Crime

‘വീട്ടുകാരോട് സംസാരിക്കുന്നതിനേക്കാൾ എളുപ്പം കൊല്ലുന്നത്’; 2,000ത്തിലധികം കോളുകൾ, 238 മണിക്കൂർ സംഭാഷണം, സിയയുടെ വെളിപ്പെടുത്തൽ

പുണെ: കേതൻ അഗർവാൾ കൊലപാതകക്കേസിൽ പ്രതി സിയ ഗോയൽ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കേതനുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറുന്നതിനെക്കുറിച്ച് സ്വന്തം വീട്ടുകാരോട് സംസാരിക്കുന്നതിനേക്കാൾ എളുപ്പം അയാളെ കൊല്ലുന്നതാണെന്ന് തോന്നിയതിനാലാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിയ പോലീസിനോട് സമ്മതിച്ചതായാണ് വിവരം.

വരുന്ന നവംബറിൽ നടക്കേണ്ടിയിരുന്ന വിവാഹം മുടക്കി കുടുംബാംഗങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്താൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് സിയ ചോദ്യംചെയ്യലിൽ പോലീസിനോട് വ്യക്തമാക്കിയത്. സിയയും കാമുകനും കേടിലെ കൂട്ടുപ്രതിയുമായ ചേതൻ ചൗധരിയും ജനുവരി മാസം മുതൽ ഏകദേശം രണ്ടായിരത്തിലധികം തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും പുണെ പോലീസ് അറിയിച്ചു. ഈ ഫോണ്‍വിളികളുടെ ആകെ ദൈർഘ്യം ഏകദേശം 238 മണിക്കൂറാണ്.

നിലവിൽ പുണെ, ലോണാവാല പോലീസ് സംഘങ്ങൾ ആറ് പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി സിയയുടെ മാതാപിതാക്കളെയും സഹോദരൻ സാഹിലിനെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. സഹോദരിയുടെ കാമുകനെ തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന സിയയുടെ സഹോദരൻ സാഹിൽ ഗോയലിന്റെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു സുഹൃത്തിന്റെ ദീപാവലി ആഘോഷത്തിനിടെയാണ് സിയയും ചേതനും തമ്മിൽ അടുത്തതെന്നാണ് സാഹിൽ നൽകിയ മൊഴി.

സഹോദരിക്ക് സമ്മതമല്ലായിരുന്നുവെങ്കിൽ തന്റെ കുടുംബം വിവാഹം വേണ്ടെന്ന് വയ്ക്കുമായിരുന്നുവെന്ന് സാഹിൽ ഗോയൽ പൊലീസിനോട് പറഞ്ഞു. മകൾ ഒരിക്കലും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും ചൗധരിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അമ്മ പൂജ ഗോയൽ നേരത്തെ പറഞ്ഞിരുന്നു.

കൊലപാതകത്തിന് പിന്നിലെ ആസൂത്രണം വ്യക്തമായി തെളിയിക്കുന്നതിനായി പ്രതികളുടെ ഫോണുകളിൽ നിന്നും നീക്കം ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കൂടാതെ ഇരു കുടുംബങ്ങളും തമ്മിലുള്ള വിവാഹ ആലോചനയ്ക്ക് മുൻകൈ എടുത്ത ഇടനിലക്കാരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന കേതൻ അഗർവാൾ ജൂൺ 18-നാണ് ലോഹഗഡ് കോട്ടയിലെ കൊക്കയിൽ വീണ് മരിച്ചത്. എന്നാൽ സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമായിരുന്നു ഇതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *