ഓറഞ്ച് (ഫ്രാൻസ്): ഭാര്യ ഒളിപ്പിച്ചു വെച്ചിരുന്ന കാർഡ്ബോർഡ് പെട്ടി തുറന്നുനോക്കിയ ഭർത്താവ് കണ്ടത് അഞ്ച് നവജാതശിശുക്കളുടെ ജീർണിച്ച മൃതദേഹങ്ങൾ. ഫ്രാൻസിലെ ഓറഞ്ച് നഗരത്തിലാണ് ഈ നടുക്കുന്ന സംഭവം നടന്നത്. സംഭവം നടക്കുന്നതിന്റെ തലേദിവസമാണ് യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയത്. ദിവസങ്ങളായി ഈ കാർഡ്ബോർഡ് പെട്ടിയെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. പ്രസവത്തിനുശേഷവും പെട്ടിയെച്ചൊല്ലിയുള്ള ഈ തർക്കം തുടരുകയായിരുന്നു.
എന്നാൽ തർക്കത്തിനിടെ യുവതിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് ഈ സമയം വീട്ടിൽ തന്നെ തുടരുകയായിരുന്നു. തുടർന്ന് ഇയാൾ തർക്കത്തിന് കാരണമായ പെട്ടി തുറന്നുനോക്കിയപ്പോഴാണ് അഞ്ച് കുഞ്ഞുങ്ങളുടെ ജീർണിച്ച മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിഭ്രാന്തനായ ഇയാൾ പെട്ടിയുമായി നേരെ ഭാര്യയെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ നവജാതശിശുക്കളുടേത് തന്നെയാണെന്ന് ഫോറൻസിക് പതോളജിസ്റ്റ് സ്ഥിരീകരിച്ചു. ഈ മൃതദേഹങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് ഭർത്താവ് പോലീസിന് മൊഴി നൽകിയത്. ഭാര്യ ഗർഭിണിയാണെന്ന വിവരം പോലും താൻ വളരെ വൈകിയാണ് അറിഞ്ഞതെന്നും മൂന്ന് തവണ ചോദിച്ചശേഷമാണ് ഭാര്യ അത് സമ്മതിച്ചതെന്നും ഇയാൾ വ്യക്തമാക്കി.
ഭർത്താവിന്റെ മൊഴിയിൽ സംശയങ്ങളൊന്നുമില്ലാത്തതിനാൽ പോലീസ് ഇയാളെ വിട്ടയച്ചു. നിലവിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ കൂടുതൽ ചോദ്യം ചെയ്യാൻ സാധിക്കൂ. ഇവർക്ക് അടുത്തിടെ ജനിച്ച കുഞ്ഞിനെക്കൂടാതെ എട്ടും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികൾ കൂടിയുണ്ട്. ഭർത്താവ് ജോലിക്ക് പോകുന്നയാളും ഭാര്യ വീട്ടമ്മയുമാണ്. കേസിലെ നിഗൂഢതകൾ പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇതിനിടെ സംഭവം പുറത്തുവന്നതോടെ യുവതി ദുർമന്ത്രവാദിനിയാണെന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.




