ഫോക്സ്പ്രോ (യു.എസ്.എ.): ബോസ്റ്റണിലെ ഗില്ലെറ്റ് സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ കളത്തിലിറങ്ങുമ്പോള്‍ മൊറോക്കോയുടെ ലക്ഷ്യം പഴയ തോല്‍വിക്ക് പകരം വീട്ടലാണ്. 2022-ലെ ലോകകപ്പ് സെമി ഫൈനലില്‍ മൊറോക്കോയുടെ കുതിപ്പിന് ഫ്രാന്‍സായിരുന്നു തടയിട്ടത്. അന്ന് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട വിജയിച്ചത്. ഖത്തര്‍ ലോകകപ്പില്‍ ‘അറ്റ്ലസ് ലയണ്‍സ്’ എന്ന പേരില്‍ എതിരാളികളുടെ പേടിസ്വപ്നമായി മാറിയ മൊറോക്കോ, ഇത്തവണയും തങ്ങളുടെ മികച്ച ഫോം തുടരുകയാണ്.
പരിശീലകന് മുഹമ്മദ് ഖാഭിയുടെ കീഴില്‍ കരുത്തുറ്റ ആക്രമണ നിരയുമായാണ് ആഫ്രിക്കന്‍ വമ്പന്മാര് എത്തിയിരിക്കുന്നത്. കിരീടസാധ്യത കല്‍പ്പിച്ചിരുന്ന നെതര്‍ലന്‍ഡ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അട്ടിമറിച്ച അവര്‍, പ്രീ ക്വാര്‍ട്ടറില്‍ കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
മറുഭാഗത്ത് പരിശീലകന് ദിദിയര്‍ ദെഷാംപ്സിന്റെ കീഴിലിറങ്ങുന്ന ഫ്രാന്‍സും മികച്ച ഫോമിലാണ്. കളിച്ച കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും വിജയം നേടിയാണ് അവരും വരുന്നത്. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ നേതൃത്വത്തിലുള്ള മുന്നേറ്റ നിരയും ശക്തമായ പ്രതിരോധവുമാണ് ഫ്രാന്‍സിന്റെ കരുത്ത്. ഈ ലോകകപ്പില്‍ ഇതുവരെ രണ്ട് ഗോളുകള്‍ മാത്രമാണ് ഫ്രഞ്ച് പ്രതിരോധം വഴങ്ങിയിട്ടുള്ളത്.
പരാഗ്വേയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലും എംബാപ്പെയുടെ തകര്‍പ്പൻ പ്രകടനമാണ് ഫ്രാന്‍സിന് തുണയായത്. നിലവില്‍ ഏഴ് ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ്പ് സ്കോററായ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തിലാണ്. പി.എസ്.ജി. ക്ലബ്ബില്‍ ഒരുമിച്ച് കളിക്കുന്ന മൊറോക്കോ നായകന് അഷ്റാഫ് ഹാക്കിമിയും എംബാപ്പെയും അടുത്ത സുഹൃത്തുക്കളാണ് എന്ന പ്രത്യേകതയുമുണ്ട്.
മിഡ്ഫീല്‍ഡിലൂടെ കളി മെനയുന്ന മൊറോക്കൻ ശൈലിയെ തകര്‍ക്കാന്‍ എംബാപ്പെ, ഒസ്മാനെ ഡെംബലെ, ബ്രാഡ്ലി ബാര്‍കോള തുടങ്ങിയ ഫ്രഞ്ച് താരങ്ങള്‍ക്ക് കഠിനമായി അധ്വാനിക്കേണ്ടി വരും. എന്നാല്‍, മധ്യനിരയിലെ പ്രധാനിയായ ഔറേലിയന്‍ ചൗയാമെനിയുടെ പരുക്ക് ഫ്രാന്‍സിന് തിരിച്ചടിയാണ്. കാല്‍ത്തുടയിലെ പരുക്ക് ഭേദമാകാത്ത ചൗയാമെനിക്ക് പകരം മാനു കോനെയായിരിക്കും ഇത്തവണ ആദ്യ ഇലവനില്‍ ഇറങ്ങുക. അതേസമയം, മികച്ച ഫോമിലുള്ള സ്ട്രൈക്കര്‍ ഇസ്മായില്‍ സായ്ബാറിയുടെ പരുക്കാണ് മൊറോക്കോയെ അലട്ടുന്നത്. കാല്‍ത്തുടയിലെ പരുക്ക് കാരണം സായ്ബാറിക്ക് ഇന്ന് കളിക്കാനാകില്ല. കൂടാതെ, കാനഡയ്ക്കെതിരായ മത്സരത്തില്‍ പരുക്കേറ്റ ഡിഫെൻഡർ ചാഡി റിയാദും ഇന്നത്തെ മത്സരത്തിനുണ്ടാകില്ല എന്നത് മൊറോക്കോയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.



