അമേരിക്കയിലെ വലിയ ശമ്പളമുള്ള ജോലി വേണ്ടെന്നുവെച്ച്, രോഗബാധിതരായ മാതാപിതാക്കളെ പരിചരിക്കാൻ നാട്ടിൽ തന്നെ തുടർന്ന ഐഐടി ബോംബെ (IIT Bombay) ബിരുദധാരിയുടെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വിവേക് ശർമ്മ എന്ന യുവാവിന്റെ ഈ കഥ ‘വിവേക് ഓൾവെയ്സ്’ എന്ന എക്സ് (X) ഉപയോക്താവാണ് പങ്കുവെച്ചത്. ഇതോടെ വിജയം, കുടുംബം, ജീവിതത്തിലെ മുൻഗണനകൾ എന്നിവയെക്കുറിച്ച് വലിയൊരു ചർച്ച തന്നെ ഇന്റർനെറ്റിൽ ആരംഭിച്ചിരിക്കുകയാണ്.
ഐഐടി ബോംബെയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ സ്വർണ്ണപ്പതക്കത്തോടെ പാസ്സായ വിവേകിന്, സാൻ ഫ്രാൻസിസ്കോയിലുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനിയിൽ നിന്ന് പ്രതിവർഷം 2.9 കോടി രൂപ (2,40,000 ഡോളർ) ശമ്പളമുള്ള ജോലി വാഗ്ദാനം ലഭിച്ചിരുന്നു. വിസ സ്പോൺസർഷിപ്പും മറ്റ് ആനുകൂല്യങ്ങളും അടങ്ങുന്നതായിരുന്നു ഈ ഓഫർ. എന്നാൽ കാൺപൂരിലുള്ള തന്റെ മാതാപിതാക്കളുടെ ആരോഗ്യം പെട്ടെന്ന് മോശമായതോടെ വിവേക് ഈ വലിയ അവസരം വേണ്ടെന്നുവെക്കുകയായിരുന്നു.
കാൺപൂരിലെ ഒരു സാധാരണ മധ്യവർഗ്ഗ കുടുംബത്തിലാണ് വിവേക് വളർന്നത്. അച്ഛൻ റെയിൽവേ ക്ലർക്കായിരുന്നു, അമ്മ ട്യൂഷൻ എടുത്താണ് കുടുംബത്തെ സഹായിച്ചിരുന്നത്. മകന് മികച്ച വിദ്യാഭ്യാസം നൽകാനായി അവർ തങ്ങളുടെ സമ്പാദ്യമെല്ലാം ഉപയോഗിക്കുകയും ആഭരണങ്ങൾ വിൽക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളുടെ ഈ കഷ്ടപ്പാടുകൾക്ക് ഫലമുണ്ടായി; വിവേക് മികച്ച മാർക്കോടെ പഠിച്ചിറങ്ങുകയും വിദേശത്ത് ജോലി നേടുകയും ചെയ്തു. എന്നാൽ അമേരിക്കയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് അച്ഛന് ഹൃദയാഘാതമുണ്ടാവുകയും അമ്മയ്ക്ക് സ്തനാർബുദം (breast cancer) സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, വലിയ കരിയർ ഉപേക്ഷിച്ച് മാതാപിതാക്കളുടെ കൂടെ നിൽക്കാനാണ് വിവേക് തീരുമാനിച്ചത്.
നാട്ടിൽ തുടർന്ന വിവേക് ആദ്യം ഒരു പ്രാദേശിക സോഫ്റ്റ്വെയർ ജോലി നോക്കിയെങ്കിലും കുടുംബത്തിലെ സാമ്പത്തിക ആവശ്യങ്ങൾ കൂടിയപ്പോൾ വീടിന് താഴെ ‘ശർമ്മ ജനറൽ സ്റ്റോർ’ എന്ന പേരിൽ ഒരു ചെറിയ പലചരക്ക് കട തുടങ്ങി. ഉയർന്ന വിദ്യാഭ്യാസം നേടിയ ഒരാൾ പലചരക്ക് കട തുടങ്ങിയത് പലരെയും അത്ഭുതപ്പെടുത്തിയെങ്കിലും, പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തെ സഹായിക്കാനും മാതാപിതാക്കളുടെ കൂടെ സമയം ചെലവഴിക്കാനും ഇത് വിവേകിനെ സഹായിച്ചു. പിന്നീട് മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെട്ടപ്പോൾ കട നടത്തുന്നതോടൊപ്പം പാവപ്പെട്ട കുട്ടികളെ കോഡിംഗ് പഠിപ്പിക്കാനും രാത്രികാലങ്ങളിൽ ഫ്രീലാൻസ് സോഫ്റ്റ്വെയർ ജോലികൾ ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി.
വർഷങ്ങൾക്ക് ശേഷം, വിവേക് മുൻപ് നിരസിച്ച അതേ അന്താരാഷ്ട്ര കമ്പനി അദ്ദേഹത്തെ വീണ്ടും സമീപിച്ചു. ഇത്തവണ അമേരിക്കയിലേക്ക് മാറുന്നതിന് പകരം, കാൺപൂരിൽ ഇരുന്ന് തന്നെ അവരുടെ വിദ്യാഭ്യാസ പദ്ധതികളിൽ പങ്കാളിയാകാൻ കമ്പനി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇത് സാങ്കേതികവിദ്യയും അധ്യാപനവും കുടുംബജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് അവസരമൊരുക്കി.
ഈ വൈറൽ വാർത്തയുടെ സത്യാവസ്ഥ പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആയിരക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിക്കാൻ ഈ കഥയ്ക്ക് കഴിഞ്ഞു. വിജയം എന്നത് കേവലം വലിയ ശമ്പളത്തിലോ വിദേശ ജോലിയിലോ മാത്രമല്ലെന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ വിവേക് വികാരങ്ങൾക്ക് അടിപ്പെട്ട് വലിയൊരു കരിയർ അവസരമാണ് നഷ്ടപ്പെടുത്തിയത് എന്ന് വാദിച്ചവരും കുറവല്ല. എങ്കിലും വിജയത്തിന്റെ നിർവചനം ഓരോരുത്തർക്കും വ്യത്യസ്തമാണെന്നും കുടുംബത്തോടുള്ള ഉത്തരവാദിത്തം കരിയറിലെ നേട്ടങ്ങൾ പോലെ തന്നെ പ്രധാനമാണെന്നുമാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.




