനിതയുടെ പ്രതികരണം.

“നേരത്തെ ഗോവിന്ദ എന്നെ വഞ്ചിച്ചതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ എന്നെയാണ് ട്രോൾ ചെയ്തത്. ഇപ്പോൾ എനിക്ക് ആ ആരാധകരോടും മാധ്യമങ്ങളോടുമാണ് ചോദിക്കാനുള്ളത്, നിങ്ങൾക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്? ഇനി എന്നോട് ഒന്നും ചോദിക്കേണ്ട, എനിക്കിതിൽ യാതൊരു താല്പര്യവുമില്ല,” സുനിത കൂട്ടിച്ചേർത്തു. 1987-ലാണ് ഗോവിന്ദയും സുനിതയും വിവാഹിതരായത്. ടീന അഹൂജ, യശ്വർദ്ധൻ അഹൂജ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്.