നാവിനെ കൊതിപ്പിക്കുന്ന കോഫിയും സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങളും വിളമ്പി ബോളിവുഡ് താരങ്ങളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും പ്രിയപ്പെട്ട കേന്ദ്രമായി മാറിയിരിക്കുകയാണ് മുംബൈയിലെ ബുജി കഫേ (Boojee Café).
ഒരു ചെറിയ സാന്ഡ്വിച്ച്-കോഫി ഷോപ്പായി തുടക്കം കുറിച്ച ഈ കഫേ, ഇന്ന് പ്രതിമാസം 100 കോടി രൂപയിലധികം വരുമാനം നേടുന്ന വൻ ബിസിനസായി വളർന്നു കഴിഞ്ഞു. മനോഹരമായ ഇന്റീരിയറും മികച്ച വിഭവങ്ങളും പ്രശസ്തരായ ഉപഭോക്താക്കളും ചേർന്ന് മുംബൈയിലെ ഏറ്റവും ജനപ്രിയമായ ഒരു സോഷ്യൽ ഡെസ്റ്റിനേഷനായി ഇതിനെ മാറ്റി.
2019-ൽ രാജ്ദീപ് സിംഗ് കുക്രേജയാണ് ബാന്ദ്രയിലെ വെറും 100 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ചെറിയ സ്ഥലത്ത് ബുജി കഫേ ആരംഭിച്ചത്. ആരോഗ്യകരമായ ഭക്ഷണങ്ങൾക്ക് വലിയ ആവശ്യക്കാരുണ്ടെങ്കിലും അവ വളരെ ചെലവേറിയതാണെന്നും, വിലക്കുറവുള്ളവയ്ക്ക് രുചി കുറവാണെന്നും തിരിച്ചറിഞ്ഞാണ് അദ്ദേഹം ഈ രംഗത്തേക്ക് ഇറങ്ങിയത്. തന്റെ സമ്പാദ്യത്തിൽ നിന്ന് 10 ലക്ഷത്തോളം രൂപ നിക്ഷേപിച്ച് 15 പേർക്ക് മാത്രം ഇരിക്കാവുന്ന സൗകര്യത്തോടെയാണ് കഫേ തുടങ്ങിയത്. സാധാരണ റസ്റ്റോറന്റുകളെക്കാൾ കൂടുതൽ സമയം (രാവിലെ 7 മണി മുതൽ രാത്രി 11 മണി വരെ) പ്രവർത്തിക്കാം എന്നതിനാലാണ് അദ്ദേഹം ഒരു കഫേ തുടങ്ങാൻ തീരുമാനിച്ചത്.
സാൽമൺ എഗ്ഗ്സ് ബെനഡിക്റ്റ്, ബർഗറുകൾ, ക്രാബ് ഓംലെറ്റ്, മോക്ക ബോംബൊലോണി എന്നിവ മുതൽ തച്ച കോട്ടേജ് ചീസ് സാന്ഡ്വിച്ച്, പിസ്ത ബാക്ലവ തുടങ്ങി വിഭിന്നങ്ങളായ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. അനന്യ പാണ്ഡെ, ഷാഹിദ് കപൂർ, സുഹാന ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിംഗ് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ പതിവായി സന്ദർശിക്കുന്ന ഇടം കൂടിയാണിത്.
നിലവിൽ മുംബൈയിൽ അഞ്ച് ഔട്ട്ലെറ്റുകളുള്ള ബുജി കഫേ കഴിഞ്ഞ വർഷം 103 കോടി രൂപയുടെ വരുമാനമാണ് നേടിയതെന്ന് എൻ.ഡി.ടി.വി പ്രോഫിറ്റിന് നൽകിയ അഭിമുഖത്തിൽ സ്ഥാപകൻ വെളിപ്പെടുത്തി. ഇതുവരെ ബാഹ്യ നിക്ഷേപങ്ങളൊന്നും സ്വീകരിക്കാതെയാണ് ഈ കഫേ മുന്നേറുന്നത്.




