Oddly News

‘അനിയാ… നില്‍… ബംഗളൂരു ട്രാഫിക്കിനെ 40 മിനിറ്റ് നിശ്ചലമാക്കി മൂർഖൻ പാമ്പ്! വീഡിയോ വൈറൽ!

തിരക്കേറിയ ജീവിതത്തിനു പേരുകേട്ട നഗരമാണ് ബെംഗളൂരു. മണിക്കൂറുകൾ നീളുന്ന വൻ ട്രാഫിക് ബ്ലോക്കുകളുടെ പേരിൽ മറ്റ് നഗരങ്ങളിലുള്ളവർ പലപ്പോഴും ബെംഗളൂരുവിനെ കളിയാക്കാറുമുണ്ട്. എന്നാൽ ഇത്തരം തിരക്കേറിയ ഒരു റോഡിലേക്ക് ഒരു മൂർഖൻ അപ്രതീക്ഷിതമായി കടന്നുവന്നാൽ എന്തായിരിക്കും അവസ്ഥ? ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം അത്തരമൊരു സംഭവം നടന്നു. ജൂലൈ 7-ന് വൈകുന്നേരം നഗരത്തിലെ പാലസ് റോഡിലാണ് യാത്രക്കാരെ ആകെ പരിഭ്രാന്തിയിലാഴ്ത്തിക്കൊണ്ട് അപ്രതീക്ഷിതമായി ഒരു ‘അതിഥി’ എത്തിയത്.

എക്സിൽ (ട്വിറ്റർ) പങ്കുവെച്ച ഒരു വീഡിയോയിൽ, പാലസ് റോഡിന് നടുവിലായി പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനെ കാണാം. ഏകദേശം 30 മുതൽ 40 മിനിറ്റോളം ഈ പാമ്പ് റോഡിൽ തന്നെ നിലയുറപ്പിച്ചു. പാമ്പ് റോഡിൽ നിന്ന് മാറിപ്പോകുന്നതുവരെ വാഹനയാത്രക്കാർക്ക് കാത്തുനിൽക്കേണ്ടി വന്നതിനാൽ പ്രദേശത്ത് വലിയ രീതിയിൽ ഗതാഗതം തടസ്സപ്പെട്ടു.

അപൂർവ്വമായ ഈ സംഭവം ഓൺലൈനിൽ വൈറലായതോടെ നിരവധി പേരാണ് തങ്ങളുടെ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. “ബെംഗളൂരു ട്രാഫിക്കിലേക്ക് ഇന്നലെ പുതിയൊരു വിഐപി എത്തിയിരിക്കുന്നു, പാലസ് റോഡിൽ ഒരു മൂർഖൻ പാമ്പ്,” എന്ന് ഒരു ഉപയോക്താവ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

“ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ, പത്തി വിടർത്തിപ്പിടിച്ച് 30 മിനിറ്റ് വൈകുന്നേരത്തെ ധ്യാനത്തിനായി റോഡിന് നടുവാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് ആ പാമ്പ് തീരുമാനിച്ചതായി തോന്നുന്നു,” എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. പാമ്പ് ഒരിഞ്ചുപോലും മാറാതെ നിന്നതോടെ വാഹനങ്ങൾക്ക് വേഗത കുറയ്‌ക്കേണ്ടി വന്നു. ബെംഗളൂരുവിന് ഇതിലും മികച്ചൊരു ട്രാഫിക് കൺട്രോളറെ കിട്ടാനില്ലെന്നാണ് പലരും തമാശയായി പറഞ്ഞത്.

“ഒടുവിൽ പോലീസ് സ്ഥലത്തെത്തുകയും അപ്രതീക്ഷിതമായി റോഡ് തടസ്സപ്പെടുത്തിയ ആ അതിഥിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. സ്വന്തമായി ഒരു ബിഎംഡബ്ല്യു കാർ പോലുമില്ലാതെ ഒരു മൂർഖൻ പാമ്പിന് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാൻ കഴിയുന്നത് ബെംഗളൂരുവിൽ മാത്രമാണ്,” എന്നും അടിക്കുറിപ്പിൽ പറയുന്നുണ്ടായിരുന്നു. 30-40 മിനിറ്റോളം നീണ്ട തടസ്സങ്ങൾക്ക് ശേഷം, വിവരം ലഭിച്ചയുടൻ പോലീസ് സംഭവസ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി മാറ്റി. കണ്ടുനിന്നവർക്കോ പാമ്പിനോ യാതൊരുവിധ പരിക്കുകളും ഏൽക്കാതെയാണ് ഇതിനെ രക്ഷപ്പെടുത്തിയത്. പാമ്പിനെ റോഡിൽ നിന്ന് മാറ്റിയതോടെ മിനിറ്റുകൾക്കകം ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *