Lifestyle

കല്യാണം കഴിഞ്ഞ് അതിഥികൾ പോകും, കടം നിങ്ങൾ വീട്ടണം! ലക്ഷങ്ങൾ പൊടിക്കുന്നവരോട് ചാർട്ടേഡ് അക്കൗണ്ടന്റിന് പറയാനുള്ളത്

ഇന്ത്യൻ കുടുംബങ്ങളുടെ പ്രധാന സവിശേഷതയാണ് ഇന്നും കേമമായി നടത്തുന്ന വിവാഹങ്ങൾ. ആഡംബര വേദികളും ലക്ഷങ്ങൾ പൊടിച്ചുള്ള ആഘോഷങ്ങളും വിലപിടിപ്പുള്ള സമ്മാനങ്ങളുമൊക്കെ ഇതിന്റെ ഭാഗമാണ്. എന്നാൽ ആഘോഷങ്ങൾ കഴിയുമ്പോൾ, ഇത്രയും പണം ചെലവാക്കിയത് ശരിയാണോ എന്ന് പലരും ചിന്തിച്ചു തുടങ്ങും. അതുകൊണ്ടുതന്നെ, പുതിയ തലമുറയിലെ പല ദമ്പതികളും ഇപ്പോൾ വേറിട്ടൊരു വഴിയാണ് തിരഞ്ഞെടുക്കുന്നത്. ഒരൊറ്റ ദിവസത്തെ ആഘോഷത്തിനായി ലക്ഷങ്ങൾ ഒഴുക്കുന്നതിന് പകരം, വിവാഹം ലളിതമായി നടത്തുകയും ആ പണം വീട് വാങ്ങാനോ ഭാവിയിലേക്കുള്ള സാമ്പത്തിക ഭദ്രതയ്ക്കായോ നിക്ഷേപിക്കുകയോ ചെയ്യുന്നു.

ഒരു വിവാഹത്തിനായി ചെലവഴിക്കുന്ന 20 ലക്ഷം രൂപ വെറും രണ്ടു ദിവസം കൊണ്ട് എങ്ങനെ ഇല്ലാതാകുന്നുവെന്നും അത് ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം എത്രത്തോളമാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബംഗളൂരുവിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റായ മീനൽ ഗോയൽ. മുൻപ് കെ.പി.എം.ജി , ഡിലോയിറ്റ് എന്നീ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള മീനൽ, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് 20 ലക്ഷം രൂപയുടെ ഒരു സാധാരണ വിവാഹ ചെലവുകളുടെ കണക്കുകൾ വ്യക്തമാക്കിയത്. ഭക്ഷണം, വേദി, അലങ്കാരങ്ങൾ, ഫോട്ടോഗ്രാഫി, വിനോദ പരിപാടികൾ എന്നിവയ്ക്കായി എങ്ങനെയാണ് പണം പെട്ടെന്ന് ചെലവഴിക്കപ്പെടുന്നതെന്ന് വ്യക്തമാക്കുന്ന അവർ, വിവാഹദിവസത്തിനപ്പുറമുള്ള ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ആളുകളെ ഓർമ്മിപ്പിക്കുന്നു.

മീനലിന്റെ കണക്ക് അനുസരിച്ച്, ഏകദേശം 6 ലക്ഷം രൂപ ഭക്ഷണത്തിനും 5 ലക്ഷം രൂപ കല്യാണമണ്ഡപത്തിനും 3 ലക്ഷം രൂപ അലങ്കാരങ്ങൾക്കും 2 ലക്ഷം രൂപ വീതം ഫോട്ടോഗ്രാഫിക്കും വിനോദ പരിപാടികൾക്കും ചെലവാകുന്നു. ബാക്കി 2 ലക്ഷം രൂപ മറ്റ് അപ്രതീക്ഷിത ചെലവുകൾക്കായും പോകും.

ഈ ചെലവുകളെല്ലാം താൽക്കാലികമാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ആഘോഷങ്ങൾ കഴിയുന്നതോടെ വേദി ഒഴിഞ്ഞുകൊടുക്കുന്നു, ഭക്ഷണം കഴിച്ചുതീരുന്നു, അലങ്കാരങ്ങൾ അഴിച്ചുമാറ്റപ്പെടുന്നു, അതിഥികൾ മടങ്ങുകയും ചെയ്യുന്നു; എന്നാൽ അതിനായി ഉണ്ടാക്കിയ സാമ്പത്തിക ബാധ്യത മാത്രം അവിടെത്തന്നെ അവശേഷിക്കുന്നു.

“വിവാഹം എന്നത് ഒരു ആഘോഷമാണ്. അത് ഒരിക്കലും ഒരു സാമ്പത്തിക ഭാരമാകരുത്. നിങ്ങളുടെ കൈയിലുള്ള തുകയ്ക്കുള്ളിൽ നിന്ന് ആഘോഷിക്കുക, നല്ല ഓർമ്മകൾ സൃഷ്ടിക്കുക, സാമ്പത്തിക സമ്മർദ്ദങ്ങളില്ലാതെ സമാധാനത്തോടെ ദാമ്പത്യജീവിതം ആരംഭിക്കുക. ഒരൊറ്റ ദിവസത്തെ വിവാഹച്ചടങ്ങിന് മാത്രം പ്രാധാന്യം നൽകാതെ നല്ലൊരു ദാമ്പത്യജീവിതം കെട്ടിപ്പടുക്കുക,” മീനൽ കുറിച്ചു.

ഈ തുകയോ അല്ലെങ്കിൽ ഇതിന്റെ ഒരു ഭാഗമോ ഭാവിയിലെ സാമ്പത്തിക ഭദ്രതയ്ക്കായി എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിക്കാൻ അവർ ആളുകളെ ഉപദേശിക്കുന്നു. സ്വന്തമായി ഒരു വീട് വാങ്ങാനുള്ള അഡ്വാൻസ് തുകയായോ, അടിയന്തര ആവശ്യങ്ങൾക്കുള്ള ഫണ്ടായോ, മറ്റ് നിക്ഷേപങ്ങളായോ അല്ലെങ്കിൽ ഉന്നതപഠനത്തിനായോ ഈ പണം ഉപയോഗിക്കാമെന്ന് അവർ നിർദ്ദേശിക്കുന്നു.

അതേസമയം, വിവാഹാഘോഷങ്ങൾക്ക് താൻ എതിരല്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്. കടം വാങ്ങിയോ സാമ്പത്തിക ഞെരുക്കത്തിലായോ ആഡംബരം കാണിക്കാതെ, സ്വന്തം ശേഷിക്കനുസരിച്ച് ആഘോഷിച്ച് സമാധാനത്തോടെ ജീവിതം തുടങ്ങണം എന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്ന് അവർ പറഞ്ഞു.

മീനലിന്റെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ആഡംബര വിവാഹങ്ങൾ പലപ്പോഴും വ്യക്തിപരമായ താല്പര്യത്തേക്കാൾ ഉപരി സാമൂഹിക സമ്മർദ്ദം മൂലമാണ് നടക്കുന്നതെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. “ഇത് തുറന്നുപറഞ്ഞതിന് നന്ദി. ഒരു സ്ത്രീയിൽ നിന്ന് ഇത്തരമൊരു അഭിപ്രായം കേൾക്കുന്നത് ഏറെ സന്തോഷകരമാണ്. കൂടുതൽ ആളുകൾ ഇതുപോലെ ചിന്തിച്ചാൽ, സാധാരണക്കാരായ ചെറുപ്പക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വിവാഹത്തിന്റെ സാമ്പത്തിക ഭാരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടേണ്ടി വരില്ല,” എന്ന് ഒരാൾ കുറിച്ചു.

എന്നാൽ ഈ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മറ്റൊരു ഉപയോക്താവ് എഴുതിയത് ഇങ്ങനെയാണ്: “ക്ഷമിക്കണം, വിവാഹം എന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന കാര്യമാണ്. അതിനാൽ എനിക്ക് ആവശ്യമുള്ളത്ര പണം ഞാൻ ഇതിനായി ചെലവഴിക്കുക തന്നെ ചെയ്യും.”

Leave a Reply

Your email address will not be published. Required fields are marked *