ന്യൂഡല്‍ഹി: ദൈവം തരുന്ന അവസരങ്ങള്‍ എങ്ങിനെയാണ് മുതലാക്കേണ്ടത് എന്നതിന്റെ ഏറ്റവും വലിയ പാഠമാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പൊന്നുംവിലയുള്ള താരമായി മാറിയിരിക്കുന്ന മുഹമ്മദ് ഷമിയുടേത്. ലോകകപ്പില്‍ ആദ്യനാലു മത്സരങ്ങള്‍ ബഞ്ചിലിരുന്ന ശേഷം ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി അഞ്ചാം മത്സരം മുതല്‍ ഇറങ്ങിയ ഷമി ഇപ്പോള്‍ ലോകറെക്കോഡിട്ട ബൗളറായി ഏറ്റവും വേണ്ടപ്പെട്ടവനായി.
ന്യൂസിലന്റിനെതിരേയുള്ള മത്സരത്തിനായി ടീമിലേക്ക് കൊണ്ടുവന്ന ഷമി അവസരം കൃത്യമായി മുതലെടുത്തതോടെ വെറും മൂന്ന് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ നേടിയ വലംകൈയന്‍ പേസര്‍ ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായി മാറി. ലോകകപ്പില്‍ താരത്തിന്റെ വിക്കറ്റ് നേട്ടം 45 ആയി. ലോകകപ്പുകളില്‍ 44 വിക്കറ്റുകള്‍ നേടിയ ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവരുടെ സംയുക്ത റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്. ഷമി വെറും 14 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. സഹീറിനും ശ്രീനാഥിനും ഈ നേട്ടം സ്വന്തമാക്കാന്‍ 23, 34 മത്സരങ്ങള്‍ വേണ്ടി വന്നു.
ധര്‍മശാലയില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ 54 റണ്‍സിന് അഞ്ചു വിക്കറ്റ് നേടിയ ഷമി മാന്‍ ഓഫ് ദി മാച്ച് പുരസ് കാരത്തിനും അര്‍ഹനായിരുന്നു. ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരെ 4/22 എന്ന മികച്ച പ്രകടനവും നടത്തിയ അദ്ദേഹം ശ്രീലങ്കയ്‌ക്കെതിരെ വെറും 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തു. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പമാണ് ഷമിയുടെ നേട്ടം. ടീം ഇന്ത്യയെ 302 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടാനും സെമി ഫൈനല്‍ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമായി മാറ്റാനും ഷമിയുടെ ബൗളിംഗ് ഗുണം ചെയ്തു. ടീം ഇന്ത്യയുടെ ബൗളിംഗിന്റെ കുന്തമുനയാകാന്‍ ഷമിക്ക് വെറും മൂന്ന് മത്സരങ്ങള്‍ തന്നെ ധാരാളമായിരുന്നു.