ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ആൻസി സോജന് ചരിത്ര നേട്ടം. ലോങ് ജമ്പിൽ 22 വർഷമായി തകരാതെ കിടന്ന അഞ്ജു ബോബി ജോർജിന്റെ ദേശീയ റെക്കോർഡാണ് തൃശ്ശൂർ സ്വദേശിയായ ആൻസി മറികടന്നത്.
മത്സരത്തിൽ 6.88 മീറ്റർ ദൂരം ചാടിയാണ് ആൻസി ഈ പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവ് കൂടിയായ താരം ഈ തകർപ്പൻ പ്രകടനത്തോടെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതയും ഉറപ്പാക്കി.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ആൻസി കാഴ്ചവെച്ചത്. ആദ്യ ശ്രമത്തിൽ തന്നെ 6.73 മീറ്റർ ദൂരം കണ്ടെത്തി താരം നല്ലൊരു തുടക്കം കുറിച്ചിരുന്നു. തുടർന്ന് തന്റെ അഞ്ചാം ശ്രമത്തിലാണ് 6.88 മീറ്റർ എന്ന ചരിത്ര നേട്ടത്തിലേക്ക് ആൻസി പറന്നുയർന്നത്. അവസാന ശ്രമത്തിൽ 6.69 മീറ്റർ ദൂരത്തോടെയാണ് താരം മത്സരം പൂർത്തിയാക്കിയത്. 2004 ഓഗസ്റ്റ് 27-ന് ഏഥൻസ് ഒളിമ്പിക്സ് ഫൈനലിൽ അഞ്ചാം സ്ഥാനം നേടിയപ്പോൾ അഞ്ജു ബോബി ജോർജ് കുറിച്ച 6.83 മീറ്ററിന്റെ റെക്കോർഡാണ് ആൻസി ഇപ്പോൾ പഴങ്കഥയാക്കിയത്.




