ഈ മാസം ആദ്യം നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നടൻ ആമിർ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായി. മുംബൈ പാലി ഹില്ലിലെ ആമിറിന്റെ വാടകവീട്ടിൽ വെച്ചായിരുന്നു സ്വകാര്യ ചടങ്ങുകൾ നടന്നത്. ഇപ്പോൾ തന്റെ പുതിയ കുടുംബത്തിനായി വലിയൊരു ഭാവി പദ്ധതി തയ്യാറാക്കുകയാണ് താരം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുംബൈയിലെ മറീന അപ്പാർട്ട്മെന്റ് പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന അത്യാധുനിക ‘സ്കൈ വില്ല’യിലാണ് ആമിറും ഗൗരിയും അവരുടെ കുടുംബവും താമസിക്കാൻ ഒരുങ്ങുന്നത്. നൂറ് കോടിയിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ ആഡംബര ഭവനത്തിൽ ആമിറിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും താമസസൗകര്യം ഉണ്ടാകും.
മുംബൈയിലെ ഖാർ ഏരിയയിലുള്ള യൂണിയൻ പാർക്കിലെ മറീന അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് ആമിർ ഖാന്റെയും ഗൗരിയുടെയും ഈ പുതിയ സ്ഥിരതാമസം ഒരുങ്ങുന്നത്. മറീന കോംപ്ലക്സിൽ വർഷങ്ങളായി ആമിറിന് സ്വന്തമായി ഫ്ലാറ്റുകളുണ്ട്. അദ്ദേഹത്തിന്റെ കസിൻ മൻസൂർ ഖാന്റെ ബംഗ്ലാവിന് അടുത്തുള്ള ഈ ശാന്തമായ പ്രദേശം ആമിറിന് ഏറെ പ്രിയപ്പെട്ടതാണ്. 2030-ഓടെ മാത്രം നിർമ്മാണം പൂർത്തിയാകുമെന്ന് കരുതുന്ന ഈ ബഹുനില മന്ദിരത്തിൽ തന്റെ ഭാവി വീടിനായുള്ള പദ്ധതികൾ ആമിർ ഇതിനകം തന്നെ ഉറപ്പിച്ചു കഴിഞ്ഞു.
ഈ കെട്ടിടത്തിൽ ഏതാണ്ട് പന്ത്രണ്ടോളം അപ്പാർട്ട്മെന്റുകൾ ആമിറിന് സ്വന്തമായുണ്ടാകും. ഇതിന്റെ ഏറ്റവും മുകളിലത്തെ മൂന്ന് നിലകൾ കൂട്ടിച്ചേർത്താണ് ആഡംബര സ്കൈ വില്ല നിർമ്മിക്കുന്നത്. ഇവിടെയായിരിക്കും ആമിറും ഗൗരിയും ഗൗരിയുടെ ആദ്യവിവാഹത്തിലെ മകൻ ക്വിന്നും താമസിക്കുക. മുംബൈയിലെ ഏറ്റവും ആഡംബരമുള്ള സെലിബ്രിറ്റി വീടുകളിൽ ഒന്നായിരിക്കും ഇത്. സിനിമ, കായികം, ബിസിനസ്സ് രംഗത്തെ സുഹൃത്തുക്കൾക്കായി ചെറിയ പാർട്ടികൾ നടത്തുന്ന ശീലമുള്ളതിനാൽ, ഈ വില്ലയിലെ ഒരു നില പൂർണ്ണമായും സ്വകാര്യ പാർട്ടികൾക്കും കുടുംബ ആഘോഷങ്ങൾക്കുമായി മാത്രമായി നീക്കിവെക്കും.
തന്റെ വലിയ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ഇതേ കെട്ടിടത്തിൽ തന്നെ താമസമൊരുക്കാനാണ് ആമിർ ലക്ഷ്യമിടുന്നത്. ആദ്യ ഭാര്യ റീന ദത്തയിലുള്ള മകനും നടനുമായ ജുനൈദ് ഖാന് വേണ്ടി കെട്ടിടത്തിലെ ഒരു നില മാറ്റിവെച്ചിട്ടുണ്ട്. മുൻഭാര്യയും സിനിമാസംവിധായികയുമായ കിരൺ റാവുവിനും മകൻ ആസാദ് റാവു ഖാനും വേണ്ടിയും ഫ്ലാറ്റുകൾ ഇവിടെ മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം. കൂടാതെ ആമിറിന്റെ അമ്മ സീനത്ത് ഹുസൈൻ, സഹോദരിമാരായ നിഖാത് ഖാൻ, ഫർഹത് ദത്ത എന്നിവർക്കും ഈ സമുച്ചയത്തിൽ അപ്പാർട്ട്മെന്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങൾക്കായി ഈ അധിക ഫ്ലാറ്റുകൾ വാങ്ങുന്നതിനായി ആമിർ ഇതിനകം 100 കോടിയിലധികം രൂപ അഡ്വാൻസായി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആമിർ ഖാൻ ഈ വാർത്തകളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ജൂലൈ 5-നായിരുന്നു ആമിർ ഖാന്റെയും ഗൗരി സ്പ്രാറ്റിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. വലിയ ആഡംബരങ്ങൾ ഒഴിവാക്കി ലളിതമായ പരമ്പരാഗത വസ്ത്രങ്ങളാണ് ഇരുവരും വിവാഹത്തിന് ധരിച്ചിരുന്നത്.
ആമിർ ഖാന്റെ ആദ്യ വിവാഹം റീന ദത്തയുമായായിരുന്നു. ഈ ബന്ധത്തിൽ ഇറാ ഖാൻ, ജുനൈദ് ഖാൻ എന്നീ രണ്ട് മക്കളുണ്ട്. 2002-ൽ ഇവർ വേർപിരിഞ്ഞ ശേഷം ആമിർ കിരൺ റാവുവിനെ വിവാഹം കഴിച്ചു. 2021-ൽ ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചെങ്കിലും മകൻ ആസാദ് റാവു ഖാന്റെ കാര്യങ്ങൾ ഇരുവരും ചേർന്നാണ് നോക്കുന്നത്.




