Featured Sports

വിദേശത്ത് മോശം ഫോം, എന്നാല്‍പിന്നെ നാട്ടിലെ പി​ള്ളേരെ അടിച്ചു തകര്‍ത്തേക്കാം, 225 സിക്സ്, 15 ഫോർ, 91 പന്തിൽ 233 റൺസ്’; ഇത് ‘അഭിഷേക് സ്പെഷ്യൽ’ വെടിക്കെട്ട്; വി‍ഡിയോ

അയർലൻഡിനും ഇംഗ്ലണ്ടിനും സിംബാബ്‌വെയ്ക്കുമെതിരായ ട്വന്റി20 പരമ്പരകളിൽ തിളങ്ങാനാകാത്തതിന്റെ ക്ഷീണം സ്വന്തം നാട്ടിൽ ലഭിച്ച അവസരത്തില്‍ മുതലാക്കി തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരം അഭിഷേക് ശർമ . പഞ്ചാബ് ഇന്റർ-ഡിസ്ട്രിക്റ്റ് സീനിയർ ഏകദിന ടൂർണമെന്റിലൂടെയാണ് താരം അടിച്ചു തകര്‍ത്തത്. അമൃത്സർ സീനിയർ ടീമിനായി കളത്തിലിറങ്ങിയ അഭിഷേക്, തരൺ തരൻ ടീമിനെതിരെ വെറും 91 പന്തുകളിൽ നിന്ന് 233 റൺസാണ് അടിച്ചുകൂട്ടിയത്. 25 സിക്സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു 256.04 സ്ട്രൈക്ക് റേറ്റിലുള്ള ഈ വെടിക്കെട്ട് ഇന്നിങ്സ്.

അന്താരാഷ്ട്ര മത്സരങ്ങളിൽ മോശം ഫോമിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് ഈ തകർപ്പൻ ഇരട്ട സെഞ്ചറി പ്രകടനം വന്നത്. ഈ മത്സരത്തിന്റെ സ്കോർകാർഡും അഭിഷേകിന്റെ ബാറ്റിങ് വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. അഭിഷേകിന്റെയും ഓപ്പണിങ് പങ്കാളി അഭയ് ചൗധരിയുടെയും (85 പന്തിൽ 93) തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിൽ അമൃത്സർ ടീം നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 533 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.

അടുത്തിടെ രാജ്യാന്തര ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുനിന്നും മൂന്നാം സ്ഥാനത്തേക്ക് അഭിഷേക് ശർമ പിന്തള്ളപ്പെട്ടിരുന്നു. അയർലൻഡ്, ഇംഗ്ലണ്ട്, സിംബാബ്‍വെ പരമ്പരകളിൽ മോശം ഫോമിലായിരുന്ന താരം, സിംബാബ്‌വെയ്ക്കെതിരായ മൂന്ന് ഇന്നിങ്സുകളിൽ നിന്ന് വെറും 3.66 ശരാശരിയിൽ 11 റൺസ് മാത്രമാണ് നേടിയത്. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളിൽ നിന്ന് 131 റൺസും അയർലൻഡിനെതിരെ രണ്ട് മത്സരങ്ങളിൽ നിന്ന് 49 റൺസുമാണ് സ്വന്തമാക്കിയത്. അവസാനമായി കളിച്ച 10 അന്താരാഷ്ട്ര ട്വന്റി20 ഇന്നിങ്സുകളിൽ നിന്ന് ഒരൊറ്റ അർധസെഞ്ചറി മാത്രമാണ് താരത്തിന് നേടാനായത്.

Leave a Reply

Your email address will not be published. Required fields are marked *