Oddly News

വിശ്വസിച്ചാലും ഇല്ലെങ്കിലും! ഒരു മലമ്പാമ്പിനെ തന്നാൽ വലിയൊരു പിസ്സ ഫ്രീ! റെസ്റ്റോറന്റിന്റെ ഓഫർ കേട്ട് ഞെട്ടി ലോകം

ഫ്ലോറിഡയിലെ ഒരു റെസ്റ്റോറന്റ് ഉടമ മലമ്പാമ്പുകൾക്ക് (പൈത്തൺ) പകരമായി ആളുകൾക്ക് സൗജന്യ പിസ്സ നൽകുന്നു. ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് സിറ്റിയിലെ റെസ്റ്റോറന്റ് ഉടമയായ ഡസ്റ്റിൻ ക്രം ആണ് ഈ അപൂർവ്വ പദ്ധതിക്ക് തുടക്കമിട്ടത്. മലമ്പാമ്പുകളെ പണത്തിന് പകരമായി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ റെസ്റ്റോറന്റ് ഉടമ താനാണെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു.

ഒരു പൈത്തൺ വേട്ടക്കാരൻ കൂടിയായ ഡസ്റ്റിന് ‘ഫ്ലോറിഡ പൈത്തൺ ചലഞ്ച്’ എന്ന മത്സരത്തിൽ നിന്നാണ് ഈ ആശയം ലഭിച്ചത്. കാടുകളിൽ നിന്ന് ഏറ്റവും കൂടുതൽ മലമ്പാമ്പുകളെ പിടികൂടുന്നവർക്ക് 10,000 ഡോളർ വരെ സമ്മാനം നൽകുന്നതാണ് ഈ മത്സരം. പലരും പാമ്പുകളെ പിടികൂടിയ ശേഷം എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കാറുണ്ട്. അങ്ങനെ നിയമപരവും ക്രൂരമല്ലാത്തതുമായ രീതിയിൽ കൊന്ന മലമ്പാമ്പുകളെ റെസ്റ്റോറന്റിൽ എത്തിക്കുന്നവർക്ക് അവർക്കിഷ്ടമുള്ള ഒരു വലിയ സ്പെഷ്യാലിറ്റി പിസ്സ തികച്ചും സൗജന്യമായി നൽകുമെന്ന് ഡസ്റ്റിൻ പറയുന്നു. പ്രാദേശികരായ യുവാക്കൾ പലരും ഇപ്പോൾ പാമ്പുകളെ കൊണ്ടുവന്ന് പിസ്സ വാങ്ങിപ്പോകാറുണ്ട്.

ഇങ്ങനെ കൊണ്ടുവരുന്ന പാമ്പുകളുടെ ഒരു ഭാഗവും ഇദ്ദേഹം കളയാറില്ല. പാമ്പിന്റെ കൊഴുപ്പ് ഉപയോഗിച്ച് സ്കിൻ ഓയിലുകളും സോപ്പുകളും നിർമ്മിക്കുമ്പോൾ, എല്ലുകൾ ആഭരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. പാമ്പിന്റെ ഇറച്ചി പിസ്സയിൽ ടോപ്പിംഗ് ആയും ഉപയോഗിക്കാറുണ്ട്. എന്നാൽ ലൈസൻസുള്ള കശാപ്പുകാരല്ല ഇത് തയ്യാറാക്കുന്നത് എന്നതിനാൽ നിയമപരമായ കാരണങ്ങളാൽ പാമ്പിറച്ചി ചേർത്ത പിസ്സ വിൽക്കാൻ ഇദ്ദേഹത്തിന് അനുമതിയില്ല. അതുകൊണ്ട് ഇത്തരം പിസ്സകൾ ആളുകൾക്ക് സൗജന്യമായാണ് നൽകാറുള്ളത്. പാമ്പിറച്ചിക്ക് പ്രത്യേക രുചിയാണെന്നും ഇത് കൂടാതെ ഉടുമ്പിന്റെ (ഇഗ്വാന) ഇറച്ചി ചേർത്ത പിസ്സയും തന്റെ റെസ്റ്റോറന്റിൽ ലഭിക്കുമെന്നും ഡസ്റ്റിൻ പറയുന്നു.

ഫ്ലോറിഡയിൽ മലമ്പാമ്പുകളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്നത് പതിറ്റാണ്ടുകളായി വലിയൊരു പ്രശ്നമാണ്. 1970-കളിൽ തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് ഇവിടെയെത്തിയ ഈ പാമ്പുകളുടെ എണ്ണം ഇപ്പോൾ മൂന്ന് ലക്ഷത്തോളമായിട്ടുണ്ടെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. ഇവ അവിടുത്തെ പ്രാദേശിക ജീവികളെ വേട്ടയാടുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുകയും ചെയ്യുന്നു. ഒരു പെൺപാമ്പ് ഒറ്റത്തവണ 70 മുട്ടകൾ വരെ ഇടാറുണ്ട്. കൂടാതെ ഇവയ്ക്ക് 20 അടിയിലധികം നീളം വയ്ക്കുകയും ചെയ്യും. ഈ വിനാശകാരികളായ പാമ്പുകളെ കാടുകളിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് ഫ്ലോറിഡ ഭരണകൂടം എല്ലാ വർഷവും ‘പൈത്തൺ ചലഞ്ച്’ നടത്തുന്നത്. ഈ സാഹചര്യത്തിൽ, ഡസ്റ്റിന്റെ ഈ വേറിട്ട ഓഫർ ആളുകൾക്ക് സൗജന്യ പിസ്സ നൽകുക മാത്രമല്ല, ഫ്ലോറിഡയിലെ പാമ്പ് ശല്യം കുറയ്ക്കാനുള്ള ഒരു വ്യത്യസ്ത ശ്രമം കൂടിയായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *