Oddly News

ഹോസ്പിറ്റൽ മുറ്റത്ത് വച്ച് ബൈക്കിലിരുന്ന് പ്രസവം; പൊക്കിള്‍ക്കൊടി മുറിയാതെ കുഞ്ഞ്; മാതൃകയായി ഡോക്ടർമാർ

വിയറ്റ്നാമിൽ നിന്നുള്ള നാടകീയമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട 25-കാരിയായ ഗർഭിണി ബൈക്കിന്റെ പിൻസീറ്റിൽ വെച്ച് കുഞ്ഞിന് ജന്മം നൽകി. വിയറ്റ്നാമിലെ തായ് ങ്ഗുയെൻ പ്രവിശ്യയിലെ ഫൂ ലുവോങ് ആശുപത്രിക്ക് മുന്നിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.

32 ആഴ്ച ഗർഭിണിയായിരുന്ന യുവതിക്ക് പെട്ടെന്ന് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രി കവാടത്തിൽ എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. പൊക്കിൾ കൊടി പോലും വേർപെടുത്താത്ത നിലയിൽ നവജാതശിശുവുമായി യുവതി ബൈക്കിൽ നിന്ന് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആശുപത്രി അധികൃതർ സഹായവുമായെത്തി. കുഞ്ഞിന് ആഘാതമുണ്ടാകാതിരിക്കാൻ യുവതിയോട് ബൈക്കിൽ നിന്ന് ശ്രദ്ധയോടെ ഇറങ്ങി നിൽക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്ന് കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ചൂട് നൽകുകയും പൊക്കിൾക്കൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും ഉടനടി പ്രസവമുറിയിലേക്ക് മാറ്റുകയും ചെയ്തു.

മാസം തികയാതെയുള്ള പ്രസവമായതിനാൽ കുഞ്ഞിന് 2 കിലോഗ്രാം മാത്രമാണ് ഭാരമുണ്ടായിരുന്നത്. അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്നും ആരോഗ്യം വീണ്ടെടുക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മാസം തികയാതെ ജനിച്ചതിനാൽ കുഞ്ഞ് ഇപ്പോൾ നിരീക്ഷണത്തിലാണ്.