Crime

തലമുണ്ഡനം ചെയ്ത്, നഗ്നയാക്കി ചെരുപ്പുമാലയണിച്ച് നടുറോഡിലൂടെ നടത്തിച്ചു! യുവതിയോട് ഭർതൃവീട്ടുകാരുടെ ക്രൂരത

ഭോപ്പാൽ∙ മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്വത്തുതർക്കത്തെ തുടർന്ന് യുവതിയോട് ഭർതൃവീട്ടുകാർ അതിക്രൂരമായി പെരുമാറി. യുവതിയുടെ തലമുടി മുറിച്ചുമാറ്റുകയും വിവസ്ത്രയാക്കിയ ശേഷം ചെരുപ്പുമാല ധരിപ്പിച്ച് തെരുവിലൂടെ നടത്തുകയും ചെയ്തെന്നാണ് പരാതി. അർനിയ വേന ഗ്രാമത്തിലെ ജാർദ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ 3 പേരെ അറസ്റ്റ് ചെയ്തതായും ഒളിവിലുള്ള മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

ഇതേ ഗ്രാമത്തിലുള്ള ഒരാളെയായിരുന്നു യുവതി ആദ്യം വിവാഹം കഴിച്ചിരുന്നത്. എന്നാൽ പിന്നീട് മറ്റൊരാളുമായി പ്രണയത്തിലായതോടെ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചു. തുടർന്ന് 2023-ൽ പുതിയ പങ്കാളിയെ വിവാഹം കഴിച്ച് ഇൻഡോറിലെ ഒരു വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. ഭർത്താവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വിഹിതം ആവശ്യപ്പെട്ട് യുവതി കുടുംബവീട്ടിൽ എത്തിയതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്.

പരാതിയിൽ പറയുന്നതനുസരിച്ച്, ജൂൺ 30ന് രാവിലെ ഒമ്പതരയോടെ യുവതി താമസിച്ചിരുന്ന മുറിയുടെ വാതിൽ പൊളിച്ച് കുടുംബത്തിലെ ചിലർ അകത്തുകയറി. തുടർന്ന് യുവതിയുടെ മുടിയിൽ പിടിച്ച് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ യുവതിയെ നിലത്ത് അമർത്തിപ്പിടിച്ചുവെച്ച സമയത്ത് മറ്റുള്ളവർ ചേർന്ന് തുടർച്ചയായി ചവിട്ടുകയും ഇടിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.

ആക്രമണത്തിനിടയിൽ പ്രതികൾ യുവതിയുടെ മുടി മുറിച്ചു കളയുകയും വസ്ത്രങ്ങൾ കീറിപ്പറിച്ച് ചെരുപ്പുമാല കഴുത്തിൽ അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച ഭർത്താവിനെയും സംഘം മർദിച്ചതായി പരാതിയിൽ പറയുന്നു. തങ്ങളെ കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും ദമ്പതികൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *