Oddly News

1100 രൂപ പെൻഷൻ വാങ്ങാൻ ചെന്ന വയോധികൻ ഞെട്ടി; അക്കൗണ്ടിലെത്തിയത് 759 കോടി! തീര്‍ന്നില്ല, മകന്റെ അക്കൗണ്ടിലും കോടികള്‍!

ബാങ്കിൽ നിന്ന് ആയിരം രൂപ പിൻവലിക്കാൻ ചെന്നപ്പോൾ അക്കൗണ്ടിൽ ദാ കിടക്കുന്നു 700 കോടിയിലധികം രൂപ! കേൾക്കുമ്പോൾ തന്നെ വിചിത്രമായി തോന്നുന്ന കാര്യം. എന്നാൽ ഒരു സ്വപ്നം പോലെ തോന്നിക്കുന്ന ഈ സംഭവം ബീഹാറിലുള്ള 82 വയസ്സുകാരനായ ഒരു വൃദ്ധന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.

ബീഹാറിലെ മുസാഫർപൂർ സ്വദേശിയായ കാമേശ്വർ മിശ്ര എന്നയാൾ തന്റെ അക്കൗണ്ടിൽ നിന്ന് 1100 രൂപ പിൻവലിക്കാനായി ഒരു അക്ഷയ കേന്ദ്രത്തിന് സമാനമായ കോമൺ സർവീസ് സെന്ററിൽ ചെന്നതായിരുന്നു. എന്നാൽ അവിടെ ചെന്ന് നോക്കിയപ്പോൾ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ 759,69,51,951 രൂപ (ഏകദേശം 759 കോടി രൂപ) ഉള്ളതായി കണ്ടു.

സ്വാഭാവികമായും ഈ തുക കണ്ട് അദ്ദേഹം അത്ഭുതപ്പെടുകയും ആശയക്കുഴപ്പത്തിലാവുകയും ഒപ്പം സന്തോഷിക്കുകയും ചെയ്തു. ഞായറാഴ്ച തന്റെ വാർദ്ധക്യകാല പെൻഷൻ വാങ്ങാനായാണ് മിശ്ര ഈ കേന്ദ്രത്തിൽ എത്തിയത്. കൂടെ പെൻഷൻ ആനുകൂല്യമുള്ള അദ്ദേഹത്തിന്റെ ഭിന്നശേഷിക്കാരനായ മകനും ഉണ്ടായിരുന്നു. എന്നാൽ അച്ഛന്റെ അക്കൗണ്ടിലെ തുക കണ്ട് ഞെട്ടിയ ഇരുവരെയും കാത്തിരുന്നത് മറ്റൊരു അത്ഭുതമായിരുന്നു; മകന്റെ ബാങ്ക് അക്കൗണ്ടിലും സമാനമായ രീതിയിൽ കോടികൾ വന്നിട്ടുണ്ടായിരുന്നു.

ഒരു കവി കൂടിയായ മിശ്ര അക്കൗണ്ടിലെ ബാക്കി തുക പരിശോധിച്ചപ്പോഴാണ് ഈ വിചിത്രമായ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ബാങ്കിലുണ്ടായ എന്തോ സാങ്കേതിക തകരാർ കാരണമാകാം ഇത്രയും വലിയ തുക അക്കൗണ്ടിൽ കാണിച്ചതെന്നാണ് കരുതുന്നത്. ഈ വൻതുക കണ്ട് അവിടുത്തെ കമ്പ്യൂട്ടർ ഓപ്പറേറ്ററും അത്ഭുതപ്പെട്ടു. തുടർന്ന് ഇത് ബാങ്കിന്റെ എന്തെങ്കിലും പിഴവാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് മൂവരും അന്വേഷിച്ചു.

പിന്നീട് മിശ്ര ബാങ്കുമായി ബന്ധപ്പെടുകയും ഈ വിഷയത്തിൽ അന്വേഷണം നടത്താൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങൾ അറിയണം എന്നതുകൊണ്ടാണ് താൻ ഈ വിവരം പുറത്തുവിട്ടതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഈ തെറ്റ് തിരുത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിൽ ബാങ്ക് അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. തെറ്റിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഈ വാർത്ത സോഷ്യൽ മീഡിയയിൽ പടർന്നതോടെ ഇന്റർനെറ്റ് ലോകം ഒന്നടങ്കം അത്ഭുതപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *