സോഹോ സ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു പരമ്പരാഗത വെള്ള മുണ്ടും ഷർട്ടും ധരിച്ച് ജപ്പാനിൽ ട്രെയിൻ പിടിക്കാനായി ഓടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിദേശയാത്രയ്ക്കിടയിലും ഇന്ത്യൻ വസ്ത്രധാരണം ആത്മവിശ്വാസത്തോടെ കൊണ്ടുനടക്കുന്ന അദ്ദേഹത്തിന്റെ രീതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
പത്മശ്രീ ജേതാവായ ശ്രീധർ വെമ്പു തോളിൽ ഒരു ബാഗും തൂക്കി ജപ്പാനിലെ റെയിൽവേ സ്റ്റേഷനിലൂടെ മറ്റൊരു സുഹൃത്തിനൊപ്പം അതിവേഗ ട്രെയിൻ പിടിക്കാൻ ഓടുന്നതാണ് എക്സിൽ (ട്വിറ്റർ) പങ്കുവെച്ച വീഡിയോയിലുള്ളത്. “ട്രെയിൻ പിടിക്കാനുള്ള ഈ ഓട്ടത്തോളം ജപ്പാനെ മറ്റൊന്നും പ്രതിഫലിപ്പിക്കുന്നില്ല,” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
പതിവ് ബിസിനസ്സ് വസ്ത്രങ്ങൾക്ക് പകരം സ്വന്തം നാടൻ വസ്ത്രത്തിനും സുഖപ്രദമായ ശൈലിക്കും പ്രാധാന്യം നൽകിയ വെമ്പുവിനെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രശംസിച്ചു. മറ്റൊരു രാജ്യത്ത് വെച്ച് മുണ്ട് ഉടുക്കാൻ കാണിച്ച ആത്മവിശ്വാസം വലിയ കാര്യമാണെന്നും, മറ്റുള്ളവരുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് വസ്ത്രം ധരിക്കുന്നതിലല്ല, മറിച്ച് സ്വന്തം വ്യക്തിത്വത്തിൽ അഭിമാനം കൊള്ളുന്നതിലാണ് യഥാർത്ഥ ആത്മവിശ്വാസമെന്നും പലരും കുറിച്ചു. കമന്റുകളിൽ ചെറിയ തമാശകളും നിറഞ്ഞുനിന്നു. ഇന്ത്യൻ സമയക്രമവും ജപ്പാനിലെ കൃത്യനിഷ്ഠയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു ചിലരുടെ തമാശകൾ. മുണ്ടുടുത്ത് ഓടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തിന്റെ ലളിതവും വിനയപൂർവ്വവുമായ പെരുമാറ്റത്തെയും നിരവധി പേർ അഭിനന്ദിച്ചു.
ഗ്രാമീണ ജപ്പാനിലെ ചെറുകിട-ഇടത്തരം വ്യവസായങ്ങളും ഇന്ത്യയിലെ ചെറുകിട നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ബിസിനസ്സുകളും തമ്മിൽ പങ്കാളിത്തം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെമ്പു ജപ്പാൻ സന്ദർശിക്കുന്നത്. മികച്ച ഉൽപ്പാദന പാരമ്പര്യവും വൈദഗ്ധ്യവുമുള്ള കമ്പനികളെ പരസ്പരം ബന്ധിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് വെമ്പു വ്യക്തമാക്കിയിരുന്നു. തമിഴിലെ ‘ആശാരി’ പാരമ്പര്യവും സംസ്കൃതത്തിലെ ‘വിശ്വകർമ്മ’ പാരമ്പര്യവും പോലെ ഇന്ത്യയുടെ സമ്പന്നമായ കൈവേല പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് വെമ്പു കരുതുന്നത്. പല ചെറുകിട ജാപ്പനീസ് കമ്പനികളും ഇത്തരം പരമ്പരാഗത മൂല്യങ്ങൾ വിജയകരമായി സംരക്ഷിച്ചുപോരുന്നവരാണ്, അതിനാൽ തന്നെ അവർ ഇന്ത്യൻ ഗ്രാമീണ ബിസിനസ്സുകൾക്ക് ഏറ്റവും അനുയോജ്യരായ പങ്കാളികളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




