2025-ൽ മാത്രം നാഷണൽ സെന്റർ ഫോർ വെക്റ്റർ ബോൺ ഡിസീസസ് 1,21,824 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ വലിയൊരു ആരോഗ്യ ആശങ്കയായി ഇത് മാറിയിരിക്കുകയാണ്. മഴക്കാലത്ത് ഡെങ്കി കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, രോഗബാധ തടയാനും രോഗമുക്തി വേഗത്തിലാക്കാനുമുള്ള വഴികൾ ആളുകൾ അന്വേഷിക്കാറുണ്ട്. ഇതിലൊന്ന് ശാസ്ത്രീയ അടിത്തറയുള്ള പപ്പായയില നീരിന്റെ ഉപയോഗമാണ്.
പപ്പായയില നീരും ഇതിന്റെ സത്തും ഡെങ്കിപ്പനി സമയത്ത് വേഗത്തിൽ താഴുന്ന രക്തത്തിലെ പ്ലേറ്റ്ലെറ്റ് അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. എന്നാൽ കാട്ടുചെടികളിൽ നിന്നും മറ്റും പറിച്ചെടുക്കുന്ന പപ്പായയിലകളിൽ പൊടിയും രോഗാണുക്കളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായി കഴുകി വേണം ഇത് തയ്യാറാക്കാൻ.
ഡെങ്കിപ്പനിയുടെ പ്രധാന അപകടവശങ്ങളിലൊന്ന് രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം പെട്ടെന്ന് താഴുന്നതാണ്. ത്രോംബോസൈറ്റോപീനിയ എന്ന ഈ അവസ്ഥയ്ക്ക് കൃത്യമായ വൈദ്യപരിശോധനയും മേൽനോട്ടവും ആവശ്യമാണ്. പലപ്പോഴും ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നത് ഈ കാരണം കൊണ്ടാണ്. ഡെങ്കിപ്പനി പരത്തുന്ന വൈറസ് പ്ലേറ്റ്ലെറ്റ് നിർമ്മാണത്തെ തടസ്സപ്പെടുത്തുന്നതാണ് ഇതിന് കാരണം.
പപ്പായയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകളും ഫ്ലേവനോയ്ഡുകളും പ്ലേറ്റ്ലെറ്റുകൾ വർദ്ധിപ്പിക്കുന്ന ചില ജീനുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയതിനാൽ ഇവ രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും. പപ്പായയില സറ്റ് പ്ലേറ്റ്ലെറ്റുകൾ വർദ്ധിപ്പിക്കുമെന്ന് ചില ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ കൂടുതൽ വിപുലമായ ഗവേഷണങ്ങൾ ഇനിയും നടക്കേണ്ടതുണ്ട്.
പപ്പായയില നീര് പ്ലേറ്റ്ലെറ്റ് എണ്ണം കൂട്ടാൻ സഹായിക്കുമെങ്കിലും, ഇത് ഡെങ്കിപ്പനിക്കുള്ള ഒരു പരിപൂർണ്ണ ചികിത്സയല്ല. ഒരു അനുബന്ധ ചികിത്സ മാത്രമായി ഇതിനെ കാണണം. കടുത്ത കൈപ്പ് രസമുള്ളതിനാൽ ചിലർക്ക് ഇത് ദഹിക്കാൻ പ്രയാസമായിരിക്കും. വയറുവേദന, ഓക്കാനം, അലർജി, ഗർഭിണികളിലെ സുരക്ഷാ പ്രശ്നങ്ങൾ, മറ്റ് മരുന്നുകളുമായുള്ള പ്രതിപ്രവർത്തനം എന്നിവ പപ്പായയില നീരിന്റെ പാർശ്വഫലങ്ങളാണ്.
അതിനാൽ ഡെങ്കിപ്പനി ബാധിച്ചാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ഡോക്ടറെ കാണുകയാണ് വേണ്ടത്. കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്തുകയും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, കരിക്കിൻ വെള്ളം, ഒ.ആർ.എസ്, പഴങ്ങൾ, സൂപ്പുകൾ എന്നിവ കഴിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുകയും വേണം. പപ്പായയില നീര് കഴിക്കുന്നതിന് മുൻപും നിർബന്ധമായും ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.




