കാസര്‍ഗോഡ്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അന്തരിച്ച മഞ്ചേശ്വരം മീഞ്ച ചിഗ്‌റുപദവ് സ്വദേശിയായ നാരായണ(64)ന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ സ്വന്തം ബന്ധുക്കൾ ആരും എത്തിയില്ല. ഒടുവില്‍ ഒരു മകളുടെ സ്ഥാനത്തുനിന്ന് നാരായണന് ചിതയൊരുക്കിയത് ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്‌ബാലാണ്. മുൻപ് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന നാരായണന്‍ വായിൽ കാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു.
നാട്ടിലെ ഒരു കട വരാന്തയില്‍ ആഴ്‌ചകളോളം ഭക്ഷണം പോലും കഴിക്കാതെ കടുത്ത ദുരിതത്തിൽ കഴിഞ്ഞിരുന്ന നാരായണന്റെ അവസ്ഥ വാര്‍ഡ് മെമ്പര്‍ ഷെരിഫ് ചിനാലയാണ് ജില്ലാ പഞ്ചായത്ത് അംഗവും വനിതാ ലീഗ് നേതാവുമായ ഇര്‍ഫാന ഇഖ്‌ബാലിനെ അറിയിക്കുന്നത്. ഉപ്പളയിലെ ഷെയ്‌ഖ് സായിദ് വൃദ്ധ മന്ദിരത്തിന്റെ സ്‌ഥാപക കൂടിയായ ഇര്‍ഫാന ഉടന്‍ തന്നെ സ്‌ഥലത്തെത്തി കാര്യങ്ങൾ നേരിട്ട് കണ്ടു.
തുടർന്ന് ജില്ലാ കലക്‌ടറെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും വിവരങ്ങൾ ബോധിപ്പിച്ച ശേഷം ഷെയ്‌ഖ് സായിദ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകർ നാരായണനെ കുളിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഒരു മാസത്തോളം അവിടെ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ 25-ന് നാരായണന്‍ മരണപ്പെടുന്നത്. മരണവിവരം മഞ്ചേശ്വരം പോലിസ് ബന്ധുക്കളെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും മുന്നോട്ട് വന്നില്ല.
നാരായണന്റെ രണ്ടു ഭാര്യമാരും മക്കളും സഹോദരിയും മൃതദേഹം ഏറ്റെടുത്തു സംസ്‌കരിക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്നും അതിനായി ജില്ലാ പഞ്ചായത്തംഗമായ ഇര്‍ഫാനയ്‌ക്ക് അനുവാദം നൽകുന്നുവെന്നും കാണിച്ച് സമ്മതപത്രം നൽകി ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് മൃതദേഹം വിട്ടുനല്‍കാനുള്ള ഈ സമ്മതപത്രം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് കൈമാറി ഇർഫാന മൃതദേഹം ഏറ്റെടുത്തു. ആംബുലന്‍സില്‍ ഉപ്പളയില്‍ എത്തിച്ച മൃതദേഹം പിന്നീട് ചെറുഗോളി പൊതുശ്‌മാശാനത്തിൽ സംസ്കാരത്തിനായി കൊണ്ടുപോയി.
അവിടെ വെച്ച് ഒരു മകളുടെ സ്‌ഥാനത്തുനിന്ന് ഹൈന്ദവ ആചാര പ്രകാരം ഇര്‍ഫാന ഇഖ്‌ബാല്‍ ചിതയ്‌ക്ക് തീ കൊളുത്തി അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. സാമൂഹിക പ്രവര്‍ത്തകരായ റിയാസ് പിലാത്തറ, മെഹ്‌മൂദ് കൈകമ്പ തുടങ്ങിയവരും ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ ഒപ്പമുണ്ടായിരുന്നു. നിലവിൽ പഞ്ചായത്ത് വികസനകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ കൂടിയായ ഇര്‍ഫാനയുടെ നേതൃത്വത്തിലുള്ള ഷെയ്‌ഖ് സായിദ് വൃദ്ധ മന്ദിരത്തില്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട അമ്പതോളം മാതാപിതാക്കൾക്ക് സംരക്ഷണം നൽകി വരുന്നുണ്ട്.




