Oddly News

ഇതൊക്കെയെന്ത്? വെള്ളപ്പൊക്കത്തില്‍ IIT ക്യാമ്പസ് മുങ്ങിയപ്പോൾ കിടിലൻ ഐഡിയയുമായി വിദ്യാർത്ഥികൾ! വീഡിയോ

ശക്തമായ കാലവർഷക്കേടുതിയെത്തുടർന്ന് ഐഐടി റൂർക്കി കാമ്പസിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായെങ്കിലും, വിദ്യാർത്ഥികൾ ഈ പ്രതിസന്ധിയെ നേരിടാൻ ഒരു വേറിട്ട വഴി കണ്ടെത്തി. കാമ്പസിലെ വെള്ളക്കെട്ടുള്ള പ്രദേശം മുറിച്ചുകടക്കാൻ ഒരു താൽക്കാലിക ഫ്ലോട്ടിങ് പ്ലാറ്റ്‌ഫോം (ഫ്ലോട്ട്) ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത് നിരവധി ആളുകളിൽ ചിരിയുണർത്തുകയും അതോടൊപ്പം വലിയ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുന്നു.

വെള്ളത്തിൽ മുങ്ങിയ റോഡിലൂടെ നടന്നുപോകുന്നതിന് പകരം, വലിയൊരു ഫ്ലോട്ടിങ് ഷീറ്റിന് മുകളിൽ നിരവധി വിദ്യാർത്ഥികളും ജീവനക്കാരും കുടയും ചൂടി നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. രണ്ട് പേർ നീളമുള്ള വലിയ കോലുകൾ ഉപയോഗിച്ച് തുഴഞ്ഞാണ് ഈ താൽക്കാലിക ഫ്ലോട്ട് മുന്നോട്ട് നീക്കുന്നത്. ‘ബണ്ടി ഔർ ബബ്ലി’ എന്ന ചിത്രത്തിലെ ‘ധഡക് ധഡക്’ എന്ന ഗാനം പശ്ചാത്തലത്തിൽ ചേർത്താണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തുടർച്ചയായി പെയ്ത കനത്ത മഴയിൽ ക്യാമ്പസിൽ കടുത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് ഹോസ്റ്റൽ ഏരിയയിൽ നിന്നും ക്യാമ്പസിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ ഈ താൽക്കാലിക സംവിധാനം ഒരുക്കിയത്. ഈ മാർഗ്ഗം ഉപയോഗിച്ചാണ് മെസ്സ് ജീവനക്കാർ ഹോസ്റ്റൽ അടുക്കളയിൽ എത്തിയതും വെള്ളപ്പൊക്കത്തിനിടയിലും വിദ്യാർത്ഥികൾക്ക് കൃത്യമായി ഭക്ഷണം തയ്യാറാക്കി നൽകിയതും.

ക്യാമ്പസിലെ ഈ വേറിട്ട കാഴ്ച സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിച്ചു. കഠിനമായ സാഹചര്യങ്ങളിലും വിദ്യാർത്ഥികൾ കാണിച്ച ബുദ്ധിയെയും അതിജീവന ശേഷിയെയും നിരവധി പേർ അഭിനന്ദിച്ചു. ഇന്ത്യയിലെ മുൻനിര എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ ഐഐടിയുടെ ക്യാമ്പസ് കണ്ടാൽ ഇപ്പോൾ ഒരു ബോട്ടിംഗ് കേന്ദ്രം പോലെയാണ് തോന്നുന്നതെന്ന രീതിയിലുള്ള തമാശരൂപേണയുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും പെയ്യുന്ന കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിന്റെ തുടർച്ചയായാണ് ഐഐടി റൂർക്കി ക്യാമ്പസിലും വെള്ളപ്പൊക്കമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *