Spotlight

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിലെ ‘മുഖംമൂടി ധരിച്ചയാൾ’ മുജ്തബ ഖമനേയിയല്ല, ഇദ്ദേഹമാണ്…

ടെഹ്‌റാൻ: യു.എസ്-ഇസ്രയേൽ സഖ്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ മുഖംമറച്ച് പങ്കെടുത്ത വ്യക്തിയെക്കുറിച്ച് പരന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമമായി. ഖമനേയിയുടെ മകനും അദ്ദേഹത്തിന്റെ പിൻഗാമിയുമായ മൊജ്തബ ഖമനേയിയാണ് സുരക്ഷാ കാരണങ്ങളാൽ മുഖംമറച്ച് എത്തിയതെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ പ്രചരിച്ച വാർത്ത. ഇസ്രയേലിന്റെയോ അമേരിക്കയുടെയോ ഭാഗത്തുനിന്ന് വധശ്രമം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മൊജ്തബ കറുത്ത മാസ്കും തൊപ്പിയും ധരിച്ച് പിതാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തതെന്നായിരുന്നു ആളുകൾ വിശ്വസിച്ചിരുന്നത്.

ഒരാഴ്ചയോളം നീണ്ടുനിന്ന ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം കഴിഞ്ഞ ദിവസം നടന്ന സംസ്കാര പ്രാർത്ഥനയ്ക്കിടെ, ഈ മുഖംമൂടിധാരിക്ക് മുൻനിരയിൽ തന്നെ പ്രത്യേക സ്ഥാനം നൽകിയതാണ് സംശയങ്ങൾ കൂടുതൽ ശക്തമാക്കിയത്. ചടങ്ങിൽ കുടുംബാംഗങ്ങൾക്കൊപ്പം ചേർന്ന് മൃതദേഹ പേടകം ചുമക്കാനും ഈ വ്യക്തി മുന്നിലുണ്ടായിരുന്നു. ഇതാണ് ആളുകളിൽ വലിയ രീതിയിലുള്ള ആകാംക്ഷയ്ക്കും ചർച്ചകൾക്കും വഴിതുറന്നത്.

എന്നാൽ, സംസ്കാരച്ചടങ്ങിൽ എത്തിയ ആ മുഖംമൂടിധാരി മൊജ്തബ ഖമനേയിയല്ലെന്ന് പ്രമുഖ ഇറാൻ വാർത്താ ഏജൻസിയായ ഇറാൻ ഇന്റർനാഷണൽ വ്യക്തമാക്കിയതോടെയാണ് ഈ അഭ്യൂഹങ്ങൾക്ക് അവസാനമായത്. അലി ഖമനേയിയുടെ ചെറുമക്കളിൽ ഒരാളായ മുഹമ്മദ് ജവാദ് ഖമനേയിയായിരുന്നു മാസ്ക് ധരിച്ച് ചടങ്ങിൽ പങ്കെടുത്തതെന്ന് വാർത്താ ഏജൻസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *