Celebrity

‘നഗ്നയാകാൻ എനിക്കാവില്ല!, അനുരാഗ് കശ്യപ് ചിത്രം നഷ്ടമായി; ആ നടി ബോഡിസ്യൂട്ട് ധരിച്ച് അഭിനയിച്ചു’

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ ‘ഗുലാൽ’ എന്ന ചിത്രത്തിലെ വേഷം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടിയും മോഡലുമായ തേജസ്വിനി കോൽഹാപുരെ. കഥാപാത്രത്തിന് പ്രാധാന്യമില്ലാതിരുന്നതും ചിത്രത്തിൽ നഗ്നയായി അഭിനയിക്കണമെന്ന നിബന്ധനയുമാണ് ഓഫർ വേണ്ടെന്നുവെക്കാൻ കാരണമെന്ന് തേജസ്വിനി പറഞ്ഞു. 2009-ലാണ് ‘ഗുലാൽ’ പുറത്തിറങ്ങിയത്.

അനുരാഗ് തനിക്ക് ചിത്രത്തിന്റെ തിരക്കഥ നൽകി വായിക്കാൻ ആവശ്യപ്പെടുകയും സിനിമയുടെ ഭാഗമാകാൻ പറയുകയും ചെയ്തിരുന്നുവെന്ന് തേജസ്വിനി ഓർത്തെടുത്തു. എന്നാൽ സ്ത്രീ കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും നഗ്നയായി അഭിനയിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയപ്പോൾ ഹിന്ദി സിനിമയിൽ അങ്ങനെ ചെയ്താൽ തനിക്ക് പുറത്തുപോകേണ്ടി വരുമെന്നും താൻ മറുപടി നൽകി. കഥാപാത്രം അത്തരത്തിലാണ് എഴുതപ്പെട്ടിരിക്കുന്നതെന്നായിരുന്നു അനുരാഗിന്റെ പ്രതികരണം. തുടർന്ന് മറ്റൊരു വേഷത്തെക്കുറിച്ച് ചോദിച്ചെങ്കിലും അതിലും കാര്യമായി ഒന്നുമില്ലായിരുന്നുവെന്ന് തേജസ്വിനി അഭിമുഖത്തിൽ വ്യക്തമാക്കി.

എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ തന്റെ സഹപ്രവർത്തകയായ മോഡൽ ജെസ്സി രൺധാവയാണ് ആ വേഷം ചെയ്തതെന്നും അത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നുവെന്നും അവർ പറഞ്ഞു. ആ വേഷം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും നിബന്ധനകൾ തടസ്സമാവുകയായിരുന്നു. എന്നാൽ ജെസ്സി ബോഡിസ്യൂട്ട് ധരിച്ചാണ് ആ രംഗം ചെയ്തത്. അങ്ങനെ ചെയ്യാമായിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ പരിഗണിച്ചില്ലെന്ന് പിന്നീട് ചോദിച്ചപ്പോൾ, വേഷം നിരസിച്ചതിന്റെ ദേഷ്യത്തിലാകാം അനുരാഗ് തന്നെ ഒഴിവാക്കിയതെന്ന് തേജസ്വിനി കൂട്ടിച്ചേർത്തു.

2003-ൽ അനുരാഗ് കശ്യപിന്റെ ‘പാഞ്ച്’ എന്ന ചിത്രത്തിലൂടെയായിരുന്നു തേജസ്വിനി അരങ്ങേറ്റം കുറിക്കേണ്ടിയിരുന്നത്. എന്നാൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തില്ല. പിന്നീട് 2013-ൽ പുറത്തിറങ്ങിയ ‘അഗ്ലി’ എന്ന സൈക്കോളജിക്കൽ ത്രില്ലറിലാണ് ഇരുവരും ഒന്നിച്ചത്. ഈ ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും തേജസ്വിനി സംസാരിച്ചു.

‘ഗുലാൽ’ സിനിമയ്ക്ക് ശേഷമുണ്ടായ തർക്കങ്ങൾ മാറി വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായത്. ‘അഗ്ലി’യിലെ മദ്യപാനിയായ സ്ത്രീയുടെ വേഷത്തിന് തേജസ്വിനി അനുയോജ്യയാണെന്ന് അനുരാഗ് പറയുകയായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രശംസ നേടിയ ഈ ചിത്രം, പുകയില മുന്നറിയിപ്പ് പരസ്യങ്ങളുമായുള്ള തർക്കം കാരണം ഇന്ത്യയിൽ വൈകിയാണ് റിലീസ് ചെയ്തതെങ്കിലും ശ്രദ്ധ നേടി.

മുതിർന്ന നടി പദ്മിനി കോൽഹാപുരെയുടെ സഹോദരിയും നടി ശ്രദ്ധ കപൂറിന്റെ മാതൃസഹോദരിയുമാണ് തേജസ്വിനി കോൽഹാപുരെ. ടെലിവിഷൻ പരമ്പരയിലൂടെ കരിയർ ആരംഭിച്ച തേജസ്വിനി, ‘രാവൺ’, ‘അഗ്ലി’ തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയയായ താരമാണ്.

Leave a Reply

Your email address will not be published. Required fields are marked *