Oddly News

ക്ലാസ് മുറിയിൽ കത്തിയുമായി അധ്യാപിക; ‘കുട്ടികളുടെ സുരക്ഷയ്ക്കെന്ന്’ വിശദീകരണം

ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലുള്ള ഒരു സർക്കാർ പ്രൈമറി സ്കൂളിൽ പ്രിൻസിപ്പൽ എത്തിയത് വെട്ടുകത്തിയുമായി. അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ച സംഭവം അറിഞ്ഞ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്കൂളിലെത്തി ആയുധങ്ങൾ പിടിച്ചെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സ്കൂൾ പ്രിൻസിപ്പലായ ശിഖ സിംഗ് ആണ് ആയുധങ്ങളുമായി സ്കൂൾ പരിസരത്ത് എത്തിയത്. സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അധികൃതർ കർശന നടപടിയിലേക്ക് കടന്നത്. ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ നീരജ് ഉംറാവുവും പോലീസും സ്കൂളിലെത്തി ഇവരെ ചോദ്യം ചെയ്തു.

കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് താൻ ഈ ആയുധം കൈവശം വെച്ചിരിക്കുന്നതെന്നാണ് അധ്യാപിക നൽകുന്ന വിശദീകരണം.

പ്രദേശത്തെ തെരുവുനായ ശല്യത്തെക്കുറിച്ച് മുൻപ് പലതവണ താൻ അധികൃതർക്ക് പരാതി നൽകിയിരുന്നതായും എന്നാൽ ഒരു ഫലവുമുണ്ടായില്ലെന്നും അധ്യാപിക വ്യക്തമാക്കുന്നു. ഒടുവിൽ, തങ്ങളെ ആക്രമിക്കാൻ വരുന്ന നായ്ക്കളെ ഓടിക്കാൻ വേണ്ടിയാണ് ഈ ആയുധം എടുത്തതെന്നും മറ്റാരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചല്ല ഇതെന്നും അവർ പറഞ്ഞു. ക്ലാസ് മുറികളിലേക്ക് വരെ തെരുവുനായ്ക്കൾ കയറി കുട്ടികളെ കടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ താൻ തന്നെ നേരിട്ട് രംഗത്തിറങ്ങുകയല്ലാതെ മറ്റു വഴികളില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, തെരുവുനായ്ക്കളെ ഓടിക്കാൻ ക്ലാസ് മുറിയിൽ കത്തിയുമായി ഇരിക്കുന്നത് ശരിയല്ലെന്നും കുട്ടികളുടെ അടുത്ത് ഇത്രയും മൂർച്ചയേറിയ ആയുധങ്ങൾ സൂക്ഷിക്കുന്നത് അപകടമാണെന്നും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. തെരുവുനായ ശല്യം പരിഹരിക്കാൻ അധികാരികളുടെ സഹായത്തോടെയുള്ള കൂടുതൽ ഫലപ്രദമായ മാർഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും, അധ്യാപികയുടെ ഇത്തരം പ്രവർത്തികളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്നും ആളുകൾ കമന്റുകളിലൂടെ പ്രതികരിക്കുന്നു.

സ്കൂളിൽ എത്തുന്നതിന് മുൻപ് ശിഖ സിംഗ് ഒന്നുരണ്ട് രക്ഷിതാക്കൾക്ക് നേരെ ഈ ആയുധങ്ങൾ കാണിച്ചതായി പരാതിയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂളിലെ മറ്റ് അധ്യാപകരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ശിഖ സിംഗിന്റെ ഭർത്താവുമായി സംസാരിച്ചപ്പോൾ, അവർക്ക് ചില മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് അദ്ദേഹം അറിയിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ജില്ലാ ബേസിക് എഡ്യൂക്കേഷൻ ഓഫീസർ കമലേന്ദ്ര കുശ്വാഹ അറിയിച്ചു. പ്രിൻസിപ്പലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവരെ സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *