Featured Fitness

പ്രായം 39, പക്ഷെ ഫിറ്റ്നസ് 20-കാരന്റേത്; മെസ്സിയുടെ ഫിറ്റ്നസിന് പിന്നിലെ ഭക്ഷണ രഹസ്യങ്ങൾ അറിയാം

39-ാം വയസ്സിലും ഫുട്ബോൾ മൈതാനത്ത് മികച്ച ഫിറ്റ്നസ്സും വേഗതയും സ്ഥിരതയും നിലനിർത്തിക്കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ലയണൽ മെസ്സി. വർഷങ്ങൾ നീണ്ട കഠിനമായ പരിശീലനം ഇതിന് പിന്നിലുണ്ടെങ്കിലും, തന്റെ ഭക്ഷണരീതിയിൽ വരുത്തിയ വലിയ മാറ്റങ്ങളും അർജന്റീനിയൻ ഇതിഹാസത്തിന്റെ ഈ വിജയത്തിന് കാരണമാണ്. ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുന്നതും ആരോഗ്യത്തിന് ഉത്തമവുമായ ലളിതമായ ഭക്ഷണങ്ങളാണ് മെസ്സി കഴിക്കുന്നത്. മെസ്സിയുടെ ഫിറ്റ്നസ്സ് നിലനിർത്താൻ സഹായിക്കുന്ന ആ ഭക്ഷണശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

സ്പാനിഷ് പത്രമായ മുൻഡോ ഡിപോർട്ടീവോയുടെ റിപ്പോർട്ട് പ്രകാരം, മെസ്സിയുടെ ഡയറ്റീഷ്യനായ ജിയുലിയാനോ പോസർ അഞ്ച് പ്രധാന ഭക്ഷണങ്ങളാണ് നല്ല ആരോഗ്യത്തിന്റെ അടിത്തറയായി കാണുന്നത്: “വെള്ളം, ഒലീവ് ഓയിൽ, തവിടു കളയാത്ത ധാന്യങ്ങൾ, പുതിയ പഴങ്ങൾ, പച്ചക്കറികൾ”. കീടനാശിനികൾ കലർന്ന ഭക്ഷണങ്ങൾ ശരീരത്തിന് വലിയ ദോഷം ചെയ്യുമെന്നും, അതിനാൽ മികച്ച ഗുണനിലവാരമുള്ള പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കൂടാതെ, പഞ്ചസാരയാണ് ഭക്ഷണത്തിലെ ഏറ്റവും വലിയ വില്ലനെന്ന് പോസർ ചൂണ്ടിക്കാണിക്കുന്നു. പഞ്ചസാര പേശികളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതുപോലെ തന്നെ ശരീരം ദഹിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുന്ന ഒന്നായതുകൊണ്ട് മൈദ പോലുള്ള ശുദ്ധീകരിച്ച മാവുകളുടെ ഉപയോഗം കുറയ്ക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു. മെസ്സി മാംസാഹാരം കഴിക്കാറുണ്ടെങ്കിലും അതിന്റെ അളവ് വളരെ കുറവാണ്. കൂടുതൽ മാംസാഹാരം കഴിക്കുന്നത് ദഹനം പ്രയാസകരമാക്കും.

2014-ലെ ഫിഫ ലോകകപ്പിന് ശേഷമാണ് മെസ്സി തന്റെ ഭക്ഷണരീതിയിൽ വലിയൊരു മാറ്റം വരുത്തിയത്. ഡോക്ടർ പോസറുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ കരിയറിലെ നീണ്ടകാല ഫിറ്റ്നസ്സ് ലക്ഷ്യമിട്ടുള്ള ഡയറ്റിലേക്ക് മെസ്സി മാറി. പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കി വിറ്റാമിനുകൾ, ധാന്യങ്ങൾ, പച്ചക്കറികൾ, മീൻ, ഒലീവ് ഓയിൽ എന്നിവയടങ്ങിയ ഭക്ഷണങ്ങൾ അദ്ദേഹം ശീലമാക്കി. ഇത് കൂടുതൽ കഠിനമായി പരിശീലനം നടത്താൻ മെസ്സിയെ സഹായിച്ചു. ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുന്നതും അദ്ദേഹത്തിന്റെ രീതിയാണ്. കടുത്ത നിയന്ത്രണങ്ങൾക്ക് പകരം നല്ല ഗുണനിലവാരമുള്ള സമീകൃതാഹാരം കൃത്യമായി കഴിക്കുക എന്നതാണ് മെസ്സിയുടെ നയം.

ഇത്രയൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടും മെസ്സി ഒരിക്കലും ഉപേക്ഷിക്കാത്ത ഒന്നാണ് ‘യെർബ മാറ്റെ’ (yerba mate) എന്ന പരമ്പരാഗത തെക്കേ അമേരിക്കൻ പാനീയം. പണ്ട് താൻ ഇത് മധുരം ചേർത്താണ് കുടിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ മധുരമില്ലാത്ത കയ്പ്പുള്ള മാറ്റെ കുടിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും മെസ്സി പറഞ്ഞിട്ടുണ്ട്.

ഭക്ഷണത്തിൽ കർശനമായ അച്ചടക്കം പുലർത്തുമ്പോഴും ലളിതമായ നാടൻ ഭക്ഷണങ്ങളോടുള്ള ഇഷ്ടം മെസ്സി മറച്ചുവെച്ചിട്ടില്ല. പാസ്ത, മിലനേസ (ഒരു തരം ഇറച്ചി വിഭവം), റോസ്റ്റ് എന്നിവയെല്ലാം തനിക്ക് പ്രിയപ്പെട്ടതാണെന്ന് മെസ്സി വ്യക്തമാക്കിയിട്ടുണ്ട്. വല്ലപ്പോഴും ചോക്ലേറ്റ്, ഐസ്ക്രീം തുടങ്ങിയ മധുരപലഹാരങ്ങളും പിസ്സയും അദ്ദേഹം കഴിക്കാറുണ്ട്. എങ്കിലും കൃത്യമായ അളവിലും മികച്ച ഗുണനിലവാരത്തിലുമുള്ള ഭക്ഷണശീലമാണ് ഫുട്ബോൾ ലോകത്ത് ഇത്രയും നീണ്ടൊരു കരിയർ നിലനിർത്താൻ മെസ്സിയെ സഹായിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *