Oddly News

ഇവനൊക്കെ പോലീസായാല്‍… സഹപ്രവർത്തകയെ മർദിച്ചു, കോണ്ടം പാക്കറ്റുകൾ മുഖത്തേക്ക് വലിച്ചെറിഞ്ഞു; IPS ട്രെയിനിക്കെതിരെ കേസ്

ഹൈദരാബാദ് ∙ നാഷനൽ പൊലീസ് അക്കാദമിയിലെ ഐപിഎസ് ട്രെയിനിക്കെതിരെ സഹപ്രവർത്തകയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഒപ്പം പരിശീലിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ക്രൂരമായി മർദിക്കുകയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് നടപടി. ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെയാണ് ശിവരാംപള്ളിയിലെ അട്ടാപുർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. മുപ്പതുകാരിയായ സഹ ട്രെയിനി നൽകിയ വിശദമായ പരാതിയെ തുടർന്നാണ് പോലീസ് രംഗത്തിറങ്ങിയത്.

കഴിഞ്ഞ ജൂൺ 23 മുതൽ പ്രതി വാട്സാപ് വഴി തനിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായും മറ്റ് ട്രെയിനികളുടെ മുന്നിൽ വച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തി പരസ്യമായി പീഡിപ്പിച്ചിരുന്നതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. മറ്റൊരു ട്രെയിനിയുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന രീതിയിൽ ഇയാൾ വ്യാജപ്രചാരണം നടത്തി. ഈ കള്ളം സമ്മതിപ്പിക്കാനായി തന്നെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായും പരാതിയിലുണ്ട്. തന്റെ ഫോൺ ബലമായി പിടിച്ചുവാങ്ങി അതിലെ രഹസ്യ വിവരങ്ങൾ ചോർത്തി. തന്റെ സമ്മതമില്ലാതെ സ്വകാര്യ വിഡിയോ പകർത്തി അത് ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതായും അവർ ആരോപിക്കുന്നു.

തുടർന്ന് ജൂലൈ 9ന് പ്രതി തന്നെ വഴിയിൽ തടഞ്ഞുവച്ച് മുറിയിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഇതിനുപുറമെ കോണ്ടം പാക്കറ്റുകൾ മുഖത്തേക്ക് വലിച്ചെറിയുകയും മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായും യുവതിയുടെ പരാതിയിലുണ്ട്. ഈ ഗുരുതരമായ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) ലൈംഗിക അതിക്രമം, വധഭീഷണി, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളും ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചേർത്താണ് അട്ടാപുർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *