കുടുംബാംഗങ്ങളെ പൂർണ്ണമായി ഒഴിവാക്കി, തന്റെ കുട്ടിക്കാലത്തെ സുഹൃത്തിന് ഏകദേശം 20 ദശലക്ഷം യുവാൻ (ഏകദേശം 28 കോടി രൂപ) വിലമതിക്കുന്ന മുഴുവൻ സ്വത്തുക്കളും എഴുതിവെച്ച് ഒരു 19-കാരൻ തയ്യാറാക്കിയ വിൽപത്രം ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഷാങ്ഹായിൽ നിന്നുള്ള ലീ എന്ന് പേരുള്ള ഈ വിദ്യാർത്ഥി അടുത്തിടെയാണ് തന്റെ വിൽപത്രം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്. മാതാപിതാക്കളുടെ വിവാഹമോചനത്തിനും അവരുടെ പുനർവിവാഹത്തിനും ശേഷം തനിക്ക് ലഭിച്ച ഒരു ഫ്ലാറ്റും സമ്പാദ്യവുമാണ് ഈ സ്വത്തുക്കളെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
തന്റെ വ്യക്തിപരമായ കാരണങ്ങളും ഒപ്പം പ്രായോഗികമായ ചിന്തകളും കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ലീ പറയുന്നു. കടുത്ത സാഹസിക വിനോദങ്ങളിൽ (Extreme sports) സ്ഥിരമായി ഏർപ്പെടുന്ന ആളാണ് താനെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ ആഗ്രഹപ്രകാരം സ്വത്തുക്കൾ വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനാണ് ഇതെന്നും അവൻ വ്യക്തമാക്കുന്നു.
മാതാപിതാക്കൾ പുനർവിവാഹം കഴിച്ചതോടെ അവരുടെ പുതിയ പങ്കാളികൾ തനിക്ക് അപരിചിതരാണെന്നും, ഭാവിയിൽ അവർക്ക് ഈ സ്വത്തിന്റെ പ്രയോജനം ലഭിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ലി കൂട്ടിച്ചേർത്തു. അതിനുപകരമാണ് വർഷങ്ങളായി തനിക്ക് ഏറെ വിശ്വാസമുള്ള കുട്ടിക്കാലത്തെ സുഹൃത്തിന് എല്ലാം നൽകാൻ അവൻ തീരുമാനിച്ചത്.
ചൈനയിലെ നിയമപ്രകാരം ലീക്ക് പങ്കാളിയോ കുട്ടികളോ ഇല്ലാത്തതിനാൽ സാധാരണ ഗതിയിൽ മാതാപിതാക്കളാണ് നിയമപരമായ അവകാശികൾ. എന്നാൽ നിയമസാധുതയുള്ള ഒരു വിൽപത്രത്തിലൂടെ സ്വന്തം കുടുംബത്തിന് പുറത്തുള്ള ഒരാൾക്കും സ്വത്തുക്കൾ എഴുതിവെക്കാൻ ചൈനീസ് നിയമം അനുവദിക്കുന്നുണ്ട്.
ഷാങ്ഹായിലെ ചൈന വിൽ രജിസ്ട്രേഷൻ സെന്ററിലാണ് ലീ ഈ രേഖ രജിസ്റ്റർ ചെയ്തത്. കേന്ദ്രത്തിന്റെ നിയമപ്രകാരം, വിൽപത്രം തയ്യാറാക്കിയ ആൾ മരിച്ച് 60 ദിവസത്തിനകം ഈ സ്വത്ത് സ്വീകരിക്കുന്നതായി ഗുണഭോക്താവ് ഔദ്യോഗികമായി അറിയിക്കണം, അല്ലാത്തപക്ഷം ഈ അവകാശം നഷ്ടപ്പെടും.
ഈ സംഭവം ചൈനയിലെ ഒരു പുതിയ പ്രവണതയെക്കൂടിയാണ് ചൂണ്ടിക്കാണിക്കുന്നത്. അടുത്ത കാലത്തായി യുവാക്കൾക്കിടയിൽ വിൽപത്രം തയ്യാറാക്കുന്ന ശീലം വർദ്ധിച്ചുവരുന്നതായും, വിൽപത്രം രജിസ്റ്റർ ചെയ്യുന്നവരുടെ ശരാശരി പ്രായം 77-ൽ നിന്ന് 67 ആയി കുറഞ്ഞതായും ചൈന വിൽ രജിസ്ട്രേഷൻ സെന്റർ വ്യക്തമാക്കുന്നു. 1980-കളിലും 90-കളിലും 2000-ത്തിനു ശേഷവും ജനിച്ച പുതിയ തലമുറ തങ്ങളുടെ സ്വത്തുക്കളെക്കുറിച്ച് കൃത്യമായ ആസൂത്രണം നടത്തുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ലീയുടെ ഈ തീരുമാനം ഇന്റർനെറ്റിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. ഭാവി മുൻകൂട്ടി കണ്ട് നിയമപരമായ അവകാശങ്ങൾ കൃത്യമായി ഉപയോഗിച്ചതിന് ചിലർ അവനെ അഭിനന്ദിക്കുമ്പോൾ, സ്വന്തം കുടുംബത്തെ ഒഴിവാക്കി സുഹൃത്തിനെ തിരഞ്ഞെടുത്തത് എന്തിനാണെന്ന് മറ്റ് ചിലർ ചോദ്യം ചെയ്യുന്നു.




