വിംബിൾഡൺ 2026 പുരുഷ സിംഗിൾസ് സെമി ഫൈനലിൽ യാനിക് സിന്നറോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റതോടെ, റെക്കോർഡായ ഇരുപത്തിയഞ്ചാം ഗ്രാൻഡ്സ്ലാം കിരീടമെന്ന നൊവാക് ജോക്കോവിച്ചിന്റെ സ്വപ്നം പൊലിഞ്ഞു. ഈ മത്സരഫലം വാർത്തകളിൽ നിറഞ്ഞെങ്കിലും, മത്സരത്തിനിടയിൽ ജോക്കോവിച്ചിനെക്കുറിച്ച് ഉയർന്ന മറ്റൊരു കാര്യമാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്.
മത്സരത്തിനിടയിൽ ഈ ടെന്നീസ് താരത്തിന്റെ ചെവിയിൽ ചെറിയ ഒട്ടിക്കുന്ന പശ പോലുള്ള അടയാളങ്ങളും പാച്ചുകളും ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കു വഴിവെച്ചു. കളി കാണാനിറങ്ങിയ ജോക്കോവിച്ചിന് പരിക്കേറ്റതാണോ അതോ ഇത് വല്ല മെഡിക്കൽ ടേപ്പുമാണോ എന്നായിരുന്നു ഭൂരിഭാഗം പേരുടെയും സംശയം. എന്നാൽ ഇത് ‘ഇയർ സീഡ്സ്’ (Ear seeds) എന്നറിയപ്പെടുന്ന ഒരു ആരോഗ്യ സംരക്ഷണ രീതിയാണെന്ന് പിന്നീട് വ്യക്തമായി. കായികതാരങ്ങൾക്കിടയിലും ഫിറ്റ്നസ് പ്രേമികൾക്കിടയിലും ഇപ്പോൾ ഈ രീതിക്ക് വലിയ പ്രചാരമുണ്ട്.
പരമ്പരാഗത ചൈനീസ് ചികിത്സാ രീതിയിൽ നിന്നും ചെവി കേന്ദ്രീകരിച്ചുള്ള അക്യുപ്രഷർ വിദ്യയിൽ നിന്നും രൂപംകൊണ്ട ഒന്നാണ് ഇയർ സീഡിങ്. സൂചികൾ ഉപയോഗിക്കാതെ ചെയ്യുന്ന ഒരു ചികിത്സയാണിത്. അക്യുപങ്ചർ സൂചികൾക്ക് പകരം ചെറിയ വിത്തുകളോ ലോഹ മുത്തുകളോ സിറാമിക് ഉരുളകളോ ചെറിയ പശ ടേപ്പുകൾ ഉപയോഗിച്ച് ചെവിയുടെ പുറംഭാഗത്തുള്ള പ്രത്യേക പ്രഷർ പോയിന്റുകളിൽ ഒട്ടിച്ചു വെക്കുന്നതാണ് ഈ രീതി.
ഒരു വ്യക്തിയുടെ ആരോഗ്യ ആവശ്യങ്ങൾ അനുസരിച്ച് വിദഗ്ദ്ധനായ ഒരു ചികിത്സകൻ ആദ്യം ചെവിയിലെ പ്രഷർ പോയിന്റുകൾ കണ്ടെത്തുന്നു. ചെവി വൃത്തിയാക്കിയ ശേഷം ഈ ചെറിയ വിത്തുകളോ മുത്തുകളോ കൃത്യമായ സ്ഥാനങ്ങളിൽ ഒട്ടിച്ചു വെക്കും. സാധാരണയായി മൂന്ന് മുതൽ അഞ്ച് ദിവസങ്ങൾ വരെയും ചിലപ്പോൾ ഒരാഴ്ച വരെയും ഇവ ചെവിയിൽ നിലനിർത്താറുണ്ട്. ഈ ദിവസങ്ങളിൽ, പ്രഷർ പോയിന്റുകളെ ഉത്തേജിപ്പിക്കുന്നതിനായി ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഈ വിത്തുകളിൽ 10 മുതൽ 30 സെക്കൻഡ് വരെ പതുക്കെ അമർത്തേണ്ടതുണ്ട്. പണ്ട് കാലങ്ങളിൽ വാക്കേറിയ (Vaccaria) എന്ന ചെടിയുടെ വിത്തുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നതെങ്കിൽ, ഇന്ന് സ്റ്റെയിൻലെസ് സ്റ്റീൽ, കാന്തിക മുത്തുകൾ, അല്ലെങ്കിൽ 24 കാരറ്റ് സ്വർണ്ണം കൊണ്ടുള്ള മുത്തുകൾ എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നത്.
ശരീരത്തിന്റെ പൊതുവായ ആരോഗ്യം നിലനിർത്താനാണ് ഈ തെറാപ്പി പ്രധാനമായും ഉപയോഗിക്കുന്നത്. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും, നല്ല ഉറക്കം ലഭിക്കാനും, തലവേദന, കഴുത്ത് വേദന, സന്ധി വേദന എന്നിവയ്ക്ക് ആശ്വാസം നൽകാനും, അമിത വിശപ്പ് നിയന്ത്രിക്കാനും ഇയർ സീഡിങ് സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് ഉപയോഗിച്ച പലർക്കും നല്ല അനുഭവങ്ങളാണ് ഉള്ളതെങ്കിലും, ഇതിന്റെ ഫലം വ്യക്തികൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്നും ഇവയുടെ എല്ലാ ഗുണങ്ങളും തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ ഇപ്പോഴും പരിമിതമാണെന്നുമാണ് വിദഗ്ദ്ധരുടെ പക്ഷം.




