Crime Featured

പരസ്ത്രീ ബന്ധം, 30 ലക്ഷത്തിന്റെ ചൂതാട്ടക്കടം, വീട്ടാൻ സ്വത്ത് വിൽക്കാൻ വഴങ്ങാത്ത ഭാര്യയെ വെടിവച്ചു കൊന്നു, ഭർത്താവ് ഒളിവിൽ

ന്യൂഡൽഹി ∙ കുടുംബകലഹത്തെ തുടർന്ന് ഡൽഹിയിൽ 30 വയസ്സുകാരിയെ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. തെക്കേ ഡൽഹിയിലെ സംഗം വിഹാർ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവിനായി അടുക്കളയിൽ റൊട്ടി ഉണ്ടാക്കിക്കൊണ്ടിരിക്കെയാണ് കവിത എന്ന യുവതി കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് ശുഭം രാജ്പുത് നിലവിൽ ഒളിവിലാണ്.

വിവാഹം കഴിഞ്ഞ ഒന്നരവർഷമായി കവിത നിരന്തരമായ ഗാർഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവിന്റെ ക്രൂരതയെക്കുറിച്ച് കവിത തന്റെ കുടുംബത്തോട് പറഞ്ഞിരുന്നെങ്കിലും, സമുദായത്തെയും നാട്ടുകാരെയും ഭയന്ന് ബന്ധം വേർപെടുത്താൻ അവർ തയ്യാറായിരുന്നില്ല.

വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ നടന്ന കൊലപാതക വിവരം രാത്രി 8 മണിയോടെയാണ് കവിതയുടെ കുടുംബം അറിയുന്നത്. കവിതയുടെ ശരീരത്തിൽ നാല് വെടിയുണ്ടകൾ ഏറ്റിരുന്നു. ഇതിൽ ഒന്ന് കൈയിലും രണ്ടെണ്ണം വയറ്റിലും ഒരെണ്ണം കഴുത്തിലുമാണ് കൊണ്ടത്. ഈ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കവിതയുടെ സഹോദരീഭർത്താവ് സുരേഷ് ആരോപിച്ചു. കാരണം, കൃത്യം നടക്കുന്നതിന് ഒരു ദിവസം മുൻപ് ശുഭം തന്റെ അമ്മയെയും സഹോദരനെയും വീട്ടിൽ നിന്ന് മാറ്റി താമസിപ്പിച്ചിരുന്നു.

കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ശുഭത്തിന് കടുത്ത ചൂതാട്ട ശീലമുണ്ടായിരുന്നതായും ഇതിലൂടെ 25 മുതൽ 30 ലക്ഷം രൂപ വരെ കടബാധ്യത വന്നിരുന്നതായും കുടുംബം പറയുന്നു. ഈ വലിയ കടം വീട്ടാനായി കവിതയുടെ പേരിലുള്ള സമാന വിലയുള്ള ഒരു സ്ഥലം വിൽക്കാൻ ശുഭം നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ കവിത ഇതിന് വഴങ്ങിയില്ല.

ഇതിനുപുറമെ ഇതേ പ്രദേശത്തുള്ള മറ്റൊരു സ്ത്രീയുമായി ശുഭത്തിന് ഉണ്ടായിരുന്ന അവിഹിത ബന്ധവും ദമ്പതികൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിച്ചോടിയ ശുഭം രാജ്പുതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതിയുടെ വഴിവിട്ട ബന്ധങ്ങൾ, കടബാധ്യതകൾ, ചൂതാട്ട ശീലം എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *