Featured Good News

സംസാരശേഷിയും കേൾവിയുമില്ല; കനത്ത ട്രാഫിക്കിലൂടെ ബൈക്കോടിച്ചെത്തുന്ന ഫുഡ് ഡെലിവറി എക്സിക്യൂട്ടീവ്; കയ്യടിച്ച് സോഷ്യൽ മീഡിയ- വീഡിയോ

ഒരു ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന്റെ (ഫുഡ് ഡെലിവറി എക്സിക്യൂട്ടീവ്) വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോള്‍ വൈറല്‍. അജയ്പാൽ റാത്തോഡ് എന്ന വ്യക്തി പങ്കുവെച്ച വീഡിയോയിൽ, സംസാരിക്കാനും കേൾക്കാനും വൈകല്യമുള്ള ഡെലിവറി എക്സിക്യൂട്ടീവ് ഭക്ഷണവുമായി അപ്പാർട്ട്മെന്റിന്റെ ലോബിയിൽ കാത്തുനിൽക്കുന്നത് കാണാം. ശാരീരികമായ വെല്ലുവിളികൾ ഉണ്ടെങ്കിലും, മുഖത്ത് പുഞ്ചിരിയോടെയും ശാന്തനായും അദ്ദേഹം ഭക്ഷണം കൈമാറുന്ന കാഴ്ച സോഷ്യൽ മീഡിയ ഉപയോക്താക്കളെ പ്രചോദിപ്പിച്ചു.

പല സൊസൈറ്റികളിലും പതിവുള്ളതുപോലെ, രാത്രി വൈകിയായതിനാൽ അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ഈ ഡെലിവറി എക്സിക്യൂട്ടീവിനെ ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിച്ചില്ല എന്ന് റാത്തോഡ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. മറ്റ് ജീവനക്കാരെപ്പോലെ തന്നെ പൂനെയിലെ കനത്ത ട്രാഫിക്കിലൂടെ യാത്ര ചെയ്താണ് അദ്ദേഹം തനിക്ക് ഭക്ഷണം എത്തിച്ചു നൽകിയതെന്നും, ഇത് തന്നെ ഏറെ ചിന്തിപ്പിച്ചുവെന്നും റാത്തോഡ് പ്രശംസിച്ചു.

“ഞാൻ ഇന്ന് ഭക്ഷണം ഓർഡർ ചെയ്തിരുന്നു. അത് വാങ്ങാൻ താഴേക്ക് ചെന്നപ്പോഴാണ് സെക്യൂരിറ്റി ചേട്ടൻ പറയുന്നത് ഡെലിവറി പാർട്ണർക്ക് സംസാരിക്കാനോ കേൾക്കാനോ കഴിയില്ലെന്ന്. എന്നിട്ടും അദ്ദേഹം പൂനെയിലെ ട്രാഫിക്കിലൂടെ വണ്ടി ഓടിച്ച്, വിലാസം വായിച്ചു പിടിച്ച്, മുഖത്ത് പുഞ്ചിരിയോടെ ഭക്ഷണം എത്തിച്ചു തന്നു. അതേ ജോലി, അതേ തിരക്ക്, ബൈക്കോടിക്കുന്ന മറ്റേതൊരാളെയും പോലെയുള്ള അതേ മാനസിക സമ്മർദ്ദം,” റാത്തോഡ് വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

“നമ്മളെപ്പോലുള്ള മറ്റുള്ളവരെ തടഞ്ഞുനിർത്തുന്നത് എന്താണ് എന്നൊരു ചോദ്യമാണ് ഇത് എന്നിലുണ്ടാക്കിയത്? നമുക്ക് എല്ലാ ഇന്ദ്രിയങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്, എങ്കിലും ഒഴികഴിവുകൾക്ക് കുറവുമില്ല. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുക തന്നെ വേണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹത്തോട് ആശയവിനിമയം നടത്തുന്നതിനായി താൻ വീഡിയോ പെട്ടെന്ന് അവസാനിപ്പിക്കുകയും ഫോണിലെ ‘നോട്ട്സ്’ ആപ്പിൽ ചില കാര്യങ്ങൾ ടൈപ്പ് ചെയ്ത് കാണിക്കുകയും ചെയ്തതായി റാത്തോഡ് പറഞ്ഞു. ആ മനുഷ്യന്റെ ജീവിതകഥ പൂർണ്ണമായി അറിയില്ലെങ്കിലും, അദ്ദേഹത്തെ വീണ്ടും കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റാത്തോഡ്.

ഈ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് ഡെലിവറി എക്സിക്യൂട്ടീവിന്റെ കഠിനാധ്വാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. “ശരിക്കും അഭിനന്ദനാർഹമാണ്, ഇങ്ങനെയുള്ള ആളുകൾ എനിക്ക് വലിയ പ്രചോദനമാണ്,” എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, “ശരീരത്തിന് യാതൊരു കുഴപ്പവുമില്ലാതെ തെരുവിൽ ഭിക്ഷ യാചിക്കുന്ന ആളുകളേക്കാൾ ആയിരം മടങ്ങ് ഭേദമായി ജോലി ചെയ്യുന്ന ഈ വ്യക്തിക്ക് എന്റെ സല്യൂട്ട്,” എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

മുംബൈയിൽ നിന്നുള്ള മറ്റൊരാൾ പങ്കുവെച്ചത് ഇങ്ങനെയാണ്: “മുംബൈയിൽ സൈക്കിൾ വീൽചെയർ ഉപയോഗിക്കുന്ന ഒരു ഡെലിവറി ജീവനക്കാരനുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹം എനിക്ക് ഭക്ഷണം എത്തിച്ചു തന്നിരുന്നു. ഞങ്ങളുടെ ലിഫ്റ്റുകൾക്ക് അല്പം വേഗത കുറവായതിനാൽ അദ്ദേഹം താഴെ വളരെ ക്ഷമയോടെ കാത്തുനിന്നു. ഫുഡ് ഡെലിവറി ഒരു ജോലിയല്ല എന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയാണിത്; ഈ ജോലി ചെയ്ത് അന്തസ്സോടെ ജീവിക്കുന്നവരോട് ചോദിച്ചാൽ ഇതിന്റെ വില മനസ്സിലാകും.”

Leave a Reply

Your email address will not be published. Required fields are marked *