മുത്തശ്ശന് കൃത്യസമയത്ത് മരുന്ന് കഴിക്കാൻ ഓർമ്മപ്പെടുത്തുന്നതിനായി ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത് ചൈനീസ് കൗമാരക്കാരനായ മാ കായ് സോഷ്യൽ മീഡിയയിൽ വൻ പ്രശംസ നേടുന്നു. മുത്തശ്ശന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയ ആശങ്കയിൽ നിന്നാണ് 18-കാരനായ മാ കായ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ജൂലൈ പകുതിയോടെ നടന്ന ‘വേൾഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസി’ൽ (WAIC) പങ്കെടുത്തപ്പോഴാണ് മാ തന്റെ ആപ്പിനെക്കുറിച്ച് വ്യക്തമാക്കിയത്.
ബെയ്ജിംഗ് ആസ്ഥാനമായുള്ള എഐ കമ്പനിയായ മോഡൽബെസ്റ്റ് വികസിപ്പിച്ച മിനികെപിഎം (MiniCPM) എന്ന ലാർജ് ലാംഗ്വേജ് മോഡൽ (LLM) ഉപയോഗിച്ചാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്. ഈ കമ്പനിയിലെ ചില വിദഗ്ധർ എക്സിബിഷനിൽ എത്തുന്നുണ്ടെന്ന് അറിഞ്ഞാണ് താൻ സംശയങ്ങൾ ചോദിച്ചറിയാൻ അവിടെയെത്തിയതെന്ന് മാ പറഞ്ഞു. നിലവിൽ ഏതാനും വരി കോഡുകൾ മാത്രമുള്ള ഈ ആപ്പ് പ്രാഥമിക ഘട്ടത്തിലാണെന്നും അവൻ കൂട്ടിച്ചേർത്തു.
മരുന്നിന്റെ പാക്കറ്റിന്റെ ഫോട്ടോ എടുത്തു നൽകിയാൽ, ആ മരുന്നിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടോ എന്ന് തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാനുള്ള ഫീച്ചറും അവൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “ഈ മരുന്നിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു, ദയവായി ഇത് കഴിക്കരുത്” എന്ന് സിസ്റ്റം മുന്നറിയിപ്പ് നൽകും.
തന്നെ വളർത്തിയ മുത്തശ്ശനുമായി മാ കായ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. എന്നാൽ പഠനാവശ്യത്തിനായി സെപ്റ്റംബറിൽ മറ്റൊരു നഗരത്തിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് അവൻ. 70-കളിൽ പ്രായമുള്ള മുത്തശ്ശന് കൃത്യമായി മരുന്ന് കഴിക്കേണ്ട ആരോഗ്യപ്രശ്നങ്ങളുണ്ട്. മുത്തശ്ശൻ മരുന്ന് കഴിക്കാൻ മറന്നുപോകാനോ മാറിപ്പോകാനോ സാധ്യതയുള്ളതിനാലാണ് മാ ഇത്തരമൊരു ആപ്പ് വികസിപ്പിച്ചത്. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുള്ള മുതിർന്നവർ മരുന്ന് കഴിക്കാൻ മറക്കുകയോ കൂടുതൽ ഡോസ് കഴിക്കുകയോ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
ഈ കഥ ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. “ലോകത്തെ മാറ്റാൻ മാത്രമല്ല, കുടുംബത്തെ സംരക്ഷിക്കാനും എഐക്ക് കഴിയും. നന്നായി ചെയ്തു ചെറുപ്പക്കാരാ!” എന്ന് ഒരാൾ കുറിച്ചപ്പോൾ, “മുതിർന്ന കുടുംബാംഗങ്ങളെ പുതിയ കാലത്തിനൊപ്പം മുന്നോട്ട് കൊണ്ടുപോകുന്നതാണ് ഏറ്റവും വലിയ സ്നേഹമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു” എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. സ്വന്തം മാതാപിതാക്കളുടെ ഫോണിലും ഇത്തരം ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നാണ് വേറൊരാൾ കുറിച്ചത്.




