ഒരു ചിപ്സ് പാക്കറ്റ് തുറക്കുമ്പോൾ അതിനുള്ളിൽ കുറച്ചു ചിപ്സ് മാത്രം കാണുന്നത് നമ്മളിൽ മിക്കവർക്കും ഉണ്ടാകാറുള്ള അനുഭവമാണ്. പാക്കറ്റ് നിറഞ്ഞിരിക്കുന്നതായി തോന്നുമായിരിക്കാം, എന്നാൽ തുറന്നുകഴിയുമ്പോൾ അതിൻ്റെ പകുതിയിലധികം ഭാഗവും വെറും ‘കാറ്റ്’ മാത്രമാണെന്ന് തോന്നും. നമ്മളെ പറ്റിച്ച് കൂടുതൽ ചിപ്സ് ഉണ്ടെന്ന് തോന്നിപ്പിക്കാനാണ് നിർമ്മാതാക്കൾ ഇത്രയും വലിയ പാക്കറ്റ് ഉപയോഗിക്കുന്നതെന്ന് കരുതാൻ എളുപ്പമാണ്. എന്നാൽ, അതിനുള്ളിലെ കാറ്റിന് ഇതിനേക്കാൾ വലിയൊരു പ്രായോഗിക ആവശ്യമുണ്ട്. സത്യത്തിൽ ആ കാറ്റ് ഇല്ലായിരുന്നുവെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട ചിപ്സ് പൊടിഞ്ഞു മാത്രമേ നിങ്ങളുടെ കൈകളിൽ എത്തുമായിരുന്നുള്ളൂ. ചിപ്സ് പാക്കറ്റിൽ എന്തുകൊണ്ടാണ് കാറ്റ് നിറയ്ക്കുന്നതെന്ന് നോക്കാം.
പലർക്കും അറിയാത്ത ഒരു കാര്യം, ചിപ്സ് പാക്കറ്റിനുള്ളിലെ ശൂന്യമായ സ്ഥലം നമ്മൾ ശ്വസിക്കുന്ന സാധാരണ കാറ്റ് ഉപയോഗിച്ചല്ല നിറയ്ക്കുന്നത് എന്നതാണ്. പാക്കറ്റ് സീൽ ചെയ്യുന്നതിന് മുൻപ് നിർമ്മാതാക്കൾ അതിലേക്ക് നൈട്രജൻ വാതകം നിറയ്ക്കുന്നു. നിറമോ മണമോ ഇല്ലാത്ത നൈട്രജൻ, നമ്മൾ ശ്വസിക്കുന്ന വായുവിന്റെ 78 ശതമാനത്തോളം വരുന്ന ഒന്നാണ്. ഏറ്റവും പ്രധാനമായി, ഇത് ഭക്ഷണ സാധനങ്ങളുമായി പെട്ടെന്ന് രാസപ്രവർത്തനത്തിൽ ഏർപ്പെടാത്ത ഒരു വാതകമാണ്. ഓക്സിജനിൽ നിന്ന് വ്യത്യസ്തമായി, ചിപ്സിലെ എണ്ണ കേടാകാനോ അതിന്റെ രുചി നഷ്ടപ്പെടാനോ നൈട്രജൻ അനുവദിക്കില്ല. ഓക്സിജന് പകരം നൈട്രജൻ നിറയ്ക്കുന്നതിലൂടെ ചിപ്സിന്റെ പുതുമയും കടിയും രുചിയും കൂടുതൽ കാലം നിലനിൽക്കാൻ സഹായിക്കുന്നു.
ഈ ശൂന്യമായ സ്ഥലം മറ്റൊരു പ്രധാന ദൗത്യം കൂടി നിർവ്വഹിക്കുന്നുണ്ട്. ചിപ്സ് വളരെ എളുപ്പത്തിൽ പൊട്ടിപ്പോകാൻ സാധ്യതയുള്ള ഒന്നാണ്. ഫാക്ടറിയിൽ നിന്ന് വെയർഹൗസുകളിലേക്കും, ഡെലിവറി ട്രക്കുകളിലേക്കും, സൂപ്പർമാർക്കറ്റ് ഷെൽഫുകളിലേക്കും മാറ്റി വെക്കുന്നതിനിടയിൽ പാക്കറ്റുകൾ പലതവണ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. ഈ സമയത്ത് ഒരു കുഷ്യൻ പോലെ പ്രവർത്തിച്ച്, സമ്മർദ്ദം താങ്ങാനും ചിപ്സ് ഉടഞ്ഞുപോകാതെ സംരക്ഷിക്കാനും നൈട്രജൻ നിറഞ്ഞ ഈ സ്ഥലം സഹായിക്കുന്നു. ഇത്തരം ഒരു സുരക്ഷാ മുൻകരുതൽ ഇല്ലായിരുന്നെങ്കിൽ ചിപ്സ് മുഴുവൻ പൊടിഞ്ഞ നിലയിലാകും നമുക്ക് ലഭിക്കുക.
പാക്കറ്റിന്റെ വലിപ്പം മാത്രം നോക്കി അളവ് തീരുമാനിക്കേണ്ടതില്ല. ഉൽപ്പന്നത്തിന് സംരക്ഷണം നൽകുക, ഫാക്ടറികളിലെ മെഷീനുകൾക്ക് അനുയോജ്യമാവുക, കൊണ്ടുപോകാനുള്ള സൗകര്യം എന്നിവ കണക്കിലെടുത്താണ് പാക്കറ്റുകൾ രൂപകൽപ്പന ചെയ്യുന്നത്. കൂടാതെ, ഭക്ഷണപ്പൊതികളുടെ പുറത്ത് പാക്കറ്റ് നിറയെ ഉൽപ്പന്നമുണ്ടെന്ന് ഉറപ്പുനൽകാറില്ല, മറിച്ച് അതിനുള്ളിലെ യഥാർത്ഥ തൂക്കമാണ് (net weight) രേഖപ്പെടുത്തുന്നത്. പാക്കറ്റ് ചെറുതോ വലുതോ ആകട്ടെ, ചിപ്സിന്റെ അളവ് തീരുമാനിക്കുന്നത് അത് കൈയടക്കുന്ന സ്ഥലമല്ല, മറിച്ച് അതിന്റെ തൂക്കമാണ്.
അപ്പോൾ ഉപഭോക്താക്കളെ പറ്റിക്കാനാണോ ഈ കാറ്റ് നിറച്ചിരിക്കുന്നത്? ഒരിക്കലുമല്ല.
വലിയ പാക്കറ്റുകൾ ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാമെങ്കിലും, പാക്കറ്റിനുള്ളിലെ വാതകത്തിന് കൃത്യമായ ലക്ഷ്യമുണ്ട്. അത് ചിപ്സിന്റെ പുതുമ നിലനിർത്താനും, ചിപ്സ് പൊട്ടിപ്പോകാതെ കാത്തുസൂക്ഷിക്കാനും, അതിന്റെ ആയുസ്സ് വർധിപ്പിക്കാനും സഹായിക്കുന്നു. അതിനാൽ അടുത്ത തവണ ഒരു ചിപ്സ് പാക്കറ്റ് തുറക്കുമ്പോൾ ചിപ്സ് കുറഞ്ഞുപോയല്ലോ എന്ന് ഓർക്കുന്നതിന് മുൻപ്, ആ ശൂന്യമായ സ്ഥലം നിങ്ങളുടെ ചിപ്സിന്റെ കടിമൊരിപ്പ് നിലനിർത്താൻ പ്രവർത്തിക്കുകയായിരുന്നു എന്ന് ഓർക്കുക.




