ഓരോ പ്രദേശത്തിനും അതിന്റേതായ ആചാരങ്ങളും പാരമ്പര്യ വിശ്വാസങ്ങളുമുണ്ട്. പഴമക്കാർ കൈമാറിവന്ന ഇത്തരം ചടങ്ങുകൾ ഇന്നത്തെ തലമുറയ്ക്ക് പലപ്പോഴും വിചിത്രമായി തോന്നാം. എന്നാൽ പ്രായത്തിന്റെ അപക്വത കൊണ്ടും ആചാരം ലംഘിച്ചാൽ എന്തുസംഭവിക്കും എന്ന ജിജ്ഞാസ കൊണ്ടും മുന്നോട്ടു ചാടുന്നത് വലിയ അപകടങ്ങളിലേക്കാവും വഴിതുറക്കുക. അത്തരത്തിൽ എടുത്തുചാടി വലിയൊരബദ്ധത്തിൽ ചെന്നുപെട്ട ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം.
നൈജീരിയയിലെ യോറുബ വിഭാഗക്കാർക്കിടയിൽ നടക്കാറുള്ള ‘ഒലുലു’ എന്ന ഉത്സവവുമായി ബന്ധപ്പെട്ടാണ് ഈ സംഭവം. വിശ്വാസമനുസരിച്ച് ഈ ചടങ്ങ് സ്ത്രീകൾ കാണാൻ പാടില്ലെന്ന കർശന വിലക്കുണ്ട്. എന്നാൽ കൗതുകം അടക്കാനാവാതെ ഒരു ടിക് ടോക് ഉപയോക്താവായ യുവതി ഈ അപൂർവ്വ ചടങ്ങിന്റെ ദൃശ്യങ്ങൾ രഹസ്യമായി ഫോണിൽ പകർത്തി. തൊട്ടുപിന്നാലെ യുവതിക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ കുടുംബാംഗങ്ങൾ യുവതിയുടെ തെറ്റ് ഏറ്റുപറഞ്ഞ് സമുദായ നേതാക്കളെ സമീപിക്കുകയും പ്രായശ്ചിത്ത കർമ്മങ്ങൾക്കും പാരമ്പര്യ ചികിത്സയ്ക്കും വിധേയയാക്കുകയുമായിരുന്നു.
സ്ത്രീകൾ കാണരുതെന്ന് വിലക്കുള്ള ആചാരം ക്യാമറയിൽ പകർത്തിയ യുവതി മരണത്തോടടുക്കുകയാണെന്ന രീതിയിലാണ് ആദ്യം വാർത്തകൾ പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് ശുദ്ധിക്രിയകൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചത്. എന്നാൽ യുവതി പവിത്രമായ ഒലുലു മുഖംമൂടിയെ നേരിട്ട് പകർത്തിയിട്ടില്ലെന്നും, ഇബാദാനിലൂടെ കടന്നുപോയ ഘോഷയാത്രയിലെ ‘അലാവോ ഒലുലു’ എന്ന രൂപത്തെയാണ് ചിത്രീകരിച്ചതെന്നും നൈജീരിയൻ കൊട്ടാരം വക്താവ് വ്യക്തമാക്കി. വീഡിയോ അപ്ലോഡ് ചെയ്ത ഉടൻ ആരോഗ്യനില മോശമായതോടെയാണ് കുടുംബം ആചാര്യന്മാരുടെ സഹായം തേടിയത്.
വീഡിയോ പങ്കുവെച്ചതിന് പിന്നാലെ രക്തം വറ്റിപ്പോകുന്നതുപോലെയുള്ള ശാരീരിക അസ്വസ്ഥതകളാണ് യുവതിക്കുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കുടുംബം ഒലുലു വിഭാഗത്തെ സമീപിക്കുകയും നാട്ടുനടപ്പനുസരിച്ച് പരിഹാരക്രിയകൾ ചെയ്യുകയുമായിരുന്നു. സ്ത്രീകൾ ഒലുലുവിനെ കാണരുതെന്ന ലളിതമായ നിർദ്ദേശം പാലിക്കാതിരുന്നതാണ് യുവതിയെ ഈ കുരുക്കിൽപ്പെടുത്തിയത്.
ചടങ്ങുകളുടെ ഭാഗമായി തല മുണ്ഡനം ചെയ്ത്, ചുവന്ന വസ്ത്രമണിഞ്ഞ് യുവതി ശുദ്ധിക്രിയകളിൽ പങ്കെടുക്കുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഇതിനായി ആഫ്രിക്കൻ ഒച്ചുകളെയും ആടിനെയും ബലി നൽകിയെന്നും, മകൾക്കായി അമ്മ ആചാര്യന്മാരോട് പരസ്യമായി മാപ്പപേക്ഷിച്ചെന്നും വിവരമുണ്ട്.
മുത്തശ്ശിമാരുടെ കാലം തൊട്ടേ നിലനിൽക്കുന്ന ഈ ഉത്സവം ഒലുലു ഗോത്രക്കാരാണ് കൊണ്ടാടുന്നത്. പൂർവികരെ ഓർക്കാനും നാടിന്റെ ഐശ്വര്യത്തിനും സമാധാനത്തിനുമായി നൃത്തവും പാട്ടും ബലികർമ്മങ്ങളുമൊക്കെയായിട്ടാണ് ഇത് ആഘോഷിക്കുന്നത്. ഉത്സവത്തിന്റെ ചില ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനോ റെക്കോർഡ് ചെയ്യുന്നതിനോ ഇന്നും കടുത്ത വിലക്കുണ്ട്.




