ഹിന്ദി, മറാത്തി സിനിമകളിലും ടെലിവിഷനിലുമായി ഏഴ് പതിറ്റാണ്ടോളം അഭിനയരംഗത്ത് നിറഞ്ഞുനിന്ന മുതിർന്ന നടി ഉഷാ നാഡ്കർണി, പവിത്ര റിഷ്ട എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെയാണ് ഏവരുടെയും പ്രിയങ്കരിയായത്. സ്ക്രീനിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കാണികളുടെ കൈയടി നേടിയെങ്കിലും, അവരുടെ വ്യക്തിജീവിതം ദുരിതങ്ങളും ത്യാഗങ്ങളും നിറഞ്ഞതായിരുന്നു. ബാല്യകാലത്തെ ഗാർഹിക പീഡനങ്ങൾ മുതൽ മകനിൽ നിന്ന് അകന്നു ജീവിക്കേണ്ടി വന്ന സാഹചര്യം വരെ, തന്റെ ജീവിതത്തെ രൂപപ്പെടുത്തിയ പ്രതിസന്ധികളെക്കുറിച്ച് 80-ാം വയസ്സിലും മുംബൈയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഇവർ തുറന്നുപറയുന്നു..
1987 മുതൽ താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഉഷ വ്യക്തമാക്കി. മകൻ വിദേശത്താണ്, സഹോദരങ്ങളെല്ലാം മരണപ്പെടുകയും ചെയ്തു. തുടക്കത്തിൽ ഒറ്റയ്ക്ക് താമസിക്കാൻ ഭയമായിരുന്നുവെങ്കിലും ഇപ്പോൾ താൻ ഈ ഏകാന്തതയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. മരണത്തെ ഭയക്കുന്നില്ലെന്ന് പറഞ്ഞ അവർ, ഉറക്കത്തിൽ മരിച്ചാൽ ഒരുപക്ഷേ വാതിൽ തുറക്കാതിരിക്കുമ്പോൾ അയൽക്കാരായിരിക്കും വിവരമറിയുക എന്നും കൂട്ടിച്ചേർത്തു.
വർഷങ്ങൾക്ക് മുൻപ് ഭർത്താവുമായി പിരിഞ്ഞ ഇവർക്ക് ഭർത്താവിനോടോ അദ്ദേഹത്തിന്റെ കുടുംബത്തോടോ യാതൊരു വിദ്വേഷവുമില്ല. ദാമ്പത്യബന്ധം വേർപിരിഞ്ഞതിന് ശേഷം ഇവരുടെ മകനെ വളർത്തിയത് ഉഷയുടെ അമ്മയായിരുന്നു. നാടകത്തിരക്കുകൾ കാരണം മകനോടൊപ്പം ചെലവഴിക്കാൻ സമയം കിട്ടാതിരുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ, “അമ്മ എന്നെ പ്രസവിക്കുക മാത്രമാണ് ചെയ്തത്, എന്റെ യഥാർത്ഥ അമ്മ മുത്തശ്ശിയാണ്” എന്ന് മകൻ പറയാറുള്ള സങ്കടകരമായ കാര്യവും ഉഷ പങ്കുവെച്ചു.
വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ അക്രമസ്വഭാവം കാരണം ഭയത്തോടെയാണ് ഇവർ കുട്ടിക്കാലത്ത് കഴിഞ്ഞിരുന്നത്. പത്രം ചുളിവ് വീണാലോ, പുസ്തകങ്ങൾ കൃത്യമായി അടുക്കി വെച്ചില്ലെങ്കിലോ അച്ഛൻ ദേഷ്യപ്പെടുകയും പുസ്തകങ്ങൾ കീറിയെറിയുകയും ചെയ്യുമായിരുന്നു. ഒരിക്കൽ സഹോദരനെ തല്ലുന്നത് തടയാൻ ശ്രമിച്ചപ്പോൾ ‘കൊയ്ത്ത’ (വളഞ്ഞ കത്തി) കൊണ്ട് അച്ഛൻ തന്റെ കൈയിൽ വെട്ടിയെന്നും, ആ മുറിവോടെയാണ് പിറ്റേന്ന് താൻ നാടകത്തിൽ അഭിനയിക്കാൻ പോയതെന്നും ഉഷ ഓർത്തെടുത്തു.
കുട്ടിക്കാലം മുതലേ അഭിനയത്തോട് അഭിനിവേശമുണ്ടായിരുന്നെങ്കിലും കുടുംബത്തിൽ നിന്ന് ശക്തമായ എതിർപ്പാണ് നേരിടേണ്ടി വന്നത്. അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അമ്മ ഇവരെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. എങ്കിലും പ്രതിസന്ധികളിൽ തളരാതെ പോരാടിയ ഉഷാ നാഡ്കർണി, നാലാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ തന്റെ അഭിനയജീവിതം 80-ാം വയസ്സിലും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു.




