Oddly News

കാൽവിരലിൽ കടിച്ചുണർത്തിയ പ്രണയഗാഥ! 7 വർഷം കോമയിലായിരുന്ന ഭർത്താവിനെ ജീവനിലേക്ക് മടക്കിക്കൊണ്ടുവരാൻ ഭാര്യ ചെയ്തത്

ഒരു വലിയ അപകടത്തെത്തുടർന്ന് ഏഴ് വർഷത്തോളമായി അബോധാവസ്ഥയിലായിരുന്ന ഭർത്താവിനെ കഠിനശ്രമത്തിലൂടെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന ഒരു ഭാര്യയുടെ കഥ ചൈനയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ്. ബോധം തിരിച്ചുകിട്ടിയ ഉടനെ ഭർത്താവ് ഭാര്യയോട് പറഞ്ഞത് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്നാണ്.

ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള 45-കാരിയായ സോങ് മെയ് ആണ്, 2019 മുതൽ അബോധാവസ്ഥയിലായിരുന്ന ഭർത്താവ് ഷാവോ ജിൻക്വിയാനെ വർഷങ്ങളോളം പരിചരിച്ച് ജീവിതത്തിലേക്ക് മടുക്കിക്കൊണ്ടുവന്നത്. ഒരു മൂന്ന് വയസ്സുകാരന്റെ ജീവൻ രക്ഷിക്കുന്നതിനിടയിലാണ് ഷാവോയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

ഒരു വാട്ടർപ്രൂഫിംഗ് തൊഴിലാളിയായ ഷാവോ, വെയർഹൗസിന്റെ മേൽക്കൂരയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ മുകളിലേക്ക് കയറിയതായിരുന്നു. കുട്ടിയെയും കൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിനിടയിൽ ആറ് മീറ്റർ ഉയരത്തിൽ നിന്ന് അദ്ദേഹം താഴേക്ക് വീണു. വീഴ്ചയുടെ ആഘാതത്തിൽ നിന്ന് കുട്ടിയെ രക്ഷിക്കാൻ അദ്ദേഹം തന്റെ ശരീരം കൊണ്ട് കുട്ടിയെ പൊതിഞ്ഞുപിടിച്ചു. കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഷാവോയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ശരീരത്തിൽ പലയിടത്തും ഒടിവുകൾ സംഭവിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഇനി ബോധം തിരിച്ചുകിട്ടാൻ സാധ്യത വളരെ കുറവാണെന്നായിരുന്നു ഡോക്ടർമാർ അന്ന് പറഞ്ഞത്.

എന്നാൽ പിന്മാറാൻ തയ്യാറാകാതിരുന്ന സോങ്, ഭർത്താവിന്റെ പരിചരണത്തിനായി തന്റെ ജീവിതം മാറ്റിവെച്ചു. ദിവസവും ഭക്ഷണം നൽകുന്നതിനും വ്യായാമം ചെയ്യിക്കുന്നതിനും അദ്ദേഹത്തോട് സംസാരിക്കുന്നതിനും പുറമെ, അദ്ദേഹത്തിന്റെ നാഡികളെ ഉത്തേജിപ്പിക്കുന്നതിനായി സോങ് സ്ഥിരമായി അദ്ദേഹത്തിന്റെ കാൽവിരലുകളിൽ കടിക്കുമായിരുന്നു. വർഷങ്ങൾ നീണ്ട ഈ കഠിനമായ പരിചരണത്തിനൊടുവിൽ ഷാവോ പതുക്കെ പ്രതികരിക്കാൻ തുടങ്ങി. ഒടുവിൽ, ഭാര്യയെ നോക്കി അദ്ദേഹം പതുക്കെ “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറഞ്ഞതോടെ ആ കാത്തിരിപ്പ് സഫലമായി.

ഈ അപകടത്തിന് മുൻപ് വളരെ ലളിതമായ ജീവിതമായിരുന്നു ഈ ദമ്പതികൾ നയിച്ചിരുന്നത്. ഒരു കിന്റർഗാർട്ടൻ ആർട്ട് അധ്യാപികയായിരുന്ന സോങ് പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി ചിത്രരചന പഠിപ്പിച്ചിരുന്നു. സ്വന്തം വരുമാനം കുറവാണെങ്കിൽ പോലും ഒരു മലയോര ഗ്രാമത്തിലെ കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള സഹായം ഷാവോയും നൽകിയിരുന്നു. ഇവരുടെ ഈ സ്നേഹത്തിന്റെ കഥ ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് വൈറലാകുന്നത്. സോങ്ങിന്റെ അചഞ്ചലമായ സ്നേഹത്തെയും കുട്ടിയെ രക്ഷിച്ച ഷാവോയുടെ ധീരതയെയും നെറ്റിസൺസ് ഒന്നടങ്കം പ്രശംസിക്കുകയാണ്. യഥാർത്ഥ സ്നേഹത്തിന്റെ നിർവചനമാണ് സോങ് എന്നാണ് ആളുകൾ ഈ ദമ്പതികളെക്കുറിച്ച് വിശേഷിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *