Oddly News

ശർക്കര കൊടുക്കുന്നതിനിടെ യുവാവിനെ ആന തുമ്പിക്കൈയിലെടുത്ത് നിലത്തടിച്ച് ചവിട്ടി വീഴ്ത്തി, ദാരുണാന്ത്യം! വീഡിയോ

ഇൻഡോറിലെ രാജ് നഗർ മേഖലയിൽ ശനിയാഴ്ച വൈകുന്നേരം ആനയ്ക്ക് ശർക്കര കൊടുക്കുന്നതിനിടെ ആക്രമണത്തിന് ഇരയായി 49 വയസ്സുള്ള ഒാട്ടോറിക്ഷ ഡ്രൈവർ കൊല്ലപ്പെട്ടു. ഇ-സെക്ടർ രാജ് നഗർ സ്വദേശിയായ വിജയ് എന്ന ലക്ഷ്മൺ റാവു ഹോൾക്കറാണ് മരിച്ചത്. ചന്ദൻ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം 4:30 ഓടെയായിരുന്നു സംഭവം.

പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഒരു മതപരമായ ചടങ്ങിനായി ജെയിൻ സമുദായത്തിൽപ്പെട്ട ചിലർ ഉജ്ജയിനിൽ നിന്ന് ഇൻഡോറിലേക്ക് ഒരു ആനയെ എത്തിച്ചതായിരുന്നു. ചടങ്ങിന് ശേഷം പാപ്പാനൊപ്പം ആനയെ സംഭാവനകൾ സ്വീകരിക്കുന്നതിനായി രാജ് നഗറിലൂടെ നടത്തിക്കൊണ്ടുപോവുകയായിരുന്നു. ഈ സമയത്താണ് വിജയ് ആനയുടെ അടുത്തേക്ക് ചെല്ലുകയും ശർക്കര കൊടുക്കാൻ തുടങ്ങുകയും ചെയ്തത്. എന്നാൽ ആന പെട്ടെന്ന് അക്രമകാരിയാവുകയും ഇയാളെ ആക്രമിക്കുകയുമായിരുന്നു.

ആന തുമ്പിക്കൈ കൊണ്ട് വിജയെയെടുത്ത് നിലത്തടിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ആളുകൾ ഓടിയെത്തി വിജയെയ രക്ഷപ്പെടുത്തുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരിക്കുകൾ ഗുരുതരമായതിനാൽ പിന്നീട് എം.വൈ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വീട്ടുകാർ ഇയാളെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാത്രി വൈകി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോൾ വിജയ് മദ്യപിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്ക് ഭാര്യയും ഒരു മകനുമുണ്ട്. സംഭവത്തിൽ ചന്ദൻ നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആനയുടെ പാപ്പാനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ജനവാസ മേഖലയിലൂടെ ആനയെ കൊണ്ടുപോകുമ്പോൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *