വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കെല്ലാം അറിയാം. എന്നിരുന്നാലും ചൂടുള്ള പക്കോടയുടെയോ ക്രിസ്പി ഫ്രൈസിന്റെയോ ചിക്കൻ ഫ്രൈയുടെയോ ഒക്കെ മണം മൂക്കിലടിക്കുമ്പോൾ വേണ്ടാ എന്ന് വെക്കുക വളരെ പ്രയാസമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇത് കേവലം ആത്മനിയന്ത്രണമില്ലായ്മ കൊണ്ടല്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വറുക്കുമ്പോൾ ഭക്ഷണത്തിലുണ്ടാകുന്ന മാറ്റങ്ങൾ, അതിനോട് നമ്മുടെ മസ്തിഷ്കം പ്രതികരിക്കുന്ന രീതി, കാലങ്ങളായി നമ്മൾ വളർത്തിയെടുത്ത ഭക്ഷണശീലങ്ങൾ എന്നിവയെല്ലാം ഇതിന് പിന്നിലുണ്ട്.
വറുത്ത ഭക്ഷണങ്ങൾ കഴിക്കാൻ തോന്നിപ്പിക്കുന്ന പ്രധാന കാരണം അവ എണ്ണയിലിട്ട് വറുക്കുമ്പോൾ ഉണ്ടാകുന്ന രാസമാറ്റങ്ങളാണ്. വറുക്കുമ്പോൾ ഭക്ഷണത്തിലെ ജലാംശം നഷ്ടപ്പെടുകയും പുറംഭാഗം നല്ല മൊരിഞ്ഞതായി മാറുകയും ചെയ്യുന്നു. ഒപ്പം പ്രോട്ടീനുകളിലും അന്നജത്തിലും മാറ്റങ്ങൾ വരുകയും മൈലാഡ് (Maillard) പ്രക്രിയയിലൂടെ ഭക്ഷണത്തിന് ആകർഷകമായ സ്വർണ്ണനിറവും നല്ല മണവും രുചിയും ലഭിക്കുകയും ചെയ്യുന്നു. അങ്ങനെ വറുക്കുമ്പോൾ ഭക്ഷണത്തിന്റെ ഘടനയും മണവും രുചിയും ഒരുപോലെ മാറുന്നത് കൊണ്ട് തന്നെ അവ സാധാരണ വേവിച്ചതിനേക്കാൾ കൂടുതൽ ആകർഷകമായി അനുഭവപ്പെടുന്നു.
ഇത്തരം രുചികരമായ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് മസ്തിഷ്കത്തിലെ ഡോപാമൈൻ (Dopamine) വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഡോപാമൈൻ എന്നത് കേവലം സന്തോഷം തരുന്ന ഒരു രാസവസ്തു മാത്രമല്ല, മറിച്ച് ആ നല്ല അനുഭവങ്ങളെ മസ്തിഷ്കത്തിൽ ഓർമ്മിപ്പിച്ചു നിർത്താനും സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് വിശപ്പില്ലെങ്കിൽ പോലും വറുത്ത ഭക്ഷണങ്ങളുടെ മണമോ കാഴ്ചയോ കാണുമ്പോൾ നമുക്കത് കഴിക്കാൻ തോന്നുന്നത്. വറുത്ത ഭക്ഷണങ്ങളോട് കൊതി തോന്നുന്നത് ശരീരത്തിൽ പോഷകങ്ങളുടെ കുറവുള്ളതുകൊണ്ടാണെന്ന വാദത്തിന് കൃത്യമായ ശാസ്ത്രീയ തെളിവുകളില്ല. പകരം, നമ്മുടെ പഴയ ശീലങ്ങളും മാനസികാവസ്ഥകളുമാണ് ഈ കൊതിക്ക് പിന്നിൽ.
എപ്പോഴെങ്കിലും വറുത്ത ഭക്ഷണം കഴിക്കുന്നത് കുഴപ്പമില്ല, എന്നാൽ അത് സ്ഥിരമാക്കുന്നതാണ് പ്രശ്നം. 1,10,000-ത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിൽ, ആഴ്ചയിൽ ഏഴോ അതിലധികമോ തവണ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹവും ഹൃദ്രോഗ സാധ്യതയും വരാൻ വലിയ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വണ്ണക്കൂടുതൽ, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുമായി ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
വറുത്ത ഭക്ഷണങ്ങൾ ജീവിതത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്ന് ശാസ്ത്രം പറയുന്നില്ല. പകരം, ഭക്ഷണം കഴിക്കാതിരിക്കുന്നത് ഒഴിവാക്കുക; കാരണം കഠിനമായ വിശപ്പ് ഇത്തരം കൊതികൾ കൂട്ടും. ഭക്ഷണങ്ങൾ പൂർണ്ണമായി വിലക്കുന്നതും അവയോടുള്ള ആഗ്രഹം വർദ്ധിപ്പിക്കും. കൃത്യമായ balanced ഭക്ഷണം കഴിക്കുകയും വറുത്ത ഭക്ഷണങ്ങൾ എപ്പോഴെങ്കിലും മാത്രം ആസ്വദിക്കുകയും ചെയ്യുന്നതാണ് ശരിയായ രീതി.




